
ദുബായ്: ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ചില ഭക്ഷണം കഴിക്കാന്‍ മോഹം തോന്നും. സ്‌നേഹമുള്ള എല്ലാ ഭര്‍ത്താക്കന്‍മാരും ഇടംവലം നോക്കാതെ ആഗ്രഹം സാധിച്ച് കൊടുക്കുകയും ചെയ്യും. സാധാരാണ ഭര്‍ത്താക്കന്‍മാര്‍ ചെയ്യുന്നത് തന്നെയേ റിക്കിയും ചെയ്തുള്ളൂ. ഗര്‍ഭിണിയായ തന്റെ ഭാര്യക്ക് ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങി നല്‍കി. അതില്‍ എന്താണ് സവിശേഷതയെന്ന് ചോദിച്ചാല്‍ ?
ഭാര്യ ലിന്‍ഡ ആന്‍ഡ്രേയിഡിന് ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങി നല്‍കാനായി 13000 കിലോമീറ്റര്‍ സഞ്ചരിച്ചുവെന്നതാണ് പ്രത്യേകത. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ ലിന്‍ഡ ആന്‍ഡ്രേയിഡിന് പ്രിയപ്പെട്ട ജാപ്പനീസ് ഭക്ഷണം കഴിക്കാന്‍ ഇരുവരും ദുബായില്‍ നിന്ന് ലാസ് വെഗാസിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു.
ലിന്‍ഡ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വളര്‍ന്ന ലിന്‍ഡ ഭര്‍ത്താവ് റിക്കിക്കൊപ്പം ദുബായിലാണ് താമസം. ഒമ്പത് മാസം ഗര്‍ഭിണിയായിരിക്കെ ലിന്‍ഡയ്ക്ക് ജാപ്പനീസ് എ 5 വാഗ്യുവും കാവിയറും കഴിക്കാന്‍ ആഗ്രഹം തോന്നി.
ആഗ്രഹം റിക്കിയോട് പറഞ്ഞപ്പോള്‍ ഏറ്റവും മികച്ച ജാപ്പനീസ് എ 5 വാഗ്യുവും കാവിയറും ലഭിക്കുക അമേരിക്കയിലെ ലാസ് വേഗസിലാണെന്ന് അറിഞ്ഞു. 13,000 കിലോമീറ്ററാണ് ദുബായില്‍ നിന്ന് ലാസ് വേഗാസിലേക്കുള്ള ദൂരം. 21 മണിക്കൂര്‍ നീണ്ടതാണ് വിമാനയാത്ര. അവിടെയെത്തി ലിന്‍ഡ കഴിച്ച പ്രിയപ്പെട്ട ഭക്ഷണത്തിന്റെ വില 20,000 രൂപയാണെന്നും അവര്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.