rahul-mamkootathil

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷവുമായി ബന്ധപ്പെട്ട എല്ലാ കേസിലും യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചു. അറസ്റ്റിലായ എട്ടാം ദിവസമാണ് തിരുവനന്തപുരം സിജെഎം കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. ഇതോടെ ഇന്നുതന്നെ രാഹുൽ ജയിലിൽ നിന്ന് പുറത്തിറങ്ങും.

ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 25,000 രൂപ കെട്ടിവയ്ക്കണം. എല്ലാ ചൊവ്വാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട പ്രധാന കേസിലും ഡിജിപി ഓഫീസ് മാർച്ചിലുമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്, ഡിജിപി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസും.

ജാമ്യമില്ലാ വകുപ്പുകളായിരുന്നു രാഹുലിനെതിരെ ചുമത്തിയിരുന്നത്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് രാഹുലിനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. രാഹുലിന്റെ ജാമ്യാപേക്ഷ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയതിന് പിന്നാലെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത് പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെ നിരവധി നേതാക്കൾ രാഹുലിനെ ജയിലിൽ സന്ദർശിച്ചിരുന്നു.

നവകേരളസദസിനുനേരെ നടന്ന പ്രതിഷേധങ്ങളെ പൊലീസും സിപിഎമ്മും കായികമായി നേരിട്ടതിനെതിരേ ഡിസംബർ 20ന് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയിരുന്നു. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതേത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഒന്നാം പ്രതി. കേസിൽ എം.എൽ.എമാരായ ഷാഫി പറമ്പിൽ, എം. വിൻസെന്റ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. രാഹുൽ മാങ്കൂട്ടത്തിൽ നാലാം പ്രതിയാണ്.