modi

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാറിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് ചടങ്ങിലും അദ്ദേഹം ഭാഗമായി. നരേന്ദ്രമോദി ക്ഷേത്രക്കുളക്കടവിലെത്തി മത്സ്യങ്ങൾക്ക് ഭക്ഷണം നൽകിയാണ് മടങ്ങിയത്. ശ്രീരാമൻ ക്ഷേത്രക്കുളത്തിൽ മത്സ്യത്തിന്റെ രൂപത്തിലെത്തുമെന്നും അവയ്ക്ക് ഭക്ഷണം കൊടുക്കുന്നത് സർവ്വദുരിതങ്ങൾ അകറ്റി ഐശ്വര്യം ലഭിക്കാൻ കാരണമാകുമെന്നാണ് ഭക്തരുടെ വിശ്വാസം. കൂടാതെ ക്ഷേത്രത്തിലെ വേദാർച്ചനയിലും ഭജനയിലും പ്രധാനമന്ത്രി പങ്കെടുത്തു.

ഒന്നേകാൽ മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷമാണ് നരേന്ദ്ര മോദി കൊച്ചിയിലേക്ക് മടങ്ങിയത്. ഗുരൂവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തശേഷം ഹെലികോപ്ടറിലാണ് മോദി തൃപ്രയാറിലെത്തിയത്. ക്ഷേത്രത്തിൽ നിന്ന് മടങ്ങുന്നതിനിടെ കാറിൽ നിന്നും വഴിയരികിൽ കാത്തുനിന്ന പ്രവർത്തകരെ മോദി അഭിവാദ്യം ചെയ്തു.

ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി തൃപ്രയാർ ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നത്. ഐതീഹ്യങ്ങളേറെയുളള ഒരു ക്ഷേത്രം കൂടിയാണ് തൃപ്രയാർ. ദ്വാരകയിൽ ഭഗവാൻ ശ്രീകൃഷ്ണന് ഇവിടുത്തെ വിഗ്രഹമാണ് പൂജിച്ചത് എന്നതാണ് ഭക്തരുടെ വിശ്വാസം. കാലക്രമേണ ഈ വിഗ്രഹം കടലെടുത്തു. പിന്നീട് മത്സ്യത്തൊഴിലാളികൾക്ക് ഈ വിഗ്രഹം കിട്ടിയെന്നും അത് തൃപ്രയാറിൽ പ്രതിഷ്ഠിച്ചുവെന്നുമാണ് വിശ്വസിക്കുന്നത്.