
പട്‌ന: സനാതന ധർമ്മത്തെക്കുറിച്ച് നടത്തിയ പരാമർശത്തിൽ തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനു സമൻസ് അയച്ച് കോടതി. ബിഹാറിലെ പട്‌നയിലെ എം.പിമാർക്കും എം.എൽ.എമാർക്കുമെതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് നടപടി. വിചാരണയ്ക്കായി ഫെബ്രുവരി 13ന് കോടതിയിൽ ഹാജരാകണം. രണ്ടു പെറ്റീഷനുകളാണ് ഉദയനിധിക്കെതിരെ സമർപ്പിക്കപ്പെട്ടിരുന്നത്. മഹാവീർ മന്ദിർ ട്രസ്റ്റ് സെക്രട്ടറി കിഷോർ കുണാൽ, പട്‌ന ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ കൗശലേന്ദ്ര നാരായൺ എന്നിവരാണ് ഹർജിക്കാർ. വിവാദ പരാമർശത്തിലൂടെ ഹിന്ദുക്കളുടെ വികാരം മുറിപ്പെടുത്തിയതിന് ഉദയനിധിക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.