
''വലിയവർ ആകണമെന്നാണോ നിങ്ങളുടെ ആഗ്രഹം?""- സദസിന്റെ മുൻനിരയിലെ കുട്ടികളോടായി പ്രഭാഷകൻ ചോദിച്ചു.''നമ്മുടെസമൂഹത്തിൽ വലിയതെന്നു കരുതുന്ന എത്രയെത്ര സ്ഥാനങ്ങളാണ് കൈയെത്തിപ്പിടിക്കാവുന്ന ഉയരത്തിൽ നിങ്ങളെ കാത്തിരിക്കുന്നത്! അധികാരം കൈയാളാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്, അല്ലേ? അതോ, നിങ്ങൾക്ക് വിലപ്പെട്ടവരാകണോ?""
തങ്ങൾ തീരെ പ്രതീക്ഷിക്കാതിരുന്ന രണ്ടാമത്തെ ചോദ്യം കേട്ട കുട്ടികൾ ആശയക്കുഴപ്പത്തിലായതു പോലെയായി. അവരിൽ പലരും എന്തു പറയണമെന്നറിയാതെ മാതാപിതാക്കളെ നോക്കി.
''അതോ, വലിയ വിലപ്പെട്ടവരാകണോ?"" മൂന്നാമത്തെ ചോദ്യംകൂടി പ്രഭാഷകനിൽ നിന്നു കേട്ടപ്പോൾ, നമ്മുടെ കുട്ടികൾ ശരിക്കും ആശയക്കുഴപ്പത്തിലായെന്ന് പതുക്കെ പറഞ്ഞാൽ പോരെന്നു പറയുന്നതു പോലെയായി! ''നിങ്ങളിൽ കുടം കണ്ടിട്ടില്ലാത്ത ആരെങ്കിലുണ്ടാകുമോ എന്നറിയില്ല! ഉണ്ടെങ്കിൽ വളരെ അടിയന്തരമായി നിങ്ങളൊരു മൺകുടമോ, അല്ലെങ്കിൽ ലോഹത്തിൽ നിർമ്മിച്ചതായാലും മതി- ഒന്നു കാണണം, എങ്കിലേ ഇപ്പോൾ ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ എല്ലാവർക്കും മനസിലാവുകയുള്ളൂ!""
ഇത്ര കാര്യമായി പ്രഭാഷകൻ 'കുട"ത്തിന് അടിവരയിട്ടു പറഞ്ഞപ്പോൾ, ഇതുവരെ നമ്മൾ കണ്ടിട്ടില്ലാത്ത എന്തു സവിശേഷതയാണ് അദ്ദേഹം അതിൽ കണ്ടെത്തിയിരിക്കുന്നതെന്ന ചിന്തയിലായിരുന്നു സദസ്യരിൽ മിക്കവരും. അതോ, നമ്മളിതുവരെ കണ്ടിട്ടില്ലാത്ത വല്ല കുഴപ്പവും അദ്ദേഹം അതിൽ കണ്ടുപിടിച്ച വിവരം പറയാനായിരിക്കുമോയെന്നും ചിലർ ചിന്തിച്ചു. അല്ലെങ്കിൽത്തന്നെ വലിയവരും വിലപ്പെട്ടവരും, അല്ലെങ്കിൽ വലിയ വിലപ്പെട്ടവരും കുടവും തമ്മിൽ എന്താണ് ബന്ധമെന്ന ചിന്തയിലായി സദസ്യരിൽ പലരും. അതു മനസിലാക്കിയിട്ടായിരിക്കാം, അദ്ദേഹം ഇപ്രകാരം തുടർന്നു: ''നിങ്ങളുടെ കടന്ന ചിന്തയൊരു പ്രശ്നം തന്നെയാണ്. എന്തെങ്കിലും കേട്ടാൽപ്പിന്നെ വല്ലാതങ്ങ് ചിന്തിച്ചുകൂട്ടിക്കളയും! ഒരു രക്ഷയുമില്ല."" ഇപ്രകാരം പറഞ്ഞു കൊണ്ട് പ്രഭാഷകൻ പ്രസന്നവദനരായ സദസ്യരെയാകെ നോക്കി പുഞ്ചിരിച്ചു.
''കുടം എന്ന നമ്മുടെ പഴയ കാലത്തെഉപകാര പ്രദമായ വീട്ടുപകരണം, ഇന്ന് പല വീടുകളിലും കൗതുകവസ്തുവാണ്. എന്നാൽ, മനുഷ്യന്റെ രൂപവുമായി വളരെയേറെ സാദൃശ്യമുള്ളതാണ് കുടത്തിന്റ രൂപഘടനയെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ഒന്നുകൂടി വ്യക്തമാക്കിയാൽ, ഇതുവരെയും കൃത്യമായി ഉറപ്പിക്കാൻ കഴിയാത്ത സംഗതിയാണ്, നമ്മുടെ കുടവയർ കണ്ടിട്ടാണോ കുടമുണ്ടാക്കിയത്, അതോ, കുടമുണ്ടാക്കിയ ശേഷം നമ്മൾ ഭാഷയിൽ സ്വീകരിച്ചതാകുമോ 'കുടവയർ"എന്ന പ്രയോഗം? ഇതൊന്നും നിങ്ങൾ ചിന്തിക്കുകയേയില്ലല്ലോ?"" കൂട്ടച്ചിരികൾക്കിടയിൽ അദ്ദേഹം പറഞ്ഞു നിറുത്തി.
