ആക്രമിച്ചത് ജെയ്ഷ് അൽ - അദ്ൽ ഭീകര താവളങ്ങൾ
രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു
കറാച്ചി:പാകിസ്ഥാന്റെ വ്യോമാതിർത്തി ലംഘിച്ച് ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ രണ്ട് കുട്ടികൾ കൊ ല്ലപ്പെട്ടു. മൂന്ന സ്ത്രീകൾക്ക് പരിക്കേറ്റു. ജെയ്ഷ് അൽ - അദ്ൽ എന്ന ഇറാനിയൻ ഭീകരഗ്രൂപ്പിന്റെ താവളങ്ങൾക്ക് നേരെ നടന്ന ആക്രമണം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കി.
ഇറാനിലെ തങ്ങളുടെ അംബാസഡറെ പാകിസ്ഥാൻ തിരികെ വിളിച്ചു. നാട്ടിലേക്ക് പോയ ഇറാൻ അംബാസർ തിരികെ വരുന്നതും വിലക്കി. പാക് വിദേശ മന്ത്രാലയം ശക്തമായ പ്രതിഷേധം ഇറാനെ അറിയിച്ചു.
സ്വതന്ത്ര ബലൂചിസ്ഥാന് വേണ്ടി വാദിക്കുന്ന തദ്ദേശീയ സുന്നി മുസ്ലീം തീവ്രവാദി ഗ്രൂപ്പായ ജെയ്ഷ് അൽ - അദ്ൽ ഇറാനിലും പാകിസ്ഥാനിലും നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെ ബലൂചിസ്ഥാനിലെ പഞ്ച്ഗുഡിൽ തീവ്രവാദികളുടെ കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ആക്രമണം. ബോംബുകൾ വഹിച്ച ആറ് ഡ്രോണുകളും റോക്കറ്റുകളുമാണ് ഇറാൻ പ്രയോഗിച്ചത്.ഒരു പള്ളിയും തകർന്നു.
ഇസ്രയേൽ - ഗാസ സംഘർഷം തുടരുന്നതിനിടെ പാലസ്തീനികളെ അനുകൂലിച്ച് ഇറാൻ സിറിയയിലും ഇറാക്കിലും നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് പാകിസ്ഥാനിലും കടന്നാക്രമിച്ചത്. തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിനുള്ള തിരിച്ചടിയാണെന്ന് ഇറാൻ പറയുന്നു. ജെയ്ഷ് അൽ - അദ്‌ലിനെതിരെ കർശന നടപടിയെടുക്കണമെന്ന് ഇറാൻ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു.
പാകിസ്ഥാൻ കാവൽ പ്രധാനമന്ത്രി അൻവാർ ഉൽ ഹഖ് കക്കറും ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ അമീർ - അബ്ദൊള്ളഹയാനും സ്വിറ്റ്സർലൻഡിൽ ലോക സാമ്പത്തിക ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തുകയും പേർഷ്യൻ ഗൾഫിൽ ഇരുരാജ്യങ്ങളുടെയും നാവിക സേന സംയുക്ത സൈന്യകാഭ്യാസം നടത്തുകയും ചെയ്യുന്നതിനിടെയാണ് ആക്രമണം.അതിർത്തിയിൽ ആക്രമണങ്ങൾ നടത്തുന്ന തീവ്രവാദികൾക്ക് അഭയം നൽകുന്നെന്ന് ഇരുരാജ്യങ്ങളും പരസ്പരം പഴിചാരുന്നത് പതിവാണ്.900 കിലോമീറ്റർ വരുന്ന ഇറാൻ - പാകിസ്ഥാൻ അതിർത്തി വളരെക്കാലമായി സംഘർഷ ഭരിതമാണ്.
ജെയ്ഷ് അൽ - അദ്ൽ
രൂപീകരണം - 2012
പേരിന്റെ അർത്ഥം - നീതിയുടെ സൈന്യം
ബലൂച് സുന്നി മുസ്ലീം ഗ്രൂപ്പ്
ഇറാനിലും പാകിസ്ഥാനിലും ആക്രമണങ്ങൾ
ഇരുകൂട്ടരും സംയമനം പാലിക്കണം. പിരിമുറുക്കങ്ങൾ വർദ്ധിപ്പിക്കുന്ന നടപടികൾ ഒഴിവാക്കണം.
- ചൈന