
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തൃശൂരിൽ മത്സരിക്കാൻ വെല്ലുവിളിച്ച് ടി എൻ പ്രതാപൻ എം പി. മണിപ്പൂരിലെ പാപക്കറ കീരിടം വച്ചതുകൊണ്ട് കഴുകിക്കളയാൻ കഴിയില്ലെന്നും അദ്ദേഹം വിമർശിച്ചു. തൃശൂർ ലൂർദ്ദ് മാതാ പള്ളിയിൽ മാതാവിന് സുരേഷ് ഗോപി സ്വർണക്കിരീടം സമർപ്പിച്ചത് സംബന്ധിച്ചായിരുന്നു എം പിയുടെ പ്രതികരണം.
'ഇന്ത്യൻ പ്രധാനമന്ത്രി തൃശൂരിൽ യുഡിഎഫിനെതിരെ മത്സരിക്കണമെന്നാണ് ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. പ്രധാനമന്ത്രി മത്സരിക്കാൻ വന്നാലും ഞങ്ങൾ സന്നദ്ധമാണ്. ആരാധനാലയങ്ങളിൽ പോകുന്നതും വഴിപാടുകൾ നടത്തുന്നതും വ്യക്തിപരമായ കാര്യങ്ങളാണ്. ഇന്ത്യൻ പ്രധാനമന്ത്രി രണ്ടാം തവണയും തൃശൂരിലെത്തുമ്പോൾ അദ്ദേഹം മണിപ്പൂരിൽ ഒരു തവണ പോലും പോകാത്തതിൽ അതിയായ സങ്കടമുണ്ട്. മാതാവിന്റെ വിശുദ്ധരൂപം തകർക്കപ്പെട്ട മണിപ്പൂരിലെ വിശ്വാസികളുടെ ഹൃദയവികാരങ്ങൾ തന്നെപ്പോലെയുള്ള ദൈവവിശ്വാസികളുടെ ഉള്ളിലിപ്പോഴുമുണ്ട്. തൃശൂരിലെ വിശ്വാസികളുടെ ഹൃദയത്തിലുമുണ്ട്.
അച്ഛൻമാരെയും കന്യാസ്‌ത്രീകളെയും ആക്ഷേപിച്ചതും വിശ്വാസികളുടെ മനസിലുണ്ട്. അവിടെയൊന്നും ആശ്വസിപ്പിക്കാൻ പ്രധാനമന്ത്രി എത്തിയില്ല. മണിപ്പൂരിലെ പാപക്കറ ഏതെങ്കിലും കിരീടംകൊണ്ടോ വഴിപാടുകൊണ്ടോ കഴുകിക്കളയാൻ ബിജെപിക്കും പ്രധാനമന്ത്രിക്കും കഴിയില്ല. അതിന്റെ വേദന മനസിലാക്കിക്കൊടുക്കാൻ പറ്റിയ സ്ഥലം തട്ടിൽ പിതാവിന്റെ മണ്ണാണ്'- ടി എൻ പ്രതാപൻ പറഞ്ഞു.