manipur

ഇംഫാൽ: മണിപ്പൂരിൽ അക്രമികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ രണ്ട് പൊലീസ് കമാൻഡോകൾ കൊല്ലപ്പെട്ടു. ഇന്ത്യ- മ്യാൻമർ അതിർത്തി ജില്ലയായ തെൻകോനൗപലിലെ മോറേയിൽ ഇന്നലെ രാവിലെ താത്‌കാലിക പൊലീസ് പോസ്റ്റിനു നേരെയുണ്ടായ അക്രമത്തിൽ വാങ്‌ഖെം സോമർജിത് മെയ്‌തേ, തഖെല്ലംബം സൈലേഷ്‌വോർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രണ്ട് കമാൻഡോകളെ കോപ്‌റ്ററിൽ ഇംഫാലിലേക്ക് മാറ്റി. സംഘർഷ പശ്ചാത്തലത്തിൽ തെൻകോനൗപലിൽ കർഫ്യൂ പ്രഖ്യാപിച്ചു.

സുരക്ഷാ പോസ്റ്റിനു നേരെ അക്രമികൾ ബോംബെറിയുകയും വെടിയുതിർക്കുകയും ചെയ്‌തതാണ് ഏറ്രുമുട്ടലിലേക്ക് നയിച്ചത്. ഗ്രനേഡുകളും ഷെല്ലുകളും ഉൾപ്പെടെ മാരകമായ ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമത്തിൽ നിരവധി വാഹനങ്ങളും തകർന്നു. ഒരു സ്കൂളിനും നിരവധി കെട്ടിടങ്ങൾക്കും തീയിട്ടു. ഷെല്ലാക്രമണത്തിൽ താത്കാലിക കമാൻഡോ പോസ്റ്റുകൾ തകർന്നു.

സുരക്ഷാ സേന തിരിച്ചടിച്ചടിച്ചെങ്കിലും റോഡിൽ പ്രതിഷേധക്കാർ നിരന്നു നിന്നത് തടസമായി. ഇതിനിടെയാണ് കമാൻഡോകൾക്ക് വെടിയേറ്റത്. മരിച്ച സോമർജിത് ഇംഫാൽ വെസ്റ്റ് ജില്ലയിലെ മാലോം സ്വദേശിയാണ്. പ്രതിഷേധക്കാരിൽ ഒരു വൃദ്ധയടക്കം ചിലർക്ക് പരിക്കേറ്റു.

അറസ്റ്രിലായവർക്കായി പ്രതിഷേധം

കഴിഞ്ഞ വർഷം ഒക്‌ടോബറിൽ കുക്കി കലാപകാരികളുടെ അക്രമത്തിൽ ആനന്ദ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേരെ അറസ്റ്ര് ചെയ്‌തിരുന്നു. ഇതിനെതിരെ കുക്കി അനുകൂല സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിനിടെയാണ് പൊലീസ് പോസ്റ്റ് അക്രമിക്കപ്പെട്ടത്. സുരക്ഷാ സേനയുടെ വാഹനങ്ങൾക്ക് നേരെ വെടിയുതിർത്ത ഹേംഖോലാൽ മേറ്റ്, ഫിലിപ്പ് ഖൈഖോലാൽ ഖോങ്‌സായി എന്നിവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നൂറു കണക്കിനാളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. കുക്കി സിവിൽ സൊസൈറ്റി ഗ്രൂപ്പ് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറത്തിന്റെ (ഐ.ടി.എൽ.എഫ്) വനിതാ വിഭാഗവും ഉപരോധ സമരം നടത്തി.

മൊറേയിൽ സംസ്ഥാന പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് കുക്കികൾക്ക് പരാതിയുണ്ട്. അതിനാൽ കേന്ദ്രസേന മാത്രം മതിയെന്നാണ് ആവശ്യം. ഇതിനിടെയാണ് വൻ പ്രതിഷേധവും സംഘർഷവുമുണ്ടായത്. മൊറേയിലേക്ക് വന്ന സേനയുടെ ട്രക്ക് സായുധരായ അക്രമികൾ തള്ളിമാറ്റുന്നതിന്റെ വീഡിയോ പുറത്തുവന്നു.

കോപ്റ്ററുകൾ തേടി മണിപ്പൂർ സർക്കാർ

പരിക്കേറ്രവരെ മാറ്റാനും അക്രമികളെ നേരിടാനും കൂടുതൽ ഹെലികോപ്റ്ററുകൾ ആവശ്യപ്പെട്ട് മണിപ്പൂർ സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. മൊറേയിലേക്ക് ആയുധങ്ങളും മറ്റും റോഡുമാർഗം കൊണ്ടുവരുന്നത് സുരക്ഷിതമല്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നു. കുക്കി വിഭാഗത്തെ മണിപ്പൂർ ജനതയായി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ് ആരോപിച്ചു.