
നിണം നിറഞ്ഞ നിലം എന്ന നോവലിലൂടെ ബദരി പുനലൂർ എന്ന എഴുത്തുകാരി മുന്നോട്ടുവയ്ക്കുന്ന അക്ഷരമേളത്തിന് മണ്ണിന്റെ മണവും കണ്ണീരിന്റെ നനവും മനുഷ്യമനസിന്റെ തീരാത്ത ചുഴികളുമാണ്. പ്രണയം, രതി, സ്വപ്നങ്ങൾ എന്നിവ ഇഴചേരുന്ന മനുഷ്യമനസിന്റെ അഗാധതലങ്ങളിലേക്ക് അനുവാചകരെ കടന്നുചെല്ലാൻ പ്രേരിപ്പിക്കുന്ന നോവൽ.
സൈറ, റുക്സാന എന്നീ പ്രധാന കഥാപാത്രങ്ങളിലൂടെ, കൗമാരത്തിലെ റോസാപ്പൂക്കളും യൗവനത്തിന്റെ തീക്ഷ്ണതയും, ജീവിതത്തിന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങളും പറയുന്ന ആഖ്യാനത്തിൽ വായനക്കാർ മതിമറന്നിരിക്കുമെന്നത് തീർച്ച. വികാരതരളിതമായ ഓർമ്മകളുടെ നിറങ്ങൾ വികലമായപ്പോൾ ഭ്രാന്തിയായി മാറുന്ന സൈറയെന്ന കഥാപാത്രം കണ്ണു നനയിക്കും. അക്ഷരപ്പെരുക്കത്തിന്റെ വശ്യതയാർന്ന ചാരുതകളാണ് സാമൂഹികബോധത്തോടെ ചിന്തിക്കുന്ന എഴുത്തുകാരി സ്ഥലങ്ങളെ വിവരിക്കുമ്പോൾ ഉപയോഗിക്കുന്നത്. അനാഥാലയങ്ങളിൽ വളരുന്ന കുട്ടികളുടെ ജീവിത സത്യത്തിന്റെ നേരറിവുകൾ, സാമൂഹ്യവും ശാസ്ത്രീയവും ദൈവികവുമായ വീക്ഷണങ്ങളുടെ ഏറ്റുമുട്ടലുകൾ... ഇതെല്ലാം നോവലിൽ ഉടനീളം കാണാം.
പെൺജീവിതത്തിന്റെ നിത്യമായ അടിമത്തം, പ്രതികരിക്കുമ്പോഴത്തെ അടിച്ചമർത്തലുകൾ, പാതാളത്തോളം ഇടിച്ചു താഴ്ത്തുന്ന പെൺജീവിതങ്ങൾ.... ഡോ. ജാഫർ, നാരായണേട്ടൻ, ആശ സിസ്റ്റർ എന്നിവരുടെ ജീവിതവികാസത്തിലൂടെ കടന്നുപോകുന്നു, സംഭവബഹുലമായ കഥ. നഗരത്തിലേക്ക് പറിച്ചുനടേണ്ടി വന്ന സൈറയുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങൾ, പ്രണയം, റസാഖ് (സൈറയുടെ ഭർത്താവ്) എന്ന മനുഷ്യന്റെ നിരന്തരമായ മാറ്റങ്ങൾ. അപർണ എന്ന കൂട്ടുകാരിയിൽ വന്ന മാറ്റങ്ങൾ... ഇവയെല്ലാം കഥാഗതിയെ അനേകം വഴികളിലൂടെ കൊണ്ടുപോകുന്നു.
നോവലിലെ മറ്റൊരു പ്രധാന ഭാഗമാണ് ആസാദ് സാഹിബിന്റെ ആർദ്രമായ ഇടപെടലുകൾ.
നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിന്റെ ഇഴമുറുക്കം കഥാന്ത്യം വരെ കാത്തുസൂക്ഷിക്കാൻ എഴുത്തുകാരിക്ക് കഴിയുന്നുണ്ട്. നോവലിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെടുന്ന സന്വ എന്ന ഡോക്ടർ പുതിയ യുവത്വത്തിന്റെ കാഴ്ചയാകുന്നു. സ്നേഹത്തിന്റെ, മാതൃത്വത്തിന്റെ അടയാളങ്ങളായി ആയിഷത്താത്ത, കുലുസ്സുമ്മ, റസാഖിന്റെ ഉമ്മ എന്നിവർ നിറയുന്ന പല ഭാഗങ്ങളും നോവലിന് ആർദ്രതയുടെ മറ്റൊരു തലം കൂടി നൽകുന്നു.
പ്രസാധകർ: വിസ്മയം ബുക്സ്
വില: 290 രൂപ