''നാളെ നിങ്ങളൊക്കെ വലിയ വിലപ്പെട്ട സ്ഥാനങ്ങളിലെത്തണമെന്നു തന്നെയാണ് ഇപ്പോൾ നിങ്ങളുടെ മാതാപിതാക്കൾ പ്രാർത്ഥന ചൊല്ലുന്നതെന്നും, ആത്മാർത്ഥമായി ആഗ്രഹിക്കുന്നതെന്നുമറിയാം! നിങ്ങൾക്ക് ജീവിതത്തിൽ മാന്യമായ എല്ലാ ഉയർച്ചയും ഉണ്ടാകട്ടെയെന്ന് ഞാനും ആശംസിക്കുന്നു. എന്നാൽ, എനിക്ക് നിങ്ങളോടു പറയാനുള്ളത്, രണ്ടു കാര്യങ്ങളാണ്: അടിസ്ഥാനപരമായി നമ്മൾ നല്ല മനുഷ്യരാവുക എന്നതുതന്നെയാണ് പരമപ്രധാനം. നല്ല സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തികളായിരിക്കുക. ഒരിക്കലും കമഴ്ത്തിവച്ച കുടങ്ങൾ പോലെയാകരുത്! കമഴ്ത്തിവച്ച കുടത്തിലേക്കു പകർന്ന പാലിന്റെ 'വിധി" എന്താകുമെന്നു മാത്രമോർക്കുക! സമൂഹത്തിൽ നമ്മൾ ഉന്നതരെന്നു കരുതുന്ന 'പ്രഗത്ഭരുടെ"കഥയാണ് കമഴ്ത്തിവച്ച കുടത്തിലൂടെ പറയാൻ ശ്രമിച്ചത്! അതയാത്, പൊണ്ണത്തടിയനെ എന്തിനു കൊള്ളാം, തെക്കേപ്പുരയ്ക്കൊരു തൂണിനുകൊള്ളാം. ഇതല്ല ജീവിതത്തിന്റെ ഉദ്ദേശ്യലക്ഷ്യമെന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്.
സാമൂഹിക പ്രതിബദ്ധതയില്ലാത്ത ഒരു വ്യക്തി എത്ര ഉന്നതസ്ഥാനത്തെത്തിയാലും സമൂഹത്തിനൊരു ഗുണവും അദ്ദേഹത്തെക്കൊണ്ടില്ലെങ്കിൽ അത്തരമൊരാളെ ആർക്കാണ് ആവശ്യം? തുറന്ന മനസോടെ താത്പര്യമുള്ള കാര്യങ്ങൾ മുൻവിധി കൂടാതെ മനസിലാക്കാൻ ശ്രമിക്കുക. എപ്പോഴും ശുഭാപ്തിവിശ്വാസം നിലനിറുത്താൻ ശ്രമിക്കുക. എന്തായാലും, ഇതുവരെ കുടം കണ്ടിട്ടില്ലാത്ത കുഞ്ഞുങ്ങളെ കാണിക്കാനായി നമുക്ക് രണ്ടു കുടങ്ങളെടുക്കാം. ഒന്നിൽ അതിന്റെ കഴുത്തറ്റംവരെ ശുദ്ധമായ പാലും, മറ്രേ കുടത്തിൽ പച്ചവെള്ളവും എടുക്കുക. അതോടൊപ്പം തന്നെ, രണ്ടു ഗ്ലാസുകളുമെടുക്കുക. ഒന്നിൽ നിറയെ പാലും, മറ്റേ ഗ്ലാസിൽ പച്ചവെള്ളവുമെടുക്കുക. അതിനുശേഷം, ആ ഗ്ലാസിലെ പാൽ പച്ചവെള്ളമിരിക്കുന്ന കുടത്തിലൊഴിക്കുക. അതോടെ, ഗ്ലാസിലിരുന്ന പാലിന്റെ മൂല്യം പൂർണമായി നഷ്ടപ്പെട്ട് അത് പച്ചവെള്ളത്തിന്റെ ഭാഗമായി മാറി! അതിനു ശേഷം, മറ്റേ ഗ്ലാസിലെ പച്ചവെള്ളം പാലിരിക്കുന്ന കുടത്തിലേക്കൊഴിക്കുക. പച്ചവെള്ളം അപ്രകാരം പാലിന്റെ ഭാഗമായി മാറി അതിന്റെ മൂല്യം പാലിനൊപ്പമെത്തി! ഇവിടെ, പാൽ സജ്ജനത്തെയും പച്ചവെള്ളം ദുർജ്ജനത്തെയും പ്രതിനിധാനം ചെയ്യുന്നു. ഇനി നിങ്ങൾക്കും ഓരോ കുടത്തിൽ കയറാം. നോക്കിക്കയറണം എന്നു മാത്രം!""സദസ്യരുടെ കൂട്ടച്ചിരികൾക്കിടയിൽ പ്രഭാഷകൻ പറഞ്ഞവസാനിപ്പിച്ചു.