modi

അയോദ്ധ്യ: ഈ മാസം 22ന്, അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള പതിനൊന്ന് ദിവസത്തെ കഠിന വ്രതാനുഷ്ഠാടനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ. വ്രതം തുടങ്ങിയ കാര്യം അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതും. നാസിക്കിലെ പഞ്ചവടിയിലാണ് പ്രധാനമന്ത്രി വ്രതം തുടങ്ങിയത്. സ്വാമി വിവേകാനന്ദന്റെ ജന്മദിനം ആണ് വ്രതം തുടങ്ങാൻ തിരഞ്ഞെടുത്തതെന്നും മോദി പറഞ്ഞു. 'പ്രാണപ്രതിഷ്ഠയ്ക്ക് ഇനി 11 ദിവസം മാത്രം. ശുഭമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കഴിയുന്ന ഞാൻ ഭാഗ്യവാനാണ്. ചടങ്ങിൽ ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാൻ ദൈവം എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ ഇന്ന് മുതൽ 11 ദിവസത്തെ പ്രത്യേക ചടങ്ങ് ആരംഭിക്കുകയാണ്' എന്നാണ് എക്‌സിലെ വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞത്.

ക്ഷേത്ര ദർശനം

കേരളത്തിലേത് ഉൾപ്പടെ രാജ്യത്ത് ശ്രീരാമനുമായി ബന്ധമുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതും വ്രതാനുഷ്ഠാനത്തിന്റെ ഭാഗമാണ്. വ്രതാരംഭത്തിന് തിരഞ്ഞെടുത്ത പഞ്ചവടിയിൽ വനവാസക്കാലത്ത് സീതയ്ക്കും ലക്ഷ്മണനുമൊപ്പം ശ്രീരാമൻ ഏറെനാൾ ഇവിടെ താമസിച്ചു എന്നാണ് ഐതിഹ്യം. ദണ്ഡകാരണ്യ വനത്തിന്റെ ഭാഗമാണ് പഞ്ചവടിയെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിനടുത്തുള്ള കാലാറാം ക്ഷേത്രവും മോദി സന്ദർശിച്ചിരുന്നു. മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ ഈ ക്ഷേത്രത്തിൽ കറുത്ത ശിലകൊണ്ടുള്ള ശ്രീരാമന്റെ വിഗ്രഹമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

modi2

രാമായണവുമായി ഏറെ ബന്ധമുള്ള ആന്ധ്രാപ്രദേശിലെ ലേപാക്ഷിയിലെ ചരിത്രപ്രസിദ്ധമായ വീരഭദ്ര ക്ഷേത്രത്തിലും മോദി ദർശനം നടത്തി. രാവണൻ സീതയെ അപഹരിച്ച് ലങ്കയിലേക്ക് പോകുമ്പോൾ മാർഗമദ്ധ്യേ ജടായു സീതയെ രക്ഷികാൻ ശ്രമിക്കുന്നു. എന്നാൽ യുദ്ധത്തിൽ രാവണൻ ചിറകുകൾ അരിഞ്ഞ് ജടായുവിനെ പരാജയപ്പെടുത്തുന്നു.രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ചുവരുമ്പോൾ മരിക്കാറായ ജടായുവിനെ കാണുന്നു. രാവണനുമായി താൻ ചെയ്ത യുദ്ധത്തെപ്പറ്റി ജടായു രാമലക്ഷ്മണന്മാരോട് പറയുകയും രാവണൻ സീതയെ അപഹരിച്ചുകൊണ്ടുപോയ ദിക്ക് കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. തുടർന്ന് ജടായുവിന് ശ്രീരാമൻ മോക്ഷം നൽകുന്നത് ഇവിടെവച്ചാണെന്നാണ് ഐതിഹ്യം.

ഇന്ന് രാവിലെയാണ് മോദി ഗുരുവായൂരിലും തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും ദർശനം നടത്തിയത്. കേരളത്തിലെ ശ്രീരാമ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമാണ് തൃപ്രയാർ ക്ഷേത്രം. ഭഗവാൻ ശ്രീകൃഷ്ണൻ ദ്വാരകയിൽ പൂജിച്ചിരുന്ന വിഗ്രഹമാണ് തൃപ്രയാർ ക്ഷേത്രത്തിലെ പ്രധാന വിഗ്രഹം എന്നാണ് വിശ്വാസം. ശ്രീകൃഷ്ണന്റെ സ്വർഗാരാേഹണത്തിനുശേഷം വിഗ്രഹം കടലിൽ നിമജ്ജനം ചെയ്തുവെന്നും കേരളത്തിലെ ഒരു മുക്കുവന് അത് ലഭിച്ചുവെന്നുമാണ് ഐതിഹ്യം.

modi1

ഉപവാസം, നിലത്തുറക്കം

ക്ഷേത്ര ദർശനത്തിനൊപ്പം കഠിനമായ നിഷ്ഠകളാണ് പതിനൊന്ന് ദിവസവും മോദി പാലിക്കുക.ഈ ദിവസങ്ങളൽ സാത്വിക ഭക്ഷണക്രമമാണ് അദ്ദേഹം പാലിക്കുക. ചില ദിവസങ്ങളിൽ ഉപവാസവും. നിലത്തായിരിക്കും ഉറക്കം. ഇതിനൊപ്പം ജപവും ധ്യാനവും പതിവാക്കും. മതഗ്രന്ഥങ്ങൾ വായിക്കുന്നതും ജോലികൾ സ്വയം ചെയ്യുന്നതും ഇതിന്റെ ഭാഗമാണ്. നിലത്തിട്ട പലകയിൽ ബ്ളാങ്കറ്റ് വിരിച്ച് അതിലാണ് ഉറക്കം. വ്രതാനുഷ്ഠാന ദിവസങ്ങളിൽ മുടിയും നഖവും മുറിക്കാൻ പാടില്ല. അധിക സംസാരവും പാടില്ല.

സാത്വിക ഭക്ഷണക്രമം
പുതിയ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ, ശർക്കര, പഞ്ചസാര, പാൽ, മറ്റ് പാലുൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്ന ശുദ്ധമായ സസ്യാഹാരത്തെയാണ് സാത്വിക ഭക്ഷണക്രമം സൂചിപ്പിക്കുന്നത്. സാത്വിക ഭക്ഷണം തയ്യാറാക്കുന്നതിന് ഉള്ളി, വെളുത്തുള്ളി എന്നിവ ഉപയാേഗിക്കാറില്ല. വിശുദ്ധി, മനസിന്റെ വ്യക്തത, ആത്മീയ ക്ഷേമം എന്നിവയ്ക്കാണ് ഈ ഭക്ഷണം ഊന്നൽ നൽകുന്നത്. ഈ രീതി ശാരീരിക ആരോഗ്യവും മാനസിക സന്തുലനവും നൽകുമെന്നാണ് കരുതപ്പെടുന്നത്.