
ഇന്ന് തിരുവനന്തപുരം ആയുർവേദ കോളേജ് ആശുപത്രിയിലെ ഏറ്റവും പ്രഗത്ഭനായ കണ്ണ് ഡോക്ടറാണ്
സുനിൽകുമാർ. കൈപ്പുണ്യമുള്ള ഡോക്ടർ എന്ന പദവിക്ക് തീർത്തും യോഗ്യൻ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ചികിത്സ തേടി രോഗികൾ ഇവിടെ എത്തുന്നത്
ആയുസ്സിന്റെ ശാസ്ത്രമായ ആയൂർവേദത്തിലെ മരുന്നുകളെല്ലാം പ്രകൃതിയിൽ നിന്നാണ് കണ്ടെത്തുന്നത്.ചവുട്ടി നിൽക്കുന്ന മണ്ണ് മുതൽ നിലംതൊടാ മണ്ണ് വരെ മരുന്നുകളാണ്.ആലിപ്പഴവും ആലിന്റെ പഴവും ചെടിയുടെ വേര് മുതൽ ഇല വരേയും മരുന്നുകളാണ്.ആയൂർവേദത്തിൽ ഒന്നും കൃത്രിമമായി തയ്യാറാക്കുന്നില്ല.
പ്രകൃതി സമ്മാനിച്ച പച്ച മരുന്നുകളെ വെയിലിലും നിഴലിലും ഉണക്കിയും അരച്ചും പൊടിച്ചും ഉരുട്ടിയും പുരട്ടിയും ഔഷധങ്ങളാക്കി മാറ്റാൻ പഠിപ്പിച്ച ധന്വന്തരിയുടെ അനുഗ്രഹമാണ് ആയുർവേദം.ആഹാരം ഔഷധമായുംഔഷധം ആഹാരമായും ഉപയോഗിക്കുന്ന ദൈവത്തിന്റെ വരദാനമായ ചികിത്സാ സമ്പ്രദായമാണ് ആയുർവേദം.ഇത്രത്തോളംപ്രകൃതിയുമായി ഒത്തുചേരുന്നതുകൊണ്ടാണ് ആയുർവേദ ഡോക്ടർമാർ ആർദ്രതയോടെ രോഗികളോട് ഇടപെടുന്നത്.
രോഗിയെ സ്നേഹിക്കാനും ആശ്വസിപ്പിക്കാനും മനസുള്ളവർക്ക് മാത്രം പഠിക്കാൻ കഴിയുന്നതാണ് ആയൂർവേദം.ചിരിച്ചു കൊണ്ട് ചികിത്സിക്കാനും വിദ്യാർത്ഥികളെ പഠിപ്പിക്കാനും കഴിയുന്ന ഡോക്ടറായ തിരുവനന്തപുരം ആയുർവേദ കോളേജ് ആശുപത്രിയിലെ സൂപ്രണ്ട് ഡോ.സുനിൽകുമാർ കേരള കൗമുദിയോട് സംസാരിക്കുന്നു.
സുനിൽ കുമാർ കൊല്ലം തേവലക്കര ഹൈസ്കൂളിലെ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു. പത്താം ക്ലാസിലെ വാർഷിക പരീക്ഷ പടിവാതിൽക്കൽ എത്തിയപ്പോൾ കണ്ണിന് നീരു വന്നു.നേത്ര ചികിത്സയിൽ പ്രഗത്ഭരായ പാരമ്പര്യ വൈദ്യൻമാരുടെ ആസ്ഥാനമാണ് തേവലക്കര പ്രദേശം.സുനിൽകുമാറിനേയും കൊണ്ട് അദ്ധ്യാപികയായ അമ്മ കെ.കെ. സുമതി കണ്ണ് വൈദ്യനെ കാണിക്കാൻ പോയി.സൂക്ഷ്മതയോടെ അതിലേറെ വാത്സല്യത്തോടെ കണ്ണുകളിൽ തുള്ളി മരുന്ന് ഒഴിക്കുകയും പരിശോധിക്കുകയും ചെയ്യുന്ന വൈദ്യനെ കണ്ടപ്പോഴാണ് കണ്ണ് ഡോക്ടറാകണമെന്ന മോഹം സുനിൽകുമാറിന്റെ മനസിലുദിച്ചത്.വീട്ടിൽ വന്ന സുനിൽകുമാർ പഞ്ചായത്ത് ജീവനക്കാരനായ അച്ഛൻ ശിവാനന്ദനോട് ആഗ്രഹം പറയുകയും ചെയ്തു.പഠിത്തത്തിൽ മിടുക്കനായ മകന്റെ ഏത് ആഗ്രഹവും സാധിക്കാൻ സർക്കാർ ഉദ്യോഗസ്ഥരായ മാതാപിതാക്കൾ തയ്യാറായിരുന്നു.
