
കറാച്ചി: പാകിസ്ഥാനിൽ ബലൂചിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. കഴിഞ്ഞദിവസമായിരുന്നു ആക്രമണം. തീവ്രവാദ സംഘടനയായ ജെയ്‌ഷ് അൽ-അദലുമായി ബന്ധമുള്ള രണ്ട് താവളങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടത്തിയതെന്നാണ് ഇറാൻ സൈന്യം വ്യക്തമാക്കുന്നത്. രാജ്യത്തിന് ഭീഷണിയാവുമെന്ന് കണ്ടാണ് ആക്രമണം നടത്തിയതെന്നാണ് സൈനിക കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഇറാക്കിനും സിറിയയ്ക്കും ശേഷം ഇറാന്റെ ആക്രമണം നേരിടുന്ന മൂന്നാമത്തെ രാജ്യമാണ് പാകിസ്ഥാൻ.
അതേസമയം, ആക്രമണത്തെ പാകിസ്ഥാൻ ശക്തമായി അപലപിച്ചു. രാജ്യത്ത് ആക്രമണം നടത്തിയതിന് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നാണ് പാകിസ്ഥാന്റെ ഭീഷണി. എന്നാൽ ആയുധം കൊണ്ടുള്ള തിരിച്ചടിയാണോ നയതന്ത്ര തലത്തിലെ നീക്കങ്ങളാണോ ഇതെന്ന് വ്യക്തമല്ല. ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഇറാക്കിലെ ആസ്ഥാനവും വടക്കൻ സിറിയയിലെ ഐസിസ് കേന്ദ്രങ്ങളും ഇറാൻ ആക്രമിച്ചിരുന്നു. അതിന് പിന്നാലെയാണ് പാകിസ്ഥാനിൽ ആക്രമണം നടത്തിയത്.
ജെയ്‌ഷ് അൽ-അദൽ
ഇറാനിൽ സൈനികർക്ക് നേരെ ആക്രമണം പതിവാക്കിയ ഭീകര ഗ്രൂപ്പാണ് ജെയ്‌ഷ് അൽ-അദൽ. ബലൂചിസ്ഥാന്റെയും അവിടത്തെ ജനങ്ങളുടെയും പൂർണമോചനമാണ് തങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്നാണ് അവർ അവകാശപ്പെടുന്നത്. സലാഹുദ്ദീൻ ഫാറൂഖിയാണ് ഇപ്പോഴത്തെ തലവൻ. അദ്ദേഹത്തിന്റെ സഹോദരൻ അമീർ നറൂയിയെ അഫ്ഗാനിസ്ഥാനിൽ താലിബാൻ കൊലപ്പെടുത്തിയിരുന്നു. ഇറാനിയൻ- ബലൂച് സുന്നി സായുധ സംഘമായ അൻസാർ അൽ-ഫുർഖാനുമായി ജെയ്‌ഷ് അൽ-അദൽ ബന്ധം പുലർത്തുന്നുണ്ട്.
സുന്നി തീവ്രവാദി ഗ്രൂപ്പായിരുന്ന ജുൻഡല്ലയിലെ അംഗങ്ങളാണ് 2012-ൽ ഈ ഗ്രൂപ്പ് സ്ഥാപിച്ചത്. 2010-ൽ നേതാവായ അബ്ദുൽമലേക് റിഗിയെ ഇറാൻ അതിന്റെ വധിച്ചതിനെത്തുടർന്ന് ജുൻഡല്ല തീരെ ദുർബലമാവുകയായിരുന്നു. 2013 ഒക്ടോബറിലാണ് ജെയ്‌ഷ് അൽ-അദൽ ആദ്യ ആക്രമണം നടത്തുന്നത്.