
തിരുവനന്തപുരം: ഗായിക കെ എസ് ചിത്രയ്ക്കെതിരെ നടത്തിയ വിമർശനം കരിയറിനെ ബാധിക്കുകയാണെങ്കിൽ ബാധിക്കട്ടെയെന്ന് ഗായകൻ സൂരജ് സന്തോഷ്. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ എല്ലാവരും രാമമന്ത്രം ജപിക്കണമെന്ന ചിത്രയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സൂരജ് സന്തോഷ് രംഗത്തെത്തിയതിന് പിന്നാലെ നിരവധി പേർ സൂരജിനെയും വിമർശിച്ചിരുന്നു.
ഇതിനെ തുടർന്നാണ് സൂരജ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രയെന്ന വ്യക്തിയെയോ അവരുടെ സംഗീതത്തെയോ അല്ല വിമർശിച്ചത്. അവർ എടുത്ത നിലപാടിനെയാണെന്നും സൂരജ് സന്തോഷ് പറഞ്ഞു. ചിത്രയെ വ്യക്തിപരമായോ അവരുടെ ഗായിക എന്ന സ്വത്വത്തിനെയോ അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'സഹമനുഷ്യർക്കെതിരായ ചിന്തകളോ ആശയങ്ങളോ പലപ്പോഴും നമ്മുടെ നാട്ടിലെ കലാകാരന്മാർ പറയാറുണ്ടായിരുന്നില്ല. പക്ഷെ കഴിഞ്ഞ കുറച്ച് കാലമായി ഭക്തിയുടെയും വിശ്വാസത്തിന്റെയും മറപറ്റി വിദ്വേഷരാഷ്ട്രീയം പ്രചരിപ്പിക്കാൻ പലരും തയ്യാറായി മുന്നോട്ട് വരുന്നുണ്ട്. അത് എതിർക്കപ്പെടേണ്ടതാണ്. കക്ഷി രാഷ്ട്രീയത്തിന് അപ്പുറമായി നമ്മുടെ നിലപാടുകളും അഭിപ്രായങ്ങളുമാണ് നമ്മുടെ രാഷ്ട്രീയം. അപ്പോൾ അതിൽ എതിർക്കേണ്ട രാഷ്ട്രീയം ഉണ്ടെങ്കിൽ എതിർക്കപ്പെടുക തന്നെ വേണം'- സൂരജ് പറഞ്ഞു.
അതേസമയം, അയോദ്ധ്യ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പ്രസ്താവനയെ തുടർന്ന് സൈബർ ആക്രമണം നേരിടുന്ന ഗായിക കെ എസ് ചിത്രയ്‌ക്ക് പിന്തുണയുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു. വിഗ്രഹ പ്രതിഷ്ഠ നടക്കുമ്പോൾ രാമനാമം ജപിക്കണമെന്നും സന്ധ്യയ്ക്ക് വീട്ടിൽ ദീപം തെളിക്കണമെന്നുമായിരുന്നു ചിത്രയുടെ വീഡിയോ സന്ദേശം.
ഇതിനെതിരെയാണ് ഇടത് പ്രൊഫൈലുകളടക്കം സമൂഹ മാദ്ധ്യമങ്ങളിൽ ചിത്രയെ അവഹേളിച്ചത്. 15നാണ് ചിത്രയുടെ വീഡിയോ പ്രചരിക്കപ്പെട്ടത്. ആദ്യമൊക്കെ ഒറ്റപ്പെട്ട കമന്റുകളായും പോസ്റ്റുകളുമാണ് ഇതിനെതിരെ പ്രത്യക്ഷപ്പെട്ടത്. എന്നാൽ സൂരജ് സന്തോഷ് എന്ന ഗായകന്റെ സമൂഹ മാദ്ധ്യമത്തിലെ അഭിപ്രായ പ്രകടനം വാർത്തയായതോടെയാണ് വിവാദം ആളിക്കത്തിയത്.
'ഹൈലൈറ്റ് എന്താണെന്ന് വച്ചാൽ, സൗകര്യപൂർവം ചരിത്രം മറന്നുകൊണ്ട്, പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്‌തുത സൈഡിലേയ്ക്ക് മാറ്റി വച്ചിട്ട് ലോകാ സമസ്‌ത സുഖിനോ ഭവന്തുവെന്നൊക്കെ പറയുന്ന ആ നിഷ്‌കളങ്കതയാണ്. വിഗ്രഹങ്ങൾ ഇനിയെത്ര ഉടയാൻ കിടക്കുന്ന ഓരോന്നായ്. എത്ര എത്ര കെ എസ് ചിത്രമാർ തനിസ്വരൂപം കാട്ടാൻ ഇരിക്കുന്നു. കഷ്ടം, പരമകഷ്ടം'- എന്നായിരുന്നു സൂരജ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്.