പത്താം ക്ലാസിലെ പരീക്ഷാഫലം വന്നപ്പോൾ തേവലക്കര സ്കൂളിൽ ഏറ്റവും ഉയർന്ന മാർക്കോടെ സുനിൽ കുമാർ വിജയിച്ചു.കൊല്ലം എസ്.എൻ കോളേജിലെ പ്രീഡിഗ്രി പരീക്ഷയിലും ഏറ്റവും ഉയർന്ന മാർക്കോടെയാണ് സുനിൽകുമാർ വിജയിച്ചത്.മെഡിക്കൽ പഠനത്തിന് എൻട്രൻസ് പരീക്ഷ ഏർപ്പെടുത്തിയപ്പോൾ ആദ്യത്തെ ബാച്ചിലെ പരീക്ഷാർത്ഥിയാണ് സുനിൽകുമാർ.എൻട്രൻസ് പരീക്ഷ പാസായ സുനിൽകുമാറിന് തൃപ്പുണിത്തുറ ആയൂർവേദ കോളേജിലാണ് അഡ്മിഷൻ കിട്ടിയത്.അവിടെ ആദ്യവർഷം അസ്വസ്ഥത നിറഞ്ഞതായിരുന്നെങ്കിലും മെല്ലെമലയാളവും സംസ്കൃതവും ഇംഗ്ലീഷും കൂടിചേർന്ന ആയൂർവേദ പഠനം ആസ്വദിക്കാൻ തുടങ്ങി.ആരോഗ്യവും ആയുസ്സുംപ്രകൃതിയും പ്രാർത്ഥനയും പ്രായോഗികതയും സമരസപ്പെടുന്ന വിശുദ്ധമായ ചികിത്സാരീതിയാണ് ആയുർവേദമെന്ന് സുനിൽകുമാർ തിരിച്ചറിഞ്ഞു.
റാങ്കോട് കൂടിയാണ് ആയൂർവേദത്തിൽ സുനിൽകുമാർ ബിരുദം നേടിയത്.വിജയവാഡയിലെ യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസസിൽ നിന്ന് ശാലാക്യ തന്ത്രത്തിൽ (നേത്രം ആൻഡ് ഇ.എൻ.ടി) ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം നാട്ടിൽ സ്വന്തമായി ചികിത്സ ആരംഭിച്ചു.
സർക്കാർ സർവീസിൽ ജോലി കിട്ടിയപ്പോൾ അദ്ധ്യാപികയായ അമ്മ പറഞ്ഞത് 'രോഗികളുടെ ദൈവമാണ് ഡോക്ടർ.അവരോട് അനുകമ്പയോട് മാത്രമേ ഇടപെടാവൂ.ആരിൽ നിന്നും ഒരു രൂപ പോലും കൈക്കൂലി വാങ്ങരുത്.അച്ഛനെ പോലെ സത്യസന്ധനായ ഉദ്യോഗസ്ഥനായിരിക്കണം."
