
റാമിന്റെ ചിത്രത്തിലൂടെ തമിഴിൽ നായികയായി അരങ്ങേറ്റം കുറിച്ചും മലൈക്കോട്ടൈ വാലിബനിൽ സൊണാലി കുൽകർണിക്ക് ശബ് ദം നൽകിയും ഗ്രേസ് ആന്റണി
സിനിമയിലെ ഏറ്റവും മനോഹരമായ യാത്രയിലാണ് ഗ്രേസ് ആന്റണി. പുതുവർഷത്തിൽ ഗ്രേസിന്റെ ആദ്യ റിലീസായ വിവേകാനന്ദൻ വൈറലാണ് തിയേറ്ററിലുണ്ട്. ഷൈൻ ടോം ചാക്കോയുടെ നായികമാരിൽ ഒരാൾ.മലൈക്കോട്ടൈ വാലിബൻ എന്ന മോഹൻലാൽ - ലിജോ ജോസ് പെല്ലിശേരി ചിത്രത്തിൽ ബോളിവുഡ് താരം സൊണാലി കുൽകർണിക്ക് ഗ്രേസ് ആന്റണി ആണ് ശബ്ദം നൽകുന്നത്. റാം സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ഗ്രേസ് സിനിമയിലെ പുതിയ വിശേഷങ്ങൾ വാരാന്ത്യ കൗമുദിയോട് പങ്കുവയ്ക്കുന്നു.
വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രം ഗ്രേസിന് എങ്ങനെയാണ് പ്രത്യേകത നിറഞ്ഞതായി മാറുന്നത്?
കമൽ സാർ സംവിധാനം ചെയ്യുന്ന സിനിമ എന്നതാണ് എനിക്ക് പ്രത്യേകത ഉള്ളതായി മാറുന്നത്. ഒരു സിനിമ തിരഞ്ഞെടുക്കാൻ പല കാരണങ്ങളും ഉണ്ടാകും. ചില കഥാപാത്രങ്ങൾ ചെയ്യണമെന്ന കൊതിയോ ആഗ്രഹമോ ഉണ്ടാകാം. ചിലപ്പോൾ ചില സംവിധായകരുടെ കൂടെ പ്രവർത്തിക്കണമെന്ന താത്പര്യം കൊണ്ടായിരിക്കാം. അനുഭവസമ്പത്തുള്ള ഒരു സംവിധായകന്റെ കൂടെ സിനിമ ചെയ്യുക എന്നത് ആഗ്രഹമായിരുന്നു. അത് ഈ സിനിമയിലൂടെയാണ് സാധിച്ചത്. കമൽ സാർ തന്നെയാണ് എന്നെ വിളിച്ചതും കഥാപാത്രം ഏൽപ്പിച്ചതും. ആദ്യം എനിക്ക് ചെറിയ ആശയക്കുഴപ്പം ഉണ്ടായിരുന്നു. പക്ഷേ തിരക്കഥ വായിച്ചപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാ സിനിമകളും തിരക്കഥ വായിച്ചുതന്നെയാണ് തിരഞ്ഞെടുക്കുക. സീനിയർ സംവിധായകനാണെങ്കിലുംഒരു ഗൗരവവും കാണിച്ചില്ല. എനിക്കുണ്ടായ സംശയങ്ങളെല്ലാം മനസിലാക്കിത്തന്നു. വേണ്ടുന്ന കാര്യങ്ങൾ മാത്രം ചെയ്തുകൊടുത്താൽ മതി എന്ന പാഠം കമൽസാറിനൊപ്പം ജോലി ചെയ്തതിലൂടെ പഠിച്ചു. ബാക്കി സിനിമകളിൽ നമ്മുടേതായ പങ്ക് കഥാപാത്രത്തിന് കൊടുക്കേണ്ടതുണ്ട്. ഒരു കഥാപാത്രം എന്തൊക്കെ ചെയ്യും, എന്തെല്ലാമാണ് വേണ്ടത് എന്ന വ്യക്തത കമൽ സാറിനുണ്ട്. അതുമാത്രം ചെയ്താൽ മതി. അതുകൊണ്ടുതന്നെ ഇത് പൂർണമായും കമൽ സാർ സിനിമയാണ്.
