tc-harshad

കണ്ണൂർ‌: സെൻട്രൽ ജയിലിൽ നിന്ന്‌ തടവുചാടിയ മയക്കുമരുന്ന്‌ കേസിലെ പ്രതി ടിസി ഹർഷാദിനെ പിടിക്കാൻ‌ പ്രത്യേക സംഘം രൂപീകരിച്ചു. സിറ്റി പൊലീസ് കമ്മിഷണർ അജിത്ത് കുമാറിന്റെ നിർദേശ പ്രകാരം അസി. കമ്മിഷണർ ടി കെ രത്നകുമാറിന്റെയും ടൗൺ പൊലീസ് ഇൻസ്പെക്ടർ പി എ ബിനു മോഹന്റെയും നേതൃത്വത്തിലാണ്‌ അന്വേഷണ സംഘം രൂപീകരിച്ചത്‌.

പ്രതിയെ തെരഞ്ഞ് അന്വേഷണ സംഘം ബംഗളൂരുവിൽ എത്തിയിട്ടുണ്ട്. പ്രദേശത്തെ മയക്കുമരുന്ന് സംഘത്തെ പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. ഹർഷാദിന്റെ സംഘത്തിന്റെ താവളങ്ങൾ പൊലീസ് നിരീക്ഷിച്ച് വരികയാണ്. നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

10 വർഷത്തെ ശിക്ഷ അനുഭവിക്കുകയായിരുന്ന കൊയ്യോട് ചെമ്പിലോട്ടെ ടിസി ഹർഷാദാണ് (34) പൊലീസിനെ കബളിപ്പിച്ച് ഗേറ്റിന് സമീപം കാത്തുനിന്ന യുവാവിന്റെകൂടെ ബൈക്കിൽ കടന്നത്. കഴിഞ്ഞ സെപ്തംബർ ഒൻപതിനാണ് ജയിൽശിക്ഷ തുടങ്ങിയത്.

കഴിഞ്ഞ ഞായറാഴ്‌ച രാവിലെ 6.45നാണ് സംഭവം. ജയിലിലെ വെൽഫയർ ഓഫീസുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തിരുന്ന ഹർഷാദ്, പതിവുപോലെ പത്രക്കെട്ട് എടുക്കാൻ ഗേറ്റിൽ എത്തിയിരുന്നു. പത്രക്കെട്ട് പുറത്തെ പടിക്കെട്ടിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇത് എടുക്കുന്നതിനായി ഇറങ്ങിയശേഷം ബൈക്കിൽ കാത്തുനിന്ന യുവാവിനൊപ്പം രക്ഷപ്പെടുകയായിരുന്നു. അധികൃതർ തെരച്ചിൽ തുടങ്ങിയപ്പോഴേക്കും അരമണിക്കൂർ കഴിഞ്ഞിരുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ണൂർ ടൗൺ ഭാഗത്തേക്കാണ് പോയതെന്ന് വ്യക്തമായി. ദേശീയ പാതയിലെ വാഹനങ്ങളിലും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.