
വാഷിംഗ്‌ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂൻ. റിപ്പബ്ലിക് ദിന പരേഡിൽ സുരക്ഷയില്ലാതെ പങ്കെടുക്കാൻ മോദിയെ വെല്ലുവിളിക്കുന്ന ഇയാളുടെ വീഡിയോ പുറത്തുവന്നു. കാനഡയിൽ അജ്ഞാതരാൽ കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിനായി പ്രതികാരം ചെയ്യുമെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ഡി.ജി.പി ഗൗരവ് യാദവ് എന്നിവരെ കൊല്ലുമെന്നും ഇയാൾ ഭീഷണി മുഴക്കി. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ സ്ഥാപകനാണ് യു.എസ്, കനേഡിയൻ പൗരത്വങ്ങളുള്ള പന്നൂൻ. ഇയാൾ നിലവിൽ യു.എസിലാണ്.