
മുംബയ്: തകര ഷീറ്റ് കൊണ്ടുള്ള മേല്‍ക്കൂരകള്‍, ബലം കുറഞ്ഞ തേപ്പ് ചെയ്തിട്ടില്ലാത്ത ചുമരുകള്‍, ഇടുങ്ങിയ കുടുസ് മുറികള്‍, രണ്ട് പേര്‍ക്ക് എതിര്‍ ദിശയില്‍ ഒരേസമയം നടക്കാന്‍ കഴിയാത്ത ഇടുങ്ങിയ വഴികള്‍. ധാരാവി എന്ന് കേള്‍ക്കുമ്പോള്‍ ഇതായിരിക്കും മുംബയില്‍ ഒരു തവണയെങ്കിലും സന്ദര്‍ശനം നടത്തിയിട്ടുള്ളവരുടെ മനസ്സില്‍ ഓടിയെത്തുന്ന ചിത്രം. എന്നാല്‍ കഥ മാറുകയാണ്. ലോക ചരിത്രത്തിലെ തന്നെ ഞെട്ടിക്കുന്ന മുഖംമാറ്റത്തിന് അദാനിയുടെ കൈപിടിച്ച് ഒരുങ്ങുകയാണ് ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവി.
ലോകത്തിലെ തന്നെ ഏറ്റവും വലിയ നഗര വികസന പദ്ധതിയുടെ ഭാഗമായാണ് ധാരാവി ചേരി പ്രദേശത്തെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നത്. അടച്ചുറപ്പുള്ള വീട്ടില്‍ കിടന്നുറങ്ങുകയെന്ന പത്ത് ലക്ഷത്തോളം ജനങ്ങളുടെ ചിരകാല സ്വപ്‌നം കൂടിയാണ് പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. ധാരാവിയിലെ ചേരി പ്രദേശത്തെ ജനസംഖ്യയെ മുഴുവനായും ഫ്‌ളാറ്റുകളിലേക്ക് മാറ്റുന്ന പദ്ധതി ഏഴ് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്ത അദാനി ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി അര്‍ഹരായവര്‍ക്കെല്ലാം 350 സ്‌ക്വയര്‍ഫീറ്റ് വലിപ്പമുള്ള ഫ്‌ളാറ്റുകളായിരിക്കും പണികഴിപ്പിച്ച് നല്‍കുകയെന്ന് അദാനി ഗ്രൂപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ ഭാഗമായി ആദ്യം വിഭാവനം ചെയ്തത് 269 സ്‌ക്വയര്‍ഫീറ്റ് വീതമുള്ള ഫ്‌ളാറ്റുകളായിരുന്നു. എന്നാല്‍ ബിഡ് വിജയിച്ച അദാനി 17 ശതമാനം കൂടി വര്‍ദ്ധിപ്പിച്ചാണ് ഫ്‌ളാറ്റുകളുടെ ആകെ വലിപ്പം 350 സ്‌ക്വയര്‍ഫീറ്റായി ഉയര്‍ത്തി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
60,000ത്തോളം ചെറിയ കുടിലുകളിലാണ് ധാരാവിയില്‍ പത്ത് ലക്ഷത്തോളം വരുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നത്. ഒരു ചെറിയ മുറിയിലാണ് അഞ്ച് മുതല്‍ ആറ് അംഗങ്ങള്‍വരെയുള്ള കുടുംബങ്ങള്‍ ജീവിക്കുന്നത്. ശുദ്ധജല ദൗര്‍ലഭ്യം, ശൗചാലയങ്ങളുടെ അപര്യാപ്തത തുടങ്ങിയവയാണ് ധാരാവിയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍. അടച്ചുറപ്പുള്ള വൃത്തിയുള്ള വീടെന്നത് ധാരാവി നിവാസികള്‍ക്ക് വെറുമൊരു സ്വപ്‌നം മാത്രമല്ല, അവര്‍ക്ക് അത് വൈകാരികമായ ഒരു പ്രശ്‌നം കൂടിയാണ്.
20 വര്‍ഷത്തോളമായി കേള്‍ക്കുന്ന പദ്ധതിയാണ് ധാരാവിയുടെ പുനരധിവാസം. എന്നാല്‍ മുമ്പോരിക്കലും പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടുന്ന നടപടികള്‍ വേഗത്തിലായിരുന്നില്ല. 2022 നവംബറിലാണ് പദ്ധതിക്കുള്ള ബിഡ് അദാനി ഗ്രൂപ്പ് വിജയിച്ചത്. ഏഴ് വര്‍ഷം കൊണ്ട് 259 ഹെക്ടര്‍ ഭൂമിയിലാണ് പദ്ധതി നടപ്പിലാക്കിയെടുക്കാനുദ്ദേശിക്കുന്നത്. 2000 ജനുവരി ഒന്ന് മുതല്‍ ധാരാവിയില്‍ താമസിക്കുന്നവര്‍ക്ക് 17 ശതമാനം കൂടുതല്‍ വലിപ്പമുള്ള താമസ സ്ഥലങ്ങളാണ് ലഭിക്കുക.
സ്‌കൂളുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, ആശുപത്രികള്‍, കുട്ടികള്‍ക്കായി ഡേ കെയറുകള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും. ധാരാവിയിലെ ചില കെട്ടിടങ്ങളിലെ മുകളിലെ നിലയില്‍ കഴിയുന്ന വീടില്ലാത്തവര്‍ക്കായി പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഫ്‌ളാറ്റ് സമുച്ഛയം നിര്‍മിച്ച് വാടകയ്ക്ക് നല്‍കും. വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സ്ഥലം നിര്‍മിക്കും. വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞ ഒരു പദ്ധതിയാണ് ആരംഭിക്കാനിരിക്കുന്നതെന്നും അദാനിക്ക് അത് ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുമാണ് അധികൃതര്‍ക്കുള്ളത്.