അച്ഛൻ വർഷങ്ങളോളം കിടപ്പിലായിരുന്നു.ആ സമയത്തൊക്കെ ഡോ.സുനിൽകുമാറിനും സഹോദരൻ അനിൽ കുമാറിനും അമ്മയും അച്ഛനും അമ്മ മാത്രമായിരുന്നു.അദ്ധ്യാപികയായ അമ്മയുടെ വാക്കുകൾ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നഡോ.സുനിൽ കുമാർ ഇതുവരെ കൈക്കൂലി വാങ്ങിയിട്ടില്ല.
ഡോ.സുനിൽകുമാർ സർക്കാർ സർവീസിൽ കയറി 28 വർഷം കഴിഞ്ഞപ്പോൾ തിരുവനന്തപുരം ആയുർവേദ കോളേജ് ആശുപത്രിയിലെ സൂപ്രണ്ടായി.ഇതിനിടയിൽ നിരവധി ദേശീയവും അന്തർദേശീയവുമായ സെമിനാറുകളിൽ പങ്കെടുക്കുകയും നയിക്കുകയും ചെയ്തിട്ടുണ്ട്.നിരവധി അക്കാഡമിക് കൗൺസിലുകളിൽ അംഗവുമായി.ഇന്ന് തിരുവനന്തപുരം ആയുർവേദ കോളേജ് ആശുപത്രിയിലെ ഏറ്റവും പ്രഗത്ഭനായ കണ്ണ് ഡോക്ടറാണ് സുനിൽകുമാർ.കൈപ്പുണ്യമുള്ള ഡോക്ടർ എന്ന പദവിക്ക് തീർത്തും യോഗ്യൻ.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ചികിത്സ തേടി ഇവിടെയെത്തുന്നത്.ലോകത്തിന്റെ പലഭാഗത്തും പോയി ചികിത്സിച്ചിട്ടും ഫലം കാണാതെ ത്രിപുരയിൽ നിന്ന് വന്ന അമിതാഭ് ദത്ത് ഇന്ന് ഡോ.സുനിൽ കുമാറിന്റെ ചികിത്സയിൽ സന്തോഷവാനാണ്.
തിരുവനന്തപുരം ആയുർവേദ കോളേജ് ആശുപത്രിയിൽ ഏറ്റവും കൂടുതൽ വികസനങ്ങൾ കൊണ്ടുവന്നത് ഡോ.സുനിൽകുമാറാണ്.ജനറൽ വാർഡുകൾ മുതൽ പേ വാർഡുകൾ വരെ വികസിപ്പിച്ചു.ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി.സ്വകാര്യ ആശുപത്രികളെ വെല്ലുന്ന തരത്തിലുള്ള വൃത്തിയും വെടിപ്പുമുള്ളതാക്കി.പരമ്പരാഗത ചികിത്സയോടൊപ്പം രോഗം കണ്ടുപിടിക്കാൻ സ്കാനിംഗ് മെഷീൻ ഉൾപ്പെടെയുള്ള പതിനാലോളം ആധുനിക ഉപകരണങ്ങളാണ് ആയൂർവേദ ആശുപത്രിയിൽ കൊണ്ടുവന്നത്.
തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ പഠിക്കുമ്പോൾ സ്വതന്ത്ര വിദ്യാർത്ഥി സംഘടനയുടെ ബാനറിൽ മത്സരിച്ചു കൊണ്ട് രണ്ടാം വർഷം ജനറൽ സെക്രട്ടറിയായും മൂന്നാം വർഷം ചെയർമാനായും ജയിച്ചിട്ടുണ്ട്.ആ നേതൃപാടവത്തിലാണ് തിരുവനന്തപുരം ആയുർവേദ കോളേജിലെ അദ്ധ്യാപക വിദ്യാർത്ഥി സഹകരണ സംഘത്തിന്റെ ചുമതല ഏറ്റെടുത്തത്.നഷ്ടത്തിലായിരുന്ന സഹകരണ സംഘം ഡോ.സുനിൽകുമാറിന്റെ കീഴിൽ ഇന്ന് ലാഭത്തിലാണ് പ്രവർത്തിക്കുന്നത്.13 വർഷമായി തുടർച്ചയായി ഡോ.സുനിൽകുമാറാണ് പ്രസിഡന്റായി ഈ സംഘത്തെ നയിക്കുന്നത്.
