
കൊച്ചി: രണ്ടുദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത് തികച്ചും അപ്രതീക്ഷിതമായി. അവസാന നിമിഷംവരെ മുഖ്യമന്ത്രി എത്തുമെന്ന് ഒരു അറിയിപ്പും ഇല്ലായിരുന്നു. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ചുമതല മന്ത്രി പി രാജീവിനെ എൽപ്പിച്ചു എന്നും റിപ്പോർട്ടുണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി പിണറായി എത്തിയത്.
മോദിയെ കൂപ്പുകൈയോടെയാണ് പിണറായി സ്വീകരിച്ചത്. മോദിയും തിരിച്ച് കൈകൂപ്പി. പിന്നീട് മുഖ്യമന്ത്രിയുടെ കൈകൾ മോദി വാത്സല്യത്തോടെ ചേർത്തുപിടിച്ചു. സ്വീകരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിയിരുന്നു എങ്കിലും മോദി കൂടുതൽ സംസാരിച്ചതും പിണറായിയോടായിരുന്നു. സാധാരണ പ്രധാനമന്ത്രി സന്ദർശനത്തിനെത്തുമ്പോൾ മുഖ്യമന്ത്രിമാർ സ്വീകരിക്കാൻ എത്താറുണ്ടെങ്കിലും ബിജെപി ഇതര മുഖ്യമന്ത്രിമാർ പലപ്പോഴും സ്വീകരണങ്ങൾക്ക് എത്താറില്ലെന്ന വിമർശനമുണ്ടായിരുന്നു. പിണറായി അതും തിരുത്തിക്കുറിച്ചു. ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വിവിധ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.
പ്രോട്ടോക്കോൾ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നാവികസേന വിമാനത്താവളത്തിലെത്തിയില്ല. ഇന്നു നടക്കുന്ന ഷിപ്‌യാഡിന്റെ വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിലും മേയറെ ക്ഷണിച്ചിട്ടില്ല.
ഉച്ചയ്ക്കു 12ന് വെല്ലിംഗ്ടൺ ഐലൻഡിലാണ് കൊച്ചി കപ്പൽശാലയുടെ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രവും രണ്ടാമത്തെ ഡ്രൈഡോക്കും പ്രധാനന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. അവിടെവച്ച് പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽ.പി.ജി ഇറക്കുമതി ടെർമിനൽ ഉദ്ഘാടനവും നിർവഹിക്കും. തുടർന്ന് കാറിൽ മറൈൻഡ്രൈവിലെത്തി ബൂത്തുതല തിരഞ്ഞെടുപ്പു ചുമതലയുള്ള ബി.ജെ.പി ശക്തികേന്ദ്ര പ്രവർത്തകരുടെ സമ്മേളനത്തിൽ പങ്കെടുക്കും. നാവിക വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്ടറിൽ നെടുമ്പാശേരിയിലെത്തി പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് മടങ്ങും.