അഭിനയ പ്രാധ്യാനമേറിയ കഥാപാത്രങ്ങളെ എങ്ങനെയാണ് കൃത്യമായി ലഭിക്കുന്നത്?
അത് മലയാള സിനിമ എനിക്ക് തരുന്ന അംഗീകാരമാണെന്ന് പറയാം. ഇത്രയും നല്ല തിരക്കഥകൾ എന്നെത്തേടി എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഈ സിനിമ എനിക്ക് വേണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. അഭിനയസാദ്ധ്യതയുള്ള നല്ല കഥാപാത്രങ്ങൾ നോക്കി തിരഞ്ഞെടുക്കാൻ കഴിയുന്നതും അതുകൊണ്ടായിരിക്കാം. ഈ അവസരങ്ങളാണ് എന്റെ ഭാഗ്യം. ഞാൻ നോ പറഞ്ഞ സിനിമകൾ ആയിരിക്കും കൂടുതൽ. പക്ഷേ ഒരിക്കലും അതിൽ വിഷമം തോന്നിയില്ല. കമ്മിറ്റ് ചെയ്ത സിനിമകൾ ചിലപ്പോൾ പരാജയപ്പെട്ടേക്കാം. പക്ഷേ അതിലും ഒരു സംതൃപ്തിയുണ്ട്. കഥാപാത്രത്തെ പ്രേക്ഷകർ ഓർത്തിരിക്കും. മലയാള സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമാണ്.
തമിഴിൽ എത്താൻ വൈകി എന്ന് കരുതുന്നുണ്ടോ ?
എല്ലാം അതിന്റേതായ സമയത്ത് നടക്കുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. കുമ്പളങ്ങി നൈറ്റ്സിന് ശേഷം തമിഴിൽ നിന്ന് ഒരുപാട് അവസരം വന്നു. പക്ഷേ അതൊന്നും എന്നെ ആകർഷിച്ചില്ല. എനിക്ക് കാര്യമായി ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ അത്തരം സിനിമകളുടെ ഭാഗമാകുന്നത് ആദ്യ കാലത്ത് വലിയ ബുദ്ധിമുട്ടാകും എന്ന് ചിന്തിച്ചു. ആദ്യമായി ചെയ്യുന്ന തമിഴ് സിനിമ മികച്ചത് ആകണം എന്ന ആഗ്രഹവും ഉണ്ടായിരുന്നു. പേരൻപിന്റെ സംവിധായകൻ റാം സാറിന്റെ സിനിമയിലൂടെ തമിഴിൽ എത്താൻ കഴിഞ്ഞത് മറ്രൊരു ഭാഗ്യം. നിവിൻ പോളിയാണ് എന്നെ വിളിച്ച് ഇത്തരം ഒരു സിനിമ റാം സാർ ചെയ്യുന്നുണ്ടെന്ന് പറയുന്നത്.ഞങ്ങൾക്കിടയിൽ നല്ല ഒരു സൗഹൃദമുള്ളതിനാൽ നിവിൻ വെറുതേ പറയുന്നതല്ലെന്ന വിശ്വാസം എനിക്കുണ്ട്. കഥ കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു . മിർച്ചി ശിവയാണ് നായകൻ. കോമഡി പ്രമേയമാണ്. മലയാളത്തിലെ പോലെ ഒറ്റ ഷെഡ്യൂളിൽ തീരുന്നതല്ല തമിഴ് സിനിമ . 25 ദിവസം പ്ലാൻ ചെയ്ത ഷൂട്ട് 80 ദിവസം വരെ നീണ്ടു. രാപ്പകൽ ഇല്ലാത്ത ഓട്ടമായിരുന്നു. ഞാൻ ഇത്രയും കഠിനാധ്വാനം ചെയ്ത സിനിമ ഇതുവരെ ഉണ്ടായിട്ടില്ല. ആദ്യമായി ഹാപ്പി വെഡിംഗിൽ അഭിനയിച്ചപ്പോൾ ഉണ്ടായ തോന്നൽ തന്നെ വീണ്ടും അനുഭവപ്പെട്ടു.
സിനിമയുടെ മറ്റു മേഖലയിൽ എത്തുന്നു ?
മലൈക്കോട്ടൈ വാലിബനിൽ നായികയായ സൊണാലി കുൽകർണിക്ക് ശബ്ദം നൽകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ആദ്യമായാണ് മറ്റൊരാൾക്ക് ശബ്ദം നൽകുന്നത്. അപ്രതീക്ഷിതമായി ലഭിച്ച അവസരം . അതെനിക്ക് നല്ല അനുഭവമായിരുന്നു.
കഴിഞ്ഞ വർഷം എനിക്ക് റിലീസുകളൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം അഭിനയിച്ച നാല് സിനിമകൾ ഈ വർഷം റിലീസ് ചെയ്യും. ജീത്തു ജോസഫ് സാർ സംവിധാനം ചെയ്യുന്ന ബേസിൽ ജോസഫ് നായകനായ നുണക്കുഴി ആണ് അടുത്ത റിലീസ്. അത്യാവശ്യം നല്ല സിനിമകൾ ഈ വർഷം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ അത്രമാത്രം തിരക്കഥകൾ വായിക്കുന്നുണ്ട്.
നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയുന്ന സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന മധുവിധു എന്ന വെബ് സീരീസിൽ നല്ല ഒരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
എന്താണ് ഗ്രേസിന് സിനിമ?
സിനിമ എനിക്ക് ജീവിതം തന്നെയാണ്. സിനിമയിലേക്ക് വരുന്ന സമയത്ത് ഇതെനിക്ക് സ്വപ്നമായിരുന്നു. ഇപ്പോൾ ഞാൻ ആ സ്വപ്നത്തിൽ ജീവിക്കുകയാണ്. അതിൽ ജീവിക്കുമ്പോൾ തന്നെ സിനിമയെപ്പറ്റിയും എനിക്ക് ചെയ്യാനുള്ള കാര്യങ്ങളെ പറ്റിയും സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നു. സിനിമയല്ലാതെ വേറെയൊരു ഓപ്ഷൻ എനിക്കില്ല. അതുകൊണ്ടുതന്നെ ഇവിടെ നിലനിന്ന് പോകാൻ എന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ നല്ല സിനിമകൾ ചെയ്യുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. സിനിമയല്ലാതെ മറ്റൊരു കരിയർ എനിക്ക് മാറ്റി ചിന്തിക്കാൻ സാധിച്ചിട്ടില്ല.
ഈ യാത്രയിൽ എന്ത് പഠിച്ചു ?
സ്കൂളിൽ ടീച്ചർമാർ പഠിപ്പിക്കുമ്പോൾ ഒരു വിരസത തോന്നാറുണ്ടായിരുന്നു. പക്ഷേ സിനിമ എന്തെങ്കിലും പഠിപ്പിച്ചാൽ യാതൊരു മടിയും തോന്നിയില്ല. അത്രമാത്രം സ്ഥാനം ഞാൻ സിനിമയ്ക്ക് കൊടുക്കുന്നുണ്ട്. ഒരുപാട് കാര്യങ്ങൾ പഠിച്ചു. മനുഷ്യരെ എങ്ങനെ തിരിച്ചറിയാം എന്ന കാര്യമാണ് ഏറ്റവും പ്രധാനമായി പഠിച്ചത്. വിജയത്തിൽ നമുക്ക് വേണ്ടി കൈകൊട്ടാനും ആർപ്പുവിളിക്കാനും പിറകെ ക്യാമറയുമായി ഓടാനും ഒരുപാട് ആളുകൾ ഉണ്ടാകും. പക്ഷേ പരാജയം വരുമ്പോൾ യഥാർത്ഥ സുഹൃത്തുക്കളെയും ബന്ധുക്കളെയും മനസിലാകും. എന്റെ ജീവിതം എല്ലാർക്കും വേണ്ടി തുറന്നുവയ്ക്കുന്നതിനോട് താത്പര്യപ്പെടുന്നില്ല. ജീവിതം സ്വകാര്യമായിരിക്കാനാണ് ഇഷ്ടം.
ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. നല്ലതും മോശവുമായ ഒരുപാട് സന്ദർഭങ്ങളിലൂടെ കടന്നു പോകാറുണ്ട്. അതിനെയെല്ലാം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിച്ചു. കുറച്ചുകൂടെ ബോൾഡാകാൻ സാധിച്ചു. എന്റെ വ്യക്തിത്വത്തെ മാറ്റാൻ സിനിമ ഒരുപാട് സഹായിച്ചിട്ടുണ്ട്.