arrested

സുൽത്താൻബത്തേരി: വയനാട്ടിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 15.29 ഗ്രാം എംഡിഎംഎയുമായി വന്ന കോഴിക്കോട് സ്വദേശിയെ പൊലീസ് പിടികൂടി. നല്ലളം സിദ്ധിഖ് നിവാസിൽ എച്ച് ഷാഹുലിനെയാണ് (26) ബത്തേരി എസ് ഐ കെ വി ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. എംഡിഎംഎ സിഗരറ്റ് പാക്കറ്റിലാണ് ഒളിപ്പിച്ചിരുന്നത്. ഇത് കോഴിക്കോട് എത്തിച്ച് ചില്ലറ വിൽപന നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഇയാൾക്കൊപ്പം ഇനിയും കൂടുതൽ പേരുണ്ടോയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തിവരുകയാണ്.

അതേസമയം,​ കണ്ണൂരിൽ ലക്ഷങ്ങൾ വിലവരുന്ന ലഹരിമരുന്നുമായി യുവതിയടക്കം നാലുപേരെ അടുത്തിടെ പിടികൂടിയിരുന്നു. പുതിയതെരു സ്വദേശി സി.റിസ്‌വാൻ(22), മൈതാനപള്ളി സ്വദേശി ടി.പി.ദിൽഷിദ് (33), റിസ്‌വാന്റെ സഹോദരൻ മുഹമ്മദ് യാസർ (26), മരക്കാർകണ്ടി സ്വദേശിനി അപർണ അനീഷ്(19) എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. രണ്ട് ഇടങ്ങളിൽ നിന്നായാണ് പൊലീസ് മയക്കുമരുന്ന് വേട്ട നടത്തിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിലെ ഒരു ലോഡ്ജിൽ പരിശോധന നടത്തിയപ്പോഴാണ് യാസറും അപർണയും ലഹരിമരുന്ന് ഉപയോഗത്തിനിടെ പിടിയിലായത്. ