
തിരുവനന്തപുരം: കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതികൾ കേസിന്റെ വിചാരണ അടുത്തിട്ടും ജാമ്യാപേക്ഷ നൽകാൻ കൂട്ടാക്കുന്നില്ലെന്ന് വിവരം. കുറ്റകൃത്യം നടന്ന് അൻപത് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. കേസിൽ കുറ്റപത്രവും തയ്യാറായിക്കഴിഞ്ഞു. എന്നിട്ടും പ്രതികളായ കെ ആർ പത്മകുമാർ, ഭാര്യ എം ആർ അനിതാകുമാരി, മകൾ അനുപമ എന്നിവർ ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല.
തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാണ് പത്മകുമാർ കഴിയുന്നത്. പത്മകുമാർ കഴിയുന്ന ജയിലിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള അട്ടക്കുളങ്ങര വനിതാ ജയിലിലാണ് അനിതാകുമാരിയും അനുപമയുമുള്ളത്. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് ആണ് തടവറയ്ക്കുള്ളിൽ പത്മകുമാറിന് കൂട്ട്. അനിതാകുമാരിയും മകളും ഒരേ സെല്ലിലും. ഇവർക്കൊപ്പം രണ്ട് തമിഴ് വനിതകൾ കൂടിയുണ്ട്.
സന്ദീപിന് മാനസിക വെല്ലുവിളിയുണ്ടെന്ന് സംശയിക്കപ്പെടുന്നുണ്ടെങ്കിലും പത്മകുമാറിനൊപ്പം കഴിയവേ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. പത്മകുമാർ ജയിലിൽ പൊതുവേ ആരോടും സംസാരിക്കാറില്ലെന്നാണ് വിവരം. ശിക്ഷിക്കപ്പെട്ട പ്രതിയല്ലാത്തതുകൊണ്ട് ജയിലിലെ ജോലികൾ ചെയ്യണമെന്ന് നിർബന്ധമില്ല. ജോലി ചെയ്യാൻ പത്മകുമാർ താത്‌പര്യം കാണിക്കാറുമില്ല. ദിവസവും പത്രം വായിക്കും, പിന്നെ സെല്ലിനുള്ളിൽ തന്നെ ഒതുങ്ങിക്കൂടും. വല്ലപ്പോഴും സന്ദീപുമായി സംസാരിക്കും എന്നല്ലാതെ ജയിലിൽ മറ്റാരോടും പത്മകുമാറിന് വലിയ സമ്പർക്കമില്ല.
അതേസമയം, അനിതാകുമാരിയും അനുപമയും കഴിയുന്ന ജയിലിൽ ശുചീകരണ ജോലികൾ ചെയ്യേണ്ട ഉത്തരവാദിത്തം തടവുകാർക്കാണ്. ഇത് രണ്ടുപേരും കൃത്യമായി ചെയ്യുന്നുണ്ട്. വനിതാ ജയിലിൽ ലൈബ്രറിയുണ്ട്. ഇവിടെ നിന്ന് പുസ്‌തകങ്ങളെടുത്ത് വായിച്ചാണ് അനുപമയും അമ്മയും സമയം തള്ളിനീക്കുന്നത്.
മൂവരും ജയിൽ ജീവിതം തുടങ്ങി രണ്ട് മാസം പിന്നിടുമ്പോൾ പുറത്തിറങ്ങാനുള്ള ശ്രമം നടത്തുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകുമെന്ന് പൊലീസ് അറിയിച്ചതോടെ വിചാരണ പൂർത്തിയാകാതെ ഇനി ജാമ്യം ലഭിക്കാനുള്ള സാദ്ധ്യതയുമില്ല. മൂവർക്കും ജയിലിൽ സന്ദർശകരും വളരെ കുറവാണ്. പത്മകുമാറിനെ കാണാൻ സുഹൃത്തുക്കളായ കുറച്ച് നാട്ടുകാർ എത്തിയിരുന്നു. എന്നാൽ അമ്മയെയും മകളെയും കാണാൻ മറ്റാരും എത്തിയില്ല. കുറ്റപത്രം നൽകാൻ സമയം അടുത്തതിനാൽ നിരവധി അഭിഭാഷകർ മൂവരെയും സന്ദർശിക്കുന്നുണ്ട്.