
ടെഹ്റാൻ: പുതിയ വിദ്യാഭ്യാസ നയത്തിന് കീഴിൽ ഇന്ത്യയിലെ ഒമ്പത് ശ്രേഷ്ഠ ഭാഷകളിൽ ഒന്നായി പേർഷ്യനെ (ഫാർസി) ഉൾപ്പെടുത്താൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇറാനിലെത്തിയ അദ്ദേഹം വിദേശകാര്യ മന്ത്രി ഹൊസൈൻ അമീർ- അബ്ദൊള്ളഹയാനുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
ഗാസ, യുക്രെയിൻ സംഘർഷം, ബ്രിക്സ് സഹകരണം തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ചെങ്കടലിലെ സമുദ്ര സുരക്ഷയ്ക്കുള്ള ഭീഷണി പരിഹരിക്കണമെന്ന് ജയശങ്കർ ആവശ്യപ്പെട്ടു. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ മേഖലയിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾ ആക്രമിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതേ സമയം, ചബഹാർ തുറമുഖ വികസനം അടക്കം ഇന്ത്യ- ഇറാൻ ഉഭയകക്ഷി കരാറുകളുടെ തുടർനടപടികൾ വേഗത്തിലാക്കാൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുമായി ജയശങ്കർ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ധാരണയായി.