pic

ടെഹ്‌റാൻ: ഇറാക്കിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. സ്വയംഭരണാധികാരമുള്ള കുർദ്ദിസ്ഥാനിൽ തലസ്ഥാനമായ എർബിലിലുള്ള ഇസ്രയേലിന്റെ രഹസ്യാന്വേഷണ കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

മേഖലയിൽ കൊല്ലപ്പെട്ടവരിൽ കുർദ്ദിസ്ഥാനിലെ പ്രമുഖ വ്യവസായി പെഷ്‌റോ ദിസായീയും ഉൾപ്പെടുന്നു. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് മിസൈലാക്രമണം നടത്തിയതെന്ന് ഇറാൻ റെവലൂഷണറി ഗാർഡ് അറിയിച്ചു. ആക്രമണത്തെ യു.എസ് അപലപിച്ചു.

ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ച ഇറാക്ക്, ഇറാനിലെ തങ്ങളുടെ അംബാസഡറെ തിരികെ വിളിച്ചു. തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇറാന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും യു.എൻ സുരക്ഷാ സമിതിയിൽ പരാതി നൽകുമെന്നും ഇറാക്ക് അറിയിച്ചു.

ഇതിനിടെ, സിറിയയിലെ ഐസിസ് കേന്ദ്രങ്ങളിലും ഇറാൻ മിസൈലാക്രമണം നടത്തി. ഇറാനിലെ കെർമാൻ നഗരത്തിൽ 90ലേറെ പേരുടെ ജീവനെടുത്ത ഇരട്ട സ്ഫോടനത്തിന്റെ തിരിച്ചടിയായിരുന്നു ഈ ആക്രമണം.