usha

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി രഘു അയ്യരെ നിയമിക്കുന്നതിൽ പ്രസിഡന്റ് പി.ടി. ഉഷ സമ്മർദം ചെലുത്തിയെന്ന് ആരോപണവുമായി 15 അംഗ എക്‌സിക്യൂട്ടീവ് കൗൺസിലിലെ 12 അംഗങ്ങൾ രംഗത്ത്. ഐ.പി.എൽ ടീം രാജസ്ഥാൻ റോയൽസിന്റെ സി.ഇ ഒ ആണ് രഘു അയ്യർ . എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായ ഒളിമ്പിക് മെഡലിസ്റ്റ് മേരി കോം, ടേബിൾ ടെന്നിസ് താരം അചാന്ത ശരത് കമൽ എന്നിവർ ആരോപണമുയർത്തി പുറത്തുവിട്ട കത്തിൽ ഒപ്പുവച്ചിട്ടില്ല.

രഘു അയ്യരുടെ നിയമനം സംബന്ധിച്ച് ജനുവരി ആറിന് രാജ്യസഭാംഗം കൂടിയായ പി.ടി. ഉഷ ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നു. എന്നാൽ പതിനഞ്ചംഗ എക്‌സിക്യുട്ടീവിലെ 12 അംഗങ്ങളും ഇതിനെ എതിർത്തിരുന്നു .കഴിഞ്ഞ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലെ അജൻഡയിൽ സി.ഇ.ഒ. നിയമനം സംബന്ധിച്ച കാര്യം ഉൾപ്പെടുത്തിയിരുന്നില്ല. പക്ഷേ ഉഷ ഏകപക്ഷീയമായ തീരുമാനമെടുത്ത് തങ്ങളുടെമേൽ സമ്മർദം ചെലുത്തി നിയമനം സാധ്യമാക്കാൻ ശ്രമിച്ചുവെന്നാണ് കത്തിൽ അംഗങ്ങൾ ആരോപിക്കുന്നത്. സി.ഇ.ഒയ്ക്ക് ശമ്പളവും ആനുകൂല്യങ്ങളുമായി പ്രതിമാസം 20 ലക്ഷം രൂപ നൽകാനുള്ള തീരുമാനം ഉഷ ഒറ്റയ്ക്ക് എടുത്തതാണെന്നും കത്തിൽ പറയുന്നു. പ്രതിവർഷം മൂന്നുകോടി രൂപയാണ് സി.ഇ.ഒ നിയമനത്തിലൂടെ ഒളിമ്പിക് അസോസിയേഷന് ചെലവ് വരുന്നത്.

ഉഷയ്ക്ക് പറയാനുള്ളത്

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നിർദ്ദേശപ്രകരാമാണ് സി.ഇ.ഒ.യെ നിയമിച്ചത്. നിയമനം സംബന്ധിച്ച് ദീർഘമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. ഹരിപാൽ സിംഗ്, ഗഗൻ നാരംഗ്, യോഗേശ്വർ ദത്ത് തുടങ്ങിയവരൊഴികെ ജനുവരി അഞ്ചിന് ഒളിമ്പിക് ഭവനിൽ ചേർന്ന യോഗത്തിൽ ഹാജരായ ഭൂരിപക്ഷം അംഗങ്ങളും നിയമനത്തെ അംഗീകരിച്ചിരുന്നു. സി.ഇ.ഒചുമതലയേറ്റതിനു പിന്നാലെ എതിർപ്പുമായി രംഗത്തുവരുന്നത് ലജ്ജാകരമാണ്. ഇതുകാരണം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ സസ്‌പെൻഡ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചേക്കാം.