
കൊച്ചി: സംസ്ഥാനത്ത് 4000 കോടിരൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെല്ലിംഗ്ടൺ ഐലൻഡിലാണ് കൊച്ചി കപ്പൽശാലയുടെ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രവും രണ്ടാമത്തെ ഡ്രൈഡോക്കും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽ പി ജി ഇറക്കുമതി ടെർമിനലും മോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചത്. ഇന്ന് സൗഭാഗ്യ ദിനമാണെന്നും കേരളത്തിന്റെ വികസനോത്സവത്തിൽ പങ്കെടുക്കാൻ അവസരം കിട്ടിയെന്നും മോദി പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുത്തു. പദ്ധതി ഉദ്ഘാടനം ചെയ്യാൻ നേരിട്ടെത്തിയതിന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. കേരളത്തിന്റെ മണ്ണിൽ 4000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുന്നതിൽ അഭിമാനം. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ മെയ്ഡ് ഇൻ കേരളയുടെ സംഭാവന ചെറുതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
'പുതിയ പദ്ധതികൾ വികസനത്തിന്റെ നാഴികക്കല്ലാകും. രാജ്യത്തെ ഏറ്റവും വലിയ ഡ്രെെ ഡോക് യാർഡ് ആണ് കൊച്ചിയിലേത്. 10വർഷത്തിനിടെ ഷിപ്പിംഗ് മേഖലയിൽ ഉണ്ടായത് വൻ കുതിച്ചുചാട്ടമാണ്. കേന്ദ്ര പരിഷ്കരണ നടപടികൾ കാരണം തുറമുഖ മേഖലയിൽ നിക്ഷേപം കൂടി. ചരക്കുകപ്പലുകൾക്ക് കാത്തുകിടക്കേണ്ട സാഹചര്യം ഒഴിവായി. തൊഴിൽ അവസരം ഉയർന്നു. പുതിയ ഡ്രെെ ഡോക് രാജ്യത്തിന് അഭിമാനമാണ്. കപ്പൽ അറ്റകുറ്റപ്പണികൾക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാകും. ഇന്ത്യ -ഗൾഫ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി വികസന കുതിപ്പാകും.'- പ്രധാനമന്ത്രി വ്യക്തമാക്കി.