central

ന്യൂഡൽഹി: ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് രാജ്യം വിട്ട കിംഗ്ഫിഷർ ഉടമ വിജയ് മല്ല്യ, ആയുധ കച്ചവടക്കാരൻ സഞ്ജയ് ഭണ്ഡാരി, വജ്രവ്യാപാരി നീരവ് മോദി തുടങ്ങിയവരെ പിടികൂടാൻ ദേശീയ അന്വേഷണ ഏജൻസികൾ യു.കെയിലേക്ക്. സി.ബി.ഐ, ഇ.ഡി, എൻ.ഐ.എ സംഘമാണ് അന്വേഷണത്തിന് ഒരുങ്ങുന്നത്.

പ്രത്യേക കോടതി സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിച്ച പ്രതികളെ വിട്ടുകിട്ടാൻ ഏറെ നാളായി ശ്രമിക്കുന്നുണ്ടെങ്കിലും യു.കെ കോടതിയിൽ ഫയൽ ചെയ്ത ഹർജിയിലെ നടപടികൾ തുടരുന്നതാണ് തടസം.

മ്യൂച്വൽ ലീ​ഗൽ അസിസ്റ്റൻസ് ഉടമ്പടി പ്രകാരം സാമ്പത്തിക തട്ടിപ്പ് കേസ് പ്രതികളുടെ വിവരങ്ങൾ കൈമാറാൻ ഇന്ത്യയും യു.കെയും തമ്മിൽ ധാരണയുണ്ട്. അതിനാൽ ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മിഷണറോടൊപ്പം യു.കെ അധികൃതരുമായി ചർച്ച നടത്തി പ്രതികളുടെ സ്വത്തു വിവരങ്ങളും ബാങ്ക് ഇടപാട് രേഖകളും ആവശ്യപ്പെടും.

ബ്രിട്ടനിലെ ഇന്ത്യൻ ഹൈകമ്മിഷൻ ആസ്ഥാനം ആക്രമിച്ച് ഇന്ത്യൻ പതാകയെ അപമാനിച്ച ഖലിസ്ഥാൻ ഭീകരർക്കെതിരായ കേസുകളിലും കേന്ദ്ര ഏജൻസികൾ നടപടികൾ തുടരുന്നതിനിടെയാണ് ഉദ്യോ​ഗസ്ഥ സംഘത്തിന്റെ സന്ദർശനം. ഈ കേസും സംഘത്തിന്റെ അന്വേഷണ പരിധിയിലുണ്ട്. പിടികിട്ടാപ്പുള്ളികളെ തിരികെയെത്തിക്കാൻ കേന്ദ്രം നടപടിയെടുക്കുന്നില്ലെന്ന പ്രതിപക്ഷ വിമർശനത്തിന് മറുപടിയായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള കേന്ദ്ര നീക്കം.