police

രാംനഗർ (ജാർഖണ്ഡ്): ഫിക്സഡ് സെപ്പോസിറ്റിലെ പണം നൽകാൻ വിസമ്മതിച്ചതിന് പതിനേഴുകാരിയെ അച്ഛനും രണ്ടാനമ്മയും ചേർന്ന് തല്ലിക്കൊന്ന് കെട്ടിത്തൂക്കി. ജാർഖണ്ഡിലെ രാംനഗറിലാണ് കൊടുംക്രൂരത അരങ്ങേറിയത്. ഖുശി കുമാരിയാണ് കൊല്ലപ്പെട്ടത്. സുനിൽ മഹ്തോ, ഭാര്യ പുനം ദേവി എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ഖുശി കുമാരിയുടെ സഹോദരൻ നൽകിയ പരാതിയെത്തുടർന്നായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ പതിമൂന്നിനാണ് ഖുശി കുമാരിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ചെന്നാണ് സുനിലും ഭാര്യയും എല്ലാവരോടും പറഞ്ഞത്. എന്നാൽ മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് സഹോദരൻ ഭദാനി നഗർ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൊലപാതകം പുറത്തറിഞ്ഞത്.

ഖുശി കുമാരിക്ക് ബാങ്കിൽ ആറുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം ഉണ്ടായിരുന്നു. ഇക്കാര്യം സുനിലിനും പുനത്തിനും അറിയാമായിരന്നു. ഇതിൽ നിന്ന് പണം നൽകണമെന്ന് ഇരുവരും ഖുശിയോട് ആവശ്യപ്പെട്ടു. നിർബന്ധിച്ചിട്ടും ഭീഷണിപ്പെടുത്തിയിട്ടും പണം നൽകാൻ തയ്യാറാവാത്തതോടെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദനമേറ്റ് മരിച്ചതോടെ മൃതദേഹം വീട്ടിനുള്ളിൽ കെട്ടിത്തൂക്കുകയും തൂങ്ങിമരിച്ചുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.

ദമ്പതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് നൂറുണക്കിന് ഗ്രാമീണർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രകടനവും നടത്തി. പ്രതികളെ റിമാൻഡ് ചെയ്തു.