താഴേത്തട്ട് മുതലുള്ള ജീവനക്കാരേയും ഡോക്ടർമാരേയും ഹൗസ് സർജൻമാരേയും പി.ജി കുട്ടികളേയും ആശുപത്രി വികസന സമിതിയേയും ഒരുപോലെ ചേർത്തു പിടിച്ചു കൊണ്ടാണ് ആശുപത്രിയിൽ വികസനങ്ങൾ നടപ്പിലാക്കുന്നത്.അഴിമതിയുടെ നേരിയ നിഴൽ പോലും വരാൻ സമ്മതിക്കാത്തതിനാൽ ഡോ.സുനിൽകുമാറിന്റെ ഓരോ വികസനവും സുതാര്യമാണ്.
ഡോ.സുനിൽകുമാറിന് കീഴിൽ തിരുവനന്തപുരം ആയുർവേദ കോളേജ് ആശുപത്രിയിലെ ജീവനക്കാർ മാത്രമല്ല രോഗികളും സംതൃപ്തരാണ്.ഡോ.സുനിൽ കുമാറിന്റെ കുടുംബവും ആതുരസേവനത്തിലാണ്.ഭാര്യ ഡോ.ഷീബ കാസർഗോഡ് ജില്ലാ ആയൂർവേദ മെഡിക്കൽ ഓഫീസറാണ്.മൂത്ത മകൻ ഡോ.ശബരിദാസ് ഓർത്തോ സർജനാണ്.മരുമകൾ ഡോ.ലക്ഷ്മി തിരുനെൽവേലി മെഡിക്കൽ കോളജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്.ഇളയമകൻ സൂര്യദാസ് അമൃത ആയൂർവേദ കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിയാണ്.
തുടർചികിത്സയാണ് ആയൂർവേദത്തിന്റെ വിജയം.ആയൂർവേദ ആശുപത്രിയിൽമൂന്നും നാലും വർഷം തുടർച്ചയായി കിടന്ന് ചികിത്സിക്കാൻ വരുന്നവരാണ് കൂടുതലും.അവർക്കാണ് ആശുപത്രിയിലെ വികസനം കൃത്യമായി അറിയാൻ കഴിയുന്നത്.ആത്മാർത്ഥതയും സത്യസന്ധതയും കൈമുതലായുള്ള ഡോ.സുനിൽ കുമാറിലൂടെ തിരുവനന്തപുരം ആയുർവേദ കോളേജ് ആശുപത്രിയിൽ ഇനിയും നല്ല മാറ്റങ്ങൾ വരുമെന്നാണ് രോഗികൾ പറയുന്നത്.
അദ്ധ്യാപികയായ അമ്മയുടെ മകനായതു കൊണ്ട് മാതൃകാ വിദ്യാർത്ഥിയായാണ് പള്ളിക്കൂടക്കാലം മുതൽ ഡോ.സുനിൽകുമാർ പഠിച്ചത്.അതുകൊണ്ട് പഠനകാലത്തും സർവീസ് കാലത്തും രാഷ്ട്രീയത്തിനോട് സമദുര നിലപാടാണ് സ്വീകരിച്ചത്.ആദർശം ഉള്ളിലുള്ളതു കൊണ്ട് അഴിമതിയില്ലാത്ത വിശുദ്ധ സേവനം നടത്തി സർവീസിൽ നിന്നും വിരമിക്കണമെന്നാണ് അന്നും ഇന്നും ഡോ.സുനിൽകുമാറിന്റെ ആഗ്രഹം.അതുകൊണ്ട് തന്നെ പലപ്പോഴും രാഷ്ട്രീയ സമ്മർദ്ദം സുനിൽകുമാറിന് സമ്മാനിക്കുന്നത് മാനസിക സമ്മർദ്ദമാണ്.