
ന്യൂയോർക്ക് : ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച നായ എന്ന ഗിന്നസ് നേട്ടത്തിനുടമയായ ബോബിക്ക് താത്കാലികമായി റെക്കോഡ് നഷ്ടമായി. ബോബിയുടെ പ്രായത്തെ ചൊല്ലി വ്യാപക സംശയം ഉയർന്നതോടെ ഗിന്നസ് അധികൃതർ അന്വേഷണം ആരംഭിച്ചതോടെയാണ് നടപടി.
കഴിഞ്ഞ ഒക്ടോബർ 21ന് 31 വയസും 165 ദിവസവും പ്രായമുണ്ടായിരുന്നപ്പോഴാണ് ബോബി വിടവാങ്ങിയത്. നിലവിൽ ജീവിച്ചിരിക്കുന്ന പ്രായമേറിയ നായ എന്ന റെക്കോഡും പോർച്ചുഗലിൽ നിന്നുള്ള ബോബി വഹിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യു.എസിലെ ഒഹായോയിൽ നിന്നുള്ള 23 വയസുള്ള ' സ്പൈക്ക് " എന്ന ചിവാവ മിക്സ് ഇനത്തിലെ നായയെ മറികടന്നായിരുന്നു ഇത്.
അന്വേഷണം പൂർത്തിയാകുന്നതു വരെ നിലവിലെ ഏറ്റവും പ്രായമേറിയ നായയ്ക്കുള്ള റെക്കോഡും നിറുത്തിവച്ചതായി ഗിന്നസ് അധികൃതർ അറിയിച്ചു.
ബോബിയുടെ പ്രായം പോർച്ചുഗലിലെ ലീറിയ മുനിസിപ്പാലിറ്റിയിലെ വെറ്ററിനറി മെഡിക്കൽ സർവീസ് ആദ്യം സ്ഥിരീകരിച്ചിരുന്നു. ബോബി 1992ൽ ഇവിടെ രജിസ്റ്റർ ചെയ്തിരുന്നെന്ന് ഇവർ പറയുന്നു. പോർച്ചുഗീസ് പെറ്റ് ഡേറ്റാബേസും ഇക്കാര്യം സ്ഥിരീകരിച്ചെന്ന് ഗിന്നസ് മുമ്പ് അറിയിച്ചിരുന്നു.
എന്നാൽ ബോബിയുടെ പഴയ ഫോട്ടോകളിലെ മാറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് യഥാർത്ഥ പ്രായത്തെ ചൊല്ലി വിവാദം പുകയുന്നത്. 1999ൽ ബോബി ചെറുതായിരിക്കുമ്പോഴുള്ള ഫോട്ടോയിൽ അതിന്റെ കാൽപ്പാദത്തിന് വെള്ള നിറമാണ്. എന്നാൽ കഴിഞ്ഞ വർഷത്തെ ചിത്രങ്ങളിൽ ബോബിയുടെ കാലിന് ബ്രൗൺ നിറമാണ്. ചില വെറ്ററിനറി വിദ്ഗദ്ധരും ബോബിയ്ക്ക് 31 വയസുണ്ടെന്ന വാദത്തിൽ സംശയം ഉന്നയിച്ച് രംഗത്തെത്തി. ജനിതക പരിശോധനയിലൂടെ ബോബിയുടെ പ്രായം കൃത്യമായി നിർണയിച്ചിട്ടില്ലെന്നും പറയുന്നു.
റഫേറോ ഡോ അലെൻറ്റേഷോ ബ്രീഡിൽപ്പെട്ടതാണ് ബോബി. കന്നുകാലികളുടെ സംരക്ഷണത്തിന് പോർച്ചുഗലിൽ വളർത്തുന്ന നായയാണ് റഫേറോ ഡോ അലെൻറ്റേഷോ. 12 മുതൽ 14 വയസുവരെയാണ് ഇക്കൂട്ടരുടെ ശരാശരി ആയൂർദൈർഘ്യം. പടിഞ്ഞാറൻ പോർച്ചുഗലിലെ കോൺക്വിറോസ് ഗ്രാമത്തിലെ ലിയണൽ കോസ്റ്റ എന്നയാളുടെ കുടുംബത്തിനൊപ്പമായിരുന്നു ബോബിയുടെ താമസം.
ഓസ്ട്രേലിയൻ കാറ്റിൽ ഡോഗ് ഇനത്തിലെ ബ്ലൂയീക്കായിരുന്നു ഇതിന് മുമ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച നായ എന്ന റെക്കോഡ്. 1939ൽ 29 വയസുള്ളപ്പോഴാണ് ബ്ലൂയീ ലോകത്ത് നിന്ന് വിടപറഞ്ഞത്. ഓസ്ട്രേലിയയിൽ തന്നെയുള്ള ചില്ല എന്ന വളർത്തുനായ 1983ൽ 32ാം വയസിലാണ് ചത്തതെന്ന് പറയുന്നുണ്ടെങ്കിലും ഇത് സാധൂകരിക്കാനുള്ള രേഖകളില്ല.