kollam

അടുത്തടുത്തുണ്ടായ രണ്ട് കൂട്ട ആത്മഹത്യകളുടെ ഞെട്ടലിലാണ് കൊല്ലം നിവാസികൾ. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്ന നഗരം കൊല്ലം ആണെന്ന കണ്ടെത്തലിന് അടിവരയിടുന്നതാണ് രണ്ടാഴ്ചയ്ക്കിടെയുണ്ടായ രണ്ട് കൂട്ട ആത്മഹത്യകൾ. ഇക്കിഞ്ഞ ഡിസംബർ 21നാണ് നാടിനെ നടുക്കിയ കൂട്ട ആത്മഹത്യ കൊല്ലം കുണ്ടറയിൽ നടന്നത്. അതിന്റെ ഞെട്ടൽ മാറും മുമ്പെ പുതുവർഷം പിറന്ന് ഏതാനും ദിവസം കഴിയവെ കൊല്ലം നഗരവാസികൾ മറ്റൊരു കൂട്ട ആത്മഹത്യയുടെ വാർത്ത കേട്ട് നടുങ്ങി. കേരളപുരത്ത് കടബാദ്ധ്യതയെ തുടർന്ന് പ്രിന്റിംഗ് പ്രസുടമയും ഭാര്യയും 21 കാരനായ മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതെങ്കിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലം പട്ടത്താനത്ത് രണ്ട് പിഞ്ചുകുട്ടികളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തത് കുടുംബ ബന്ധങ്ങളിലുണ്ടായ വിള്ളൽ കാരണമാണ്. കൊല്ലം കടപ്പാക്കടയിൽ കൊപ്പാറ പ്രിന്റേഴ്സ് എന്ന പേരിൽ പ്രിന്റിംഗ് പ്രസ് നടത്തിയിരുന്ന രാജീവ് എന്ന സംരംഭകൻ, ഭാര്യ ആശ, മകൻ മാധവ് എന്നിവരെയാണ് കേരളപുരത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലത്തെ പേരെടുത്ത പ്രിന്റിംഗ് സ്ഥാപനമായി മാറിയെങ്കിലും അപ്രതീക്ഷിതമായുണ്ടായ തകർച്ചയിൽ പ്രസ് വിൽക്കേണ്ടി വന്നു. പിന്നീട് കേരളപുരത്ത് പ്രസ് തുടങ്ങി. നിരവധി ജീവനക്കാരുണ്ടായിരുന്നുവെങ്കിലും 3.50 കോടിയുടെ കടബാദ്ധ്യതയുണ്ടായതായാണ് പുറത്തു വന്നവിവരം. ചെക്ക് കേസിൽ കോടതിയിൽ നിന്ന് നോട്ടീസും വന്നതോടെ ജീവിതം പരുങ്ങലിലായെന്ന് വേണം കരുതാൻ. കൊട്ടിയം എസ്.എൻ പോളിടെക്നിക്കിൽ വിദ്യാർത്ഥിയായിരുന്ന ഏകമകൻ മാധവ് പഠനത്തിലും പഠനേതര പ്രവർത്തനങ്ങളിലും മിടുക്കനായിരുന്നുവെങ്കിലും മകനെ ഒറ്റയ്ക്കാക്കി പോകാൻ രാജീവും ആശയും തയ്യാറായില്ല. മകനെ ഞങ്ങൾ കൊണ്ടുപോകുന്നുവെന്ന് ആത്മഹത്യാ കുറിപ്പെഴുതി വച്ച ശേഷമാണ് മൂവരും ജീവനൊടുക്കിയത്. രാജീവും ആശയും തൂങ്ങി മരിച്ച നിലയിലും മാധവിനെ കിടപ്പുമുറിയിലെ കട്ടിലിൽ കമഴ്ന്നു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സ്ഥിരമായി പ്രസിലെത്താറുള്ള രാജീവിനെ രണ്ട് ദിവസമായി കാണാതിരുന്നതിനെ തുടർന്ന് ജീവനക്കാരൻ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഈ കൂട്ടമരണത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തമാകും മുമ്പെ, പുതുവർഷം പിറന്ന് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് കൊല്ലം നഗരഹൃദയമായ പട്ടത്താനത്ത് മറ്റൊരു കൂട്ട ആത്മഹത്യയുടെ വാർത്ത പുറം ലോകം അറിഞ്ഞത്. പട്ടത്താനം ചെമ്പകശ്ശേരി ഇരിപ്പക്കൽ വീട്ടിൽ ജോസ് പ്രമോദ് (41), മകൻ ദേവനാരായണൻ (9), മകൾ ദേവനന്ദ (4) എന്നിവരാണ് മരിച്ചത്. മക്കളുടെ മൃദദേഹങ്ങൾ സ്റ്റെയർകേസിന്റെ കൈവരിയിൽ തൂങ്ങി നിൽക്കുന്ന നിലയിലും ജോസ് പ്രമോദിന്റെ മൃതദേഹം കിടപ്പുമുറിയിലെ ഫാനിനോട് ചേർന്ന ഹൂക്കിൽ തൂങ്ങിയ നിലയിലുമായിരുന്നു. പ്രമോദിന്റെ ഭാര്യ ഡോക്ടറായ ലക്ഷ്മിയുമായുള്ള കുടുംബ പ്രശ്നങ്ങളാണ് ഒന്നുമറിയാത്ത രണ്ട് കുഞ്ഞുങ്ങളുടെയും ജീവനെടുത്ത ദാരുണസംഭവത്തിൽ കലാശിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ ലക്ഷ്മിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന വാർത്ത പ്രമോദിന്റെ ചെവിലിലുമെത്തിയപ്പോൾ അയാൾക്കത് സഹിക്കാനായില്ല. ഇതിനിടെ ലക്ഷി വീട്ടിൽ നിന്ന് താമസം മാറി. കുട്ടികളെ പ്രമോദിൽ നിന്ന് പിരിയ്ക്കാനുള്ള ശ്രമവും തുടങ്ങിയതോടെ തന്നെ ഒഴിവാക്കാനുള്ള നീക്കമായാണ് പ്രമോദിന് തോന്നിയത്. അതോടെയാണ് കുട്ടികളെയും കൊണ്ട് ആരുടെയും ശല്യമില്ലാത്ത ലോകത്തേക്ക് പോകാനുള്ള കടുത്ത തീരുമാനം പ്രമോദ് കൈക്കൊണ്ടതെന്നാണ് കരുതുന്നത്. ജീവനൊടുക്കുന്ന ദിവസം രാത്രി പ്രമോദ്, തന്റെ സഹോദരനും ലക്ഷ്മിക്കും ശബ്ദസന്ദേശമയച്ചു. താനും കുട്ടികളും പോകുകയാണെന്നും തങ്ങളെ മൂവരെയും ഒരുമിച്ച് സംസ്ക്കരിക്കണമെന്നുമായിരുന്നു സന്ദേശം. എന്നാൽ പിറ്റെ ദിവസമാണ് ഇരുവരും സന്ദേശം ശ്രദ്ധിച്ചത്. അപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.

ആത്മഹത്യകളിലേക്ക് നയിക്കുന്നത്

കേരളത്തിൽ കൂട്ട ആത്മഹത്യകളുടെ എണ്ണം വർദ്ധിക്കുന്നുവെന്ന കണക്കുകൾ ആശങ്കയുണർത്തുന്നതാണ്. ഔദ്യോഗിക കണക്ക് പ്രകാരം 2021ൽ 12 കൂട്ട ആത്മഹത്യകളിലായി 26 പേരാണ് സംസ്ഥാനത്ത് മരിച്ചത്. വ്യക്തിഗത ആത്മഹത്യകൾ ഇതിൽ ഉൾപ്പെടുന്നില്ല. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം കൂട്ട ആത്മഹത്യകൾ നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ തമിഴ്‌നാട് ഒന്നാമത് നിൽക്കുമ്പോൾ കേരളം നാലാമതാണ്. സംസ്ഥാനത്ത് ഓരോ വർഷവും ആത്മഹത്യാ നിരക്കിൽ കാര്യമായ വർദ്ധനയുണ്ടാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദേശീയ ശരാശരിയെക്കാൾ നാലിരട്ടി വരും ഇത്. 2019- 20ൽ 8500 പേർ സംസഥാനത്ത് ജീവനൊടുക്കിയെങ്കിൽ 2020- 21ൽ ഇത് 9549 ആയെന്നാണ് ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്ക്. തൊഴിലില്ലായ്മ മൂലമാണ് 1654 പേരും ജീവനൊടുക്കിയത്. കൊവിഡ് സൃഷ്ടിച്ച സാമൂഹിക, സാമ്പത്തിക, മാനസിക സമ്മർദ്ദം ജനങ്ങളെ കാര്യമായി ബാധിച്ചുവെന്നാണ് മാനസികാരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. കുടുംബ പ്രശ്നങ്ങളാൽ 47.7 ശതമാനം പേരും അനാരോഗ്യം മൂലം 21 ശതമാനം പേരും ജീവനൊടുക്കി. ജനസംഖ്യയിൽ ഒരു ലക്ഷം പേരിൽ എത്ര ആത്മഹത്യ നടക്കുന്നുവെന്നതിനെ ആസ്പദമാക്കിയാണ് ആത്മഹത്യാ നിരക്ക് കണക്കാക്കുന്നത്. അങ്ങനെ നോക്കുമ്പോൾ കൊല്ലത്ത് 43.9 ശതമാനമാണ് ആത്മഹത്യാ നിരക്ക്. 11.10 ലക്ഷം ജനസംഖ്യയുള്ള കൊല്ലം നഗര പ്രദേശത്ത് 2021 ൽ 487 പേരാണ് ജീവനൊടുക്കിയത്. ആത്മഹത്യാ നിരക്കിൽ കൊല്ലത്തിന് തൊട്ടു പിന്നിൽ പശ്ചിമ ബംഗാളിലെ അസൻസോൾ നഗരമാണ്. അവിടെ 38.5 ശതമാനമാണ് ആത്മഹത്യാ നിരക്ക്.

പഠനവിധേയമാക്കാൻ ആരോഗ്യ വകുപ്പ്

വർദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയെ പഠനവിധേയമാക്കാനും തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും ജില്ലയിലെ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ പദ്ധതിയൊരുങ്ങുന്നു. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് സമഗ്ര ആത്മഹത്യാ പ്രതിരോധ പദ്ധതിക്ക് രൂപം നൽകിയതായി കൊല്ലം ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നോഡൽ ഓഫീസർ ഡോ. സാഗർ ടി. തേവലപ്പുറം പറഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പ് മേധാവി ഡോ.പി.എസ് ഇന്ദു മുഖ്യ ഇൻവെസ്റ്റിഗേറ്ററായി ഗവേഷണ പദ്ധതിക്ക് ആരോഗ്യസർവകലാശാലയുടെ അംഗീകാരം ലഭിച്ചു. ജീവിതത്തോട് പെട്ടെന്നുണ്ടാകുന്ന വിരക്തിയാണ് 70 ശതമാനം ആത്മഹത്യകൾക്കും കാരണമാകുന്നത്. തക്കസമയത്ത് ഇത് കണ്ടെത്തി ഇടപെടൽ നടത്തിയാൽ പലരെയും ജീവിതത്തിലേക്ക് മടക്കികൊണ്ടു വരാനാകും.