
നിരവധി പേർ ഈ കാലഘട്ടത്തിൽ നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് അകാലനര. ചെറിയ കുട്ടികൾ മുതൽ യുവാക്കൾ വരെ അകാലനര മൂലം കഷ്ടപ്പെടുന്നു. ഇത് മറയ്ക്കാൻ മാർക്കറ്റിൽ ലഭിക്കുന്ന വിലകൂടിയ ഡെെ വാങ്ങി ഉപയോഗിക്കുന്നു. എന്നാൽ ഇത്തരം വിലകൂടിയ ഡെെ മുടിക്ക് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. കെമിക്കൽ ഡെെ ഉപയോഗിക്കുപ്പോൾ കുറച്ച് നാൾ നരച്ച മുടി കറുക്കുമെങ്കിലും പിന്നീട് അതിന്റെ ഇരട്ടിനര വരുന്നു. എന്നാൽ വീട്ടിൽ തന്നെ പ്രകൃതിദത്തമായി നരയ്ക്ക് പരിഹാരം കാണാം. വീട്ടിൽ തന്നെ ഇരുന്ന് നര കറുപ്പിക്കാനുള്ള ഒരു എളുപ്പവഴി നോക്കാം.
ആവശ്യമായ സാധനങ്ങൾ
1. തേയിലപ്പൊടി
2. ഉലുവ
3. കരിഞ്ചീരകം
4.പനിക്കൂർക്ക ഇല
5. തുളസി
6. പപ്പായ
7. നെല്ലിക്ക
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ തേയിലപ്പൊടിയും ഉലുവയും രണ്ട് സ്പൂൺ കരിഞ്ചീരകവും ചേർത്ത് മൂന്ന് നാല് മിനിട്ട് തിളപ്പിക്കുക ( മുടിയുടെ അളവ് അനുസരിച്ച് സാധനങ്ങളുടെ അളവിൽ മാറ്റം വരുത്താം). ഉലുവ മുടിവളരാനും സഹായിക്കുന്നു. ഇവ തണുത്തശേഷം അരിച്ചെടുക്കണം. അടുത്തതായി കുറച്ച് തുളസി ഇലയും പനിക്കൂർക്കയിലയും പപ്പായ ഇലയും ചേർത്ത് നല്ല പോലെ അരച്ച് എടുക്കുക. അരയ്ക്കാനായി നേരത്തെ തയ്യാറാക്കി വച്ച തേയില വെള്ളം ഉപയോഗിക്കാം.
ഈ അരച്ച മിശ്രിതം ഒരു ചീനച്ചട്ടിയിൽ എടുക്കുക. ശേഷം ഇതിലേക്ക് കുറച്ച് നെല്ലിക്കപ്പൊടി ചേർക്കുക. മുൻപ് തയ്യാറാക്കിയ തേയില വെള്ളം ഉപയോഗിച്ച് നെല്ലിക്കപ്പൊടി അതിൽ യോജിപ്പിക്കാം. ഇനി ഇത് ചീനച്ചട്ടിയിൽ തന്നെ 48മണിക്കൂർ സൂക്ഷിക്കണം. 48മണിക്കൂർ കഴിഞ്ഞ് ഈ മിശ്രിതം എടുക്കുമ്പോൾ നല്ല കട്ടക്കറുപ്പായിരിക്കും. ഈ മിശ്രിതം തലമുടിയിൽ നല്ലപോലെ തേയ്ച്ചുപിടിപ്പിക്കണം. മുടിയിൽ എണ്ണമയം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം വേണം ഇത് ഉപയോഗിക്കാൻ. ഒരു മണിക്കൂർ മുടിയിൽ വച്ച ശേഷം ഇത് കഴുകികളയാം. കഴുകുമ്പോൾ ഷാംപൂ ഉപയോഗിക്കരുത്.