
കൊച്ചി: നിർദ്ധനരായ പെൺകുട്ടികളുടെ വിവാഹത്തിന് വിദേശത്തുള്ള ചാരിറ്റി സംഘടനവഴി സ്വർണം നൽകാമെന്ന് വിശ്വസിപ്പിച്ച് മൂന്ന് പവൻ മാലയുമായി മുങ്ങിയ കേസിൽ തൃശൂർ കൂവക്കാട്ട് വീട്ടിൽ കുഞ്ഞുമോൻ (50) അറസ്റ്റിലായി. കോതമംഗലം സ്വദേശിനിയുടെ മകളുടെ വിവാഹത്തിന് സ്വർണം വാങ്ങാൻ പണം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
മൂന്ന് പവന്റെ മാല വാങ്ങിപ്പിച്ചശേഷം മാലയും ബില്ലുമായി ഇടപ്പള്ളിയിൽ വരാൻ പറഞ്ഞു. ഇടപ്പള്ളിയിലെ ആശുപത്രി പരിസരത്ത് എത്തിയ ഇവരിൽനിന്ന് കുഞ്ഞുമോൻ മാലയും ബില്ലും വാങ്ങി. സംഘടനയിൽ കാണിച്ചശേഷം പണവുമായി വരാമെന്ന് അറിയിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു. വയനാട്, കോഴിക്കോട്, തൃശൂർ, മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലെ കേസുകളിൽ പ്രതിയാണ് കുഞ്ഞുമോൻ.
ചികിത്സാസഹായവും വിദേശജോലിയും വായ്പയും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയിരുന്നത്. കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലയിലുള്ളവരാണ് തട്ടിപ്പിന്റെ പ്രധാന ഇരകൾ. സലീം, ബഷീർ, റിയാസ് എന്നിങ്ങനെ വ്യത്യസ്ത പേരുകളിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ചേരാനല്ലൂർ പൊലീസ് മൈസൂരുവിൽനിന്നാണ് ഇയാളെ പിടികൂടിയത്. 500 രൂപയ്ക്ക് മൈസൂരുവിൽനിന്ന് ലഭിക്കുന്ന വ്യാജ സിം കാർഡുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.