man

വിവാഹം കഴിക്കാനും കഴിക്കാതിരിക്കാനും ഓരോരുത്തർക്കും പലകാരണങ്ങളാണ്. ചിലർ രക്ഷിതാക്കളുടെ നിർബന്ധപ്രകാരം വിവാഹം കഴിക്കുമ്പോൾ മറ്റുചിലർ ഇഷ്ടപ്പെട്ടവരെ വിവാഹം ചെയ്യുന്നു. ഇവയൊക്കെ വർഷങ്ങൾക്ക് മുൻപുളള കാര്യങ്ങളാണ്. എന്നാൽ ഇന്ന് എല്ലാവർക്കും വിവാഹത്തെക്കുറിച്ച് പല സങ്കൽപ്പങ്ങളും ഉണ്ടാകും. സ്വതന്ത്രമായ ജീവിതത്തിന് വിവാഹം ഒരു ബാദ്ധ്യതയായി കാണുന്നവരും നമുക്ക് ചുറ്റുമുണ്ടാകും.ഒരു വിഭാഗം പേർ ഒറ്റയ്ക്കുളള ജീവിതത്തിൽ നിന്നും സന്തോഷം കണ്ടെത്താൻ ശ്രമിക്കുമ്പോൾ മറ്റൊരു വിഭാഗം ഡേറ്റിംഗ് പോലുളള പുത്തൻ ട്രെൻഡുകൾ തേടി പോകാറുണ്ട്,

എന്നാൽ ദാമ്പത്യജീവിതത്തിന്റെ ആവശ്യകതയെക്കുറിച്ചുളള ചില പഠനങ്ങൾ അടുത്തിടെ പുറത്തുവന്നിട്ടുണ്ട്. ഇത് ഏറെ ചർച്ചകൾക്കും കാരണമായിട്ടുണ്ട്. കൊളറാഡോ സർവ്വകലാശാലയിലെ അമേരിക്കൻ കോളേജ് ഓഫ് കാ‌ർഡിയോളജി വിഭാഗത്തിലെ ചില ഗവേഷകരാണ് പഠനങ്ങൾ നടത്തിയിരിക്കുന്നത്. പുരുഷൻമാരുടെ ദാമ്പത്യജീവിതത്തെക്കുറിച്ചാണ് ഇവരുടെ പഠനം. പുരുഷൻമാരുടെ ആയുസും വിവാഹവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് ഇവരുടെ കണ്ടെത്തൽ.

couple

വിവാഹിതരായ പുരുഷൻമാരുടെ ആയുസ് അവിവാഹിതരായ പുരുഷൻമാരെക്കാൾ കൂടുതലാണെന്നാണ് പുറത്തുവന്ന പഠനങ്ങളിലുളളത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാർക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ പിടിപ്പെടാനുളള സാദ്ധ്യത കൂടുതലാണെന്നും പഠനങ്ങളിൽ പറയുന്നു. വിവാഹിതരായ പുരുഷൻമാരുടെ ഹൃദയാരോഗ്യം അവിവാഹിതരായ പുരുഷൻമാരുടെ ആരോഗ്യത്തെക്കാളും മെച്ചപ്പെട്ടതാണെന്ന് പറയുന്നു.

ഇതിനായി ഗവേഷകർ തിരഞ്ഞെടുത്തത് അമേരിക്കയിലെ 45നും 84 വയസിനുമിടയിൽ പ്രായമുളള 6800 പുരുഷൻമാരെയാണ്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് നടത്തിയ പഠനത്തിൽ ഇവരിൽ നിന്ന് 94 പുരുഷൻമാരെ ഗവേഷകർ തിരഞ്ഞെടുത്തു. ഗുരുതര ഹൃദയസംബന്ധമായ അസുഖങ്ങളുളളവരാണ് തിരഞ്ഞെടുത്തവരിൽ കൂടുതൽ പേരും. തുടർന്ന് ഇവരുടെ ദാമ്പത്യജീവിത്തെക്കുറിച്ചും സാമൂഹികജീവിത്തെക്കുറിച്ചും വിശദമായ അന്വേഷണങ്ങളും ഗവേഷകർ നടത്തുകയുണ്ടായി.

ഹൃദയസംബന്ധമായ ഗുരുതര അസുഖങ്ങൾ ബാധിച്ച് അവിവാഹിതരായ പുരുഷൻമാരാണ് ഏറ്റവും കൂടുതൽ മരണപ്പെടുന്നതെന്ന് കണ്ടെത്തി. എന്നാൽ അസുഖങ്ങളുളള പുരുഷൻമാരിൽ ചിലർ വിവാഹബന്ധം വേർപ്പെടുത്തിയവരുമുണ്ട്. ഇവരിൽ അതിജീവനം കൂടുതലായി കാണപ്പെടുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു. ഇതിലൂടെയാണ് വിവാഹത്തിന്റെ പ്രാധാന്യം ഉയർന്നുവരുന്നത്. ജീവിതത്തിന്റെ കുറച്ച് ഭാഗമെങ്കിലും വിവാഹബന്ധം കാത്തുസൂക്ഷിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്.

life

അതേസമയം, വിവാഹം സ്ത്രീകളുടെ ആയുസിനെ ബാധിക്കുന്നില്ലെന്നും പഠനങ്ങളിൽ പറയുന്നു. ഒരു വ്യക്തിയുടെ ആരോഗ്യനിലയും അയാളുടെ ദാമ്പത്യജീവിതവും പരസ്പരം ബന്ധപ്പെടുന്നുവെന്ന് പഠനത്തിൽ മുഖ്യപങ്കുവഹിച്ച കതാറിന ലെയ്ബ പറയുന്നു. ഇതിനുപിന്നാലെ കണ്ടെത്തലിന്റെ കാരണവും ഗവേഷകർ തന്നെ വിശദീകരിക്കുകയുണ്ടായി.

പങ്കാളികൾ തമ്മിലുളള ആത്മബന്ധമാണ് പ്രധാനപ്പെട്ട കാരണമായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. ആരോഗ്യമുളള ദാമ്പത്യബന്ധം പുലർത്തുന്നതിലൂടെ പുരുഷൻമാരുടെ മാനസികാരോഗ്യം മെച്ചപ്പെടുന്നു. ഇതിലൂടെ അവരിലുണ്ടാകുന്ന മാനസികസംഘർഷം കുറയുമെന്നാണ് പഠനത്തിൽ പറയുന്നത്. ഏതെങ്കിലും തരത്തിലുളള അസുഖം ബാധിക്കുകയാണെങ്കിൽ പങ്കാളിയുടെ പൂർണശ്രദ്ധയും പരിപാലനും പുരുഷൻമാർക്ക് ലഭിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

life

കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ലഭിക്കുന്ന പിന്തുണയാണ് രണ്ടാമതായി ഗവേഷകർ കാരണമായി കണ്ടെത്തിയിരിക്കുന്നത്. വിവാഹിതരായ പുരുഷൻമാർക്കുണ്ടാകുന്ന ഏത് തരത്തിലുളള പ്രശ്നങ്ങളിലും പരിഹാരം കണ്ടെത്താൻ പങ്കാളിയടക്കം കുടുംബത്തിലെയും സമൂഹത്തിലെയും ആളുകൾ ഉണ്ടാകുമെന്നും പറയുന്നു. ഉത്തരവാദിത്തത്തിലൂടെ വിവാഹിതരായ പുരുഷൻമാർ കൂടുതലായും ആരോഗ്യത്തിൽ ബോധവാൻമാരായി മാറുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.