
ഈ യാത്ര പ്രതീക്ഷിച്ചില്ലെന്ന് ഷാജു ശ്രീധർ
വീട്ടിൽ നന്ദനയുടെയും നീലാഞ്ജനയുടെയും അച്ഛൻ. സിനിമയിൽ ധ്യാൻ ശ്രീനിവാസൻ ഉൾപ്പെടെ യുവതാരങ്ങളുടെ അച്ഛൻ. കോമഡി ട്രാക്കിൽനിന്ന് ഒരു ദിവസം ഗൗരവക്കാരനായ അച്ഛൻ വേഷത്തിലേക്ക് പറിച്ചു നടുന്നു. കാരക്ടർ വേഷങ്ങളിലെ ഈ യാത്ര ഷാജു ശ്രീധർ സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചില്ല.മിമിക്സ് ആക്ഷൻ 500 സിനിമയിലൂടെ അഭിനയ അരങ്ങേറ്റം. സ്റ്റേജിൽ മാത്രമല്ല, ചില സിനിമകളിലും മോഹൻലാലിനെ അനുകരിച്ച് സ്നേഹവും കൈയടിയും ഏറ്റു വാങ്ങി തുടക്കം കുറിച്ച ഷാജു ശ്രീധറിന്റെ അഭിനയയാത്ര മൂന്നു പതിറ്റാണ്ടാകുന്നു. അപ്പോഴാണ് അച്ഛൻ വിളികൾ . പ്രേക്ഷകരെ ചിരിപ്പിക്കാൻ ഷാജുവിനെ ഇപ്പോൾ സംവിധായകരാരും വിളിക്കാറില്ല.പുതിയ വഴിയിലെ യാത്രയിൽ ഷാജു ശ്രീധർ.
എത്താൻ
25 വർഷം
സിനിമയിൽ എത്തി 25 വർഷങ്ങൾക്ക് ശേഷമാണ് എനിക്ക് കാരക്ടർ വേഷം നൽകിയാൽ ചെയ്യാൻ കഴിയുമെന്ന ചെറിയൊരു വിശ്വാസം സംവിധായകർക്ക് ഉണ്ടാകുന്നത്. ഞാൻ അറിയാതെ തന്നെ എന്നിലെ അഭിനേതാവിനെ അവർ മനസിലാക്കിയത് കൊണ്ടാണ് എനിക്ക് ഇത്തരം കഥാപാത്രങ്ങൾ കിട്ടുന്നത്. ഇവരിൽ പലരും എന്റെ അടുത്ത സുഹൃത്തുക്കളല്ല. ഞാൻ അറിയാതെ എന്നെ ശ്രദ്ധിക്കുന്ന ആരൊക്കെയോ സിനിമയിലുണ്ട്. അയ്യപ്പനും കോശിയും, അഞ്ചാം പാതിര എന്നീ ചിത്രങ്ങളിലൂടെയാണ് മാറ്റം ഉണ്ടാവുന്നത് . അതിന് മുൻപ് സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും ചെറിയ വേഷങ്ങളായിരുന്നു. ഒന്നുകിൽ നായകന്റെ കൂട്ടുകാരൻ അല്ലെങ്കിൽ കോമഡി വേഷം. ചിലപ്പോൾ സിനിമ വിജയിക്കാറില്ല.ഇനി, വിജയിച്ചാൽ ആ സിനിമയുടെ ഭാഗമാണ് എന്നതിന് അപ്പുറത്തേക്ക് പോകാറില്ല. എന്നാൽ അയ്യപ്പനും കോശിയിലെയും അഞ്ചാം പാതിരയിലെയും കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ കാരക്ടർ വേഷങ്ങൾ ധൈര്യപൂർവം എന്നെ ഏൽപ്പിക്കാമെന്ന സ്ഥിതി വന്നു.
പ്രതീക്ഷ
മുഴുവൻ ഇനി
സംതൃപ്തി നൽകിയ കഥാപാത്രങ്ങൾ ഒരുപാടുണ്ട്.എന്നാൽ നല്ല കഥാപാത്രങ്ങൾ തേടി വരണം. സിനിമയിൽ അവിഭാജ്യഘടകമായി മാറുകയും വേണം. അപ്പോൾ ലഭിക്കുന്നത് നല്ല കഥാപാത്രങ്ങളാക്കിയിരിക്കും.ഡോൺ മാക്സ് സംവിധാനം ചെയ്യുന്ന അറ്റ് സിനിമയിൽ പ്രധാന കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. അച്ഛനും മകളും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥയാണ്.ഇരുപത്തിയൊന്നാം നൂറ്രാണ്ട്, കാവൽ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച റേച്ചലിന്റെ അച്ഛനായാണ് അഭിനയിക്കുന്നത്. ഏറെ പ്രതീക്ഷ പുലർത്തുന്ന കഥാപാത്രങ്ങൾ ഇനിയാണ് വരിക എന്ന് കരുതുന്നു.പുതുവർഷത്തിൽ തുടക്കം തന്നെ നല്ലതാണ്. അടുത്ത മാസം ബിജു മേനോനും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്ന തുണ്ട് . നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ ചിത്രം മലയാളി ഫ്രം ഇന്ത്യ.ധ്യാനിന്റെ അച്ഛൻ വേഷമാണ്.കാൽപ്പാടുകൾ സിനിമയിലെ കഥാപാത്രവും ഏറെ പ്രതീക്ഷ നൽകുന്നു. ഗുമസ്തൻ, 916 കുഞ്ഞൂട്ടൻ, മായാവനം തുടങ്ങിയ സിനിമകൾ റിലീസിനുണ്ട്.
മക്കൾക്കൊപ്പം
അഭിനയം
മക്കൾ അഭിനയിച്ച സിനിമയിൽ അഭിനയിച്ചെങ്കിലും അവരുമായി കോമ്പിനേഷൻ സീൻ ഇല്ലായിരുന്നു. ഇളയ മകൾ നീലാഞ്ജന അഭിനയിച്ച അയ്യപ്പനും കോശിയിലും, കിംഗ് ഫിഷറിലുമാണ് ഞാൻ അഭിനയിച്ചത്. മൂത്ത മകൾ നന്ദന നായികയായി അരങ്ങേറ്റം കുറിക്കുന്ന സ്റ്റാൻഡേർഡ് 10 ഇ 1999 ബാച്ച് റിലീസിന് ഒരുങ്ങുന്നു. ആ സിനിമയിൽ ഞാൻ ചെറിയ ഒരു വേഷം ചെയ്തിട്ടുണ്ട്. മകളുടെ ആദ്യ സിനിമ എന്ന നിലയിൽ വേണ്ട പിന്തുണ നൽകി ഞാനും ചാന്ദിനിയും ലൊക്കേഷനിൽ തന്നെ ഉണ്ടായിരുന്നു. വീട്ടിൽ ഇപ്പോൾ നാലു സിനിമാതാരങ്ങൾ.