indian-railway

ചെന്നൈ: വന്ദേഭാരത് ഹിറ്റായതിന് പിന്നാലെ ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിക്കാനിരിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ നിര്‍മാണം അവസാന ഘട്ടത്തില്‍. ഈ വര്‍ഷം മാര്‍ച്ചോടെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ സര്‍വീസ് ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ അധികൃതര്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെയാണ് ആരംഭിച്ചത്.

ഇന്ത്യന്‍ റെയില്‍വേയുടെ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുമായി സഹകരിച്ചാണ് ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. രാജ്യത്ത് കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന രാജധാനി എക്സ്പ്രസ്, തേജസ് എക്സ്പ്രസ് ട്രെയിനുകളേക്കാള്‍ മികച്ച യാത്രാ അനുഭവം നല്‍കുന്നതാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജധാനി എക്‌സ്പ്രസ് ട്രെയിനുകളെ മാറ്റി സ്ഥാപിച്ച് അവ ഓടുന്ന റൂട്ടുകളില്‍ വന്ദേ സ്ലീപ്പര്‍ ഏര്‍പ്പെടുത്താനും റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്. 16 കോച്ചുകളുള്ള വന്ദേഭാരത് സ്ലീപ്പര്‍ പ്രോട്ടോടൈപ്പില്‍ 11 എസി ത്രീ ടയര്‍ കോച്ചുകളും, നാല് എസി ടൂ ടയര്‍ കോച്ചുകളും, ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചുമുണ്ടാകും.

കണ്ടത് മനോഹരം, കാണാനിരിക്കുന്നത് അതിലും മനോഹരമെന്ന് പറയുന്നത് പോലെയാണ് വന്ദേഭാരത് ചെയര്‍ കാറുകളും വരാനിരിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളും.വന്ദേഭാരത് ട്രെയിനിന്റെ അതേ വേഗതയായിരിക്കും സ്ലീപ്പര്‍ തീവണ്ടികള്‍ക്കും. ഇതിന്റെ ചില ഗ്രാഫിക്കല്‍ ചിത്രങ്ങളാണ് ഇതുവരെ പുറത്ത് വന്നിട്ടുള്ളത്.

സൗകര്യങ്ങളുടെ പറുദീസയായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ തീവണ്ടികളെന്നാണ് ഇതുവരെ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വന്ദേഭാരത് സ്ലീപ്പര്‍ മോഡലില്‍ 120 ട്രെയിനുകള്‍ പുറത്തിറക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഒരു ട്രെയിന്‍ നിര്‍മിക്കുന്നതിന് 120 കോടി രൂപ എന്ന കണക്കില്‍ 35,000 കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്.

പതിനൊന്ന് തേര്‍ഡ് എ.സി കോച്ചുകള്‍, നാല് സെക്കന്‍ഡ് എ.സി കോച്ചുകള്‍, ഒരു ഫസ്റ്റ് എ.സി കോച്ചുകള്‍ എന്നിങ്ങനെ 16 കോച്ചുകളാണ് ട്രെയിനിനായി വിഭാവനം ചെയ്തിരിക്കുന്നത്. ഇത് പിന്നിട് 20 മുതല്‍ 24 കോച്ചുകള്‍ വരെയായി ഉയര്‍ത്താന്‍ കഴിയുന്ന രീതിയിലാണ് നിര്‍മാണം. ലോകോത്തര സൗകര്യങ്ങളാണ് യാത്രക്കാര്‍ക്കായി ഈ തീവണ്ടിയില്‍ ഒരുക്കുക.