spicejet

ബംഗളൂരു: ലോക്ക് കേടായതിനാൽ വിമാനത്തിനുള്ളിലെ ടോയ്‌ലറ്റിൽ യാത്രക്കാരന് കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂർ. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മുംബയിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിനുള്ളിലാണ് സംഭവമുണ്ടായത്. നൂറ് മിനിട്ടാണ് യുവാവ് ടോയ്‌ലറ്റിൽ കുടുങ്ങിയത്.

എസ് ജി 268 എന്ന വിമാനം ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിക്കായിരുന്നു മുംബയിൽ നിന്ന് പുറപ്പെട്ടത്. പുലർച്ചെ 3.45ഓടെയാണ് ബംഗളൂരുവിൽ എത്തിയത്. ടേക്ക് ഓഫിന് പിന്നാലെ തന്നെ 14ഡി നമ്പർ സീറ്റിലിരുന്ന യാത്രക്കാരൻ ടോയ്‌ലറ്റിൽ കയറി. എത്ര ശ്രമിച്ചിട്ടും യുവാവിന് വാതിൽ തുറന്ന് പുറത്തിറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. അതിനാൽ തന്നെ ലാൻഡ് ചെയ്യുന്ന സമയം ഉൾപ്പെടെ വിമാന യാത്രയിലുടനീളം ടോയ്‌ലറ്റിൽ ഇരിക്കേണ്ട അവസ്ഥയായിരുന്നു ഇയാൾക്ക്. വിമാനത്തിലെ ജീവനക്കാർ പേപ്പറിൽ വിവരങ്ങളെഴുതി നൽകി യുവാവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ ബംഗളൂരു വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ എഞ്ചിനീയർമാരെത്തിയാണ് ശുചിമുറിയുടെ വാതിൽ തുറന്നത്.

സംഭവത്തിൽ സ്‌പൈസ് ജെറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യാത്രക്കാരൻ ടോയ്‌ലറ്റിൽ കുടുങ്ങിയത് അറിഞ്ഞതോടെ വാതിൽ പുറത്ത് നിന്നും തുറക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങിപ്പോയതിന് പിന്നാലെ യുവാവ് ഭയപ്പെട്ടിരുന്നു. വാതിൽ പൊളിച്ച് പുറത്തെത്തിച്ച ഇയാൾക്ക് പ്രാഥമിക ചികിത്സയും ലഭ്യമാക്കിയെന്നാണ് റിപ്പോർട്ട്.