pic

വാഷിംഗ്ടൺ: യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിത്വത്തിനുള്ള മത്സരങ്ങളിൽ നിന്ന് ടെക് സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി പിന്മാറി. അയോവ സംസ്ഥാനത്ത് നടന്ന ഉൾപാർട്ടി പോരിൽ (അയോവ കോക്കസ്)​ കനത്ത തിരിച്ചടി നേരിട്ടതോടെയാണ് പിന്മാറ്റം. വമ്പൻ ഭൂരിപക്ഷത്തോടെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അയോവയിൽ ജയിച്ചു. 8,449 വോട്ടോടെ (7.7%) വിവേക് നാലാം സ്ഥാനത്തെത്തിയിരുന്നു.

ട്രംപിന് പിന്തുണ നൽകുമെന്ന് വിവേക് വ്യക്തമാക്കി. ഒഹായോയിലെ സിൻസിനാറ്റിയിൽ ജനിച്ചുവളർന്ന 38കാരനായ വിവേകിന്റെ മാതാപിതാക്കൾ യു.എസിലേക്ക് കുടിയേറിയ മലയാളികളാണ്. ആദ്യ സംവാദങ്ങളിൽ വിവേക് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാൽ പ്രചാരണങ്ങളിലുടനീളം ട്രംപിനെ അനുകരിക്കാൻ ശ്രമിച്ച വിവേക് വിമർശനങ്ങളും നേരിട്ടു.

പ്രസിഡന്റായാൽ രാജ്യത്തെ എച്ച്- 1 ബി വിസ സംവിധാനം നിറുത്തുമെന്നും പകരം യോഗ്യത അടിസ്ഥാനമാക്കിയുള്ള പ്രവേശനം നടത്തുമെന്നും വിവേക് മുൻപ് പറഞ്ഞിരുന്നു. ഇന്ത്യയിൽ നിന്നുള്ള പ്രൊഫഷണലുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതാണ് എച്ച്- 1 ബി വിസ.

അനധികൃത കുടിയേറ്റക്കാരുടെ യു.എസിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി നൽകുന്ന പൗരത്വം നിറുത്തലാക്കുമെന്നും ട്രാൻസ്ജെൻഡറാകുന്നത് മാനസികാരോഗ്യ വൈകല്യം മൂലമാണെന്നുമുള്ള വിവേകിന്റെ പ്രസ്താവനകൾ വിവാദമായിരുന്നു. വിവേക് വഞ്ചകനും ഇടനിലക്കാരനുമാണെന്ന് ട്രംപ് അടുത്തിടെ കുറ്റപ്പെടുത്തിയിരുന്നു. വിവേകിന് പിന്തുണ കൂടുന്നുണ്ടെന്ന റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.

ട്രംപിന് വമ്പൻ ജയം

റിപ്പബ്ലിക്കൻമാരുടെ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള അയോവ സംസ്ഥാനത്തെ കോക്കസോടെ (ഉൾപാർട്ടി തിരഞ്ഞെടുപ്പ്) യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടപടികൾക്ക് ഔദ്യോഗികമായി തിരിതെളിഞ്ഞു. ഇവിടെ ട്രംപിനാണ് ജയം. നിരവധി കേസുകളിൽ വിചാരണ നേരിടുന്നതിനിടെയാണ് ട്രംപിന്റെ മുന്നേറ്റം.

(ലഭിച്ച വോട്ട് )

ഡൊണാൾഡ് ട്രംപ് - 56,260 ( 51% )

( യു.എസ് മുൻ പ്രസിഡന്റ് )

റോൺ ഡിസാന്റിസ് - 23,420 ( 21.1 % )

( ഫ്ലോറിഡ ഗവർണർ )

 നിക്കി ഹേലി - 21,085 ( 19.1% )

( സൗത്ത് കാരലൈന മുൻ ഗവർണർ, യു.എന്നിലെ മുൻ യു.എസ് അംബാസഡർ)

 ഇനി ?

പ്രസിഡന്റ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പ്രൈമറി, കോക്കസ് രീതികളാണ് യു.എസിലെ പാർട്ടികൾ സ്വീകരിക്കുന്നത്. തിരഞ്ഞെടുപ്പ് ഒരു സംസ്ഥാനത്ത് അതത് പാർട്ടികൾ നടത്തിയാൽ കോക്കസെന്നും ഭരണകൂടം നടത്തിയാൽ പ്രൈമറി എന്നും പറയുന്നു. ഇവയുടെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ നടക്കുന്ന നാഷണൽ കൺവെൻഷനുകളിലൂടെ സ്ഥാനാർത്ഥിയെ അന്തിമമായി പ്രഖ്യാപിക്കും. ജൂൺ 4 വരെയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പുകൾ. ഈ മാസം 23ന് ന്യൂഹാംഷെയറിൽ പ്രൈമറി നടക്കും. നവംബർ 5നാണ് ഇത്തവണത്തെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ്.