modi

കൊച്ചി: 'നമസ്‌കാരം, എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരെ...നിങ്ങളാണ് ഈ പാർട്ടിയുടെ ജീവൻനാഡി' കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന ബിജെപിയുടെ ശക്തികേന്ദ്ര പ്രമുഖരുടെ പരിപാടിയിൽ മലയാളത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചുതുടങ്ങിയത്. വില്ലിംഗ്‌ടൺ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ തുടങ്ങി 4000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തതിനുശേഷമാണ് പ്രധാനമന്ത്രി മറൈൻ ഡ്രൈവിലെത്തിയത്.

'വിപരീത പരിസ്ഥിതിയിലും കേരളത്തിലെ മുക്കിലും മൂലയിലുമുള്ള പ്രവർത്തകരുടെ പലതലമുറകൾ ബിജെപിയുടെ പതാക ഉയർത്തി പിടിക്കുന്നു. രാജ്യനീതി ഹിംസ ചെയ്യപ്പെടുമ്പോഴും ദേശഭക്തിയോട് പ്രതിബദ്ധത കാട്ടുന്ന ബിജെപി പ്രവർത്തകരെ ശിരസാ വണങ്ങുന്നു. കേരളത്തിലെ ജനങ്ങളുടെ സ്‌നേഹം എന്നും അത്ഭുതപ്പെടുത്താറുണ്ട്. ആയിരക്കണക്കിന് ജനങ്ങൾ എന്നെ അനുഗ്രഹിക്കാനെത്തി.

കേരളത്തിലെ ബിജെപി പ്രവ‌ർത്തകരുടെ കഴിവ് വളരെ വലുതാണ്. ഇതുപോലെ വലിയ പരിപാടികൾ നടത്താൻ ശക്തമായ സംഘടനയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ. ബിജെപി ഇന്ന് രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും പാർട്ടിയായി മാറിക്കഴിഞ്ഞു. ബിജെപിക്ക് മാത്രമേ വേഗത്തിലുള്ള വികസനത്തിന്റെ ചരിത്രമുള്ളൂ. ഭാവിയെപ്പറ്റി കൃത്യമായ കാഴ്ചപ്പാടുള്ളൂ. പാവങ്ങൾ, സത്രീകൾ, യുവാക്കൾ, കർഷകർ എന്നിവരെ ശക്തിപ്പെടുത്തിയാലേ വികസിത ഭാരതം സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ. പാവങ്ങളുടെ ക്ഷേമത്തിന് വളരെ പ്രാധാന്യം നൽകുന്ന പാർട്ടിയാണ് ബിജെപി.

പാവങ്ങൾക്ക് നല്ല ചികിത്സ ലഭ്യമാക്കി, നല്ല വീടുകൾ നിർമിച്ചുനൽകി, സൗജന്യ റേഷൻ നൽകി, സൗജന്യ പാചകവാതകം നൽകി. ഇത്തരത്തിൽ ബിജെപി പാവങ്ങളുടെ ജീവിതം സുരക്ഷിതമാക്കി. രാജ്യത്തെ സാധാരണക്കാരുടെ വരുമാനവും സമ്പാദ്യവും വർദ്ധിപ്പിക്കുകയെന്നതാണ് ബിജെപി സർക്കാരിന്റെ പ്രാഥമിക ലക്ഷ്യം.

ആയുഷ്‌മാൻ ഭാരത് പദ്ധതിയിലൂടെ രാജ്യത്തെ സാധാരണക്കാർക്ക് ഒരു ലക്ഷം കോടി രൂപയുടെ ലാഭമുണ്ടായി. ജന ഔഷധി കേന്ദ്രങ്ങളിൽ നിന്ന് 80 ശതമാനം കിഴിവിൽ മരുന്ന് ലഭിക്കുന്നതിലൂടെ ജനങ്ങൾക്ക് ഏകദേശം 25,000 കോടി രൂപയുടെ ലാഭമുണ്ടായി. പത്ത് വർഷം മുൻപ് അസ്ഥിര സർക്കാരാണ് രാജ്യം ഭരിച്ചത്. ഏഴുലക്ഷം രൂപവരെയുള്ള വരുമാനത്തിന് ആദായനികുതി വേണ്ടെന്ന് ബിജെപി സർക്കാർ തീരുമാനിച്ചു. രാജ്യത്തെ നികുതി ദായകർക്ക് രണ്ടര ലക്ഷം കോടി രൂപയുടെ ലാഭമുണ്ടായി. ബിജെപി സർക്കാർ മൊബൈൽ ഫോണിന്റെയും ഡാറ്റയുടെയും വില കുറച്ചു'- മോദി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്‌ദുല്ലക്കുട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി കെ സുരേന്ദ്രൻ തേക്കിൽ തീർത്ത അമ്പിന്റെയും വില്ലിന്റെയും മാതൃക സമ്മാനമായി നൽകിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.