
മുംബയ്: വാതിലിന്റെ ലോക്ക് തകരാറിലായതിനെത്തുടർന്ന് വിമാനത്തിലെ ടോയ്‌ലെറ്റിൽ യാത്രക്കാരൻ കുടുങ്ങിയത്
ഒരു മണിക്കൂറിലേറെ. മുംബയ് - ബംഗളൂരു എസ് ജി 268 സ്‌പൈസ് ജെറ്റിൽ ചൊവ്വാഴ്‌ചയായിരുന്നു സംഭവം.
മുംബയിൽ നിന്ന് പുലർച്ചെ രണ്ടിന് വിമാനം പറന്നുയർന്നു. പിന്നാലെ യാത്രക്കാരൻ ടോയ്‌ലെറ്റിൽ കയറി. വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ ഒരു മണിക്കൂർ ഉള്ളിൽ. വാതിൽ തുറക്കാൻ ജീവനക്കാർ പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും നടന്നില്ല. ഇതിനിടെ യാത്രക്കാരൻ പരിഭ്രാന്തനാകാതിരിക്കാൻ ജീവനക്കാർ ഒരു കുറിപ്പ് വാതിലിനിടയിലൂടെ നൽകി. അതിങ്ങനെയായിരുന്നു- 'സർ, ഞങ്ങൾ ശ്രമിച്ചിട്ട് വാതിൽ തുറക്കാനാകുന്നില്ല. പരിഭ്രാന്തനാകരുത്. അൽപസമയത്തിനകം ലാൻഡ് ചെയ്യും. അതുവരെ സുരക്ഷിതമായി ടോയ്ലറ്റിന്റെ അടപ്പിനുമുകളിൽ ഇരിയ്ക്കണം. എൻജിനിയർ വന്നാലുടൻ വാതിൽ തുറക്കും".
ഒടുവിൽ 3.42ന്
ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌ത ശേഷം ടെക്‌നീഷ്യനെത്തി വാതിൽ ശരിയാക്കി. ശേഷമാണ് യാത്രക്കാരൻ
പുറത്തിറക്കിയത്. യാത്രികൻ അവശനും പരിഭ്രാന്തിയിലുമായിരുന്നു, സംഭവത്തിൽ ക്ഷമ ചോദിച്ച്
സ്‌പെസ് ജെറ്റ് വാർത്താക്കുറിപ്പ് ഇറക്കി.
നിർഭാഗ്യവശാൽ, ലോക്കിന്റെ തകരാറുകാരണം യാത്രക്കാരൻ ഒരു മണിക്കൂറോളം കുടുങ്ങിയെന്നും ശരിയാക്കുന്നതു വരെ ജീവനക്കാർ അദ്ദേഹത്തിന് നിർദ്ദേശങ്ങളും സഹായവും നൽകിയെന്നും കമ്പനി അറിയിച്ചു.
ടിക്കറ്റ് നിരക്ക് തിരിച്ചുനൽകും
ടോയ്‌ലെറ്റിൽ കുടുങ്ങിയ യാത്രക്കാരന് ടിക്കറ്റ് നിരക്ക് തിരിച്ചു നൽകുമെന്ന് സ്‌പൈസ് ജെറ്ര് അറിയിച്ചു. സംഭവം വിവാദമായതോടെ കമ്പനി ക്ഷമാപണവുമായി എത്തിയിരുന്നു. പുറത്തിറങ്ങിയ ഉടൻ വൈദ്യപരിശോധന നടത്തിയെന്നും അറിയിച്ചു.
ഇൻഡിഗോയ്ക്കും
വിമാനത്താവളത്തിനും പിഴ
ന്യൂഡൽഹി: മുംബയ് വിമാനത്താവളത്തിലെ റൺവേയിലിരുന്ന് യാത്രക്കാർ ഭക്ഷണം കഴിച്ച സംഭവത്തിൽ ഇൻഡിഗോ വിമാന കമ്പനിക്ക് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) 1.2 കോടി രൂപയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) 30 ലക്ഷം രൂപയും പിഴ ചുമത്തി. മുംബയ് വിമാനത്താവളത്തിന് 60 ലക്ഷം രൂപയും ഡി.ജി.സി.എ 30 ലക്ഷം രൂപയും പിഴയിട്ടു.
ഡൽഹിയിൽ മൂടൽമഞ്ഞിനെ തുടർന്ന് വൈകിയ വിമാനം മുംബയ് വിമാനത്താവളത്തിൽ പിടിച്ചിട്ടപ്പോഴാണ് യാത്രക്കാർ പുറത്തിറങ്ങി ഭക്ഷണം കഴിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ ഇൻഡിഗോയോടും മുംബയ് ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിനോടും വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് നടപടി.
പൈലറ്റുമാരുടെ റോസ്റ്ററിംഗ് ഉത്തരവ് പാലിക്കാത്തതിന് സ്‌പൈസ് ജെറ്റിനും എയർ ഇന്ത്യയ്ക്കും ഡി.ജി.സി.എ 30 ലക്ഷം രൂപ വീതവും പിഴയിട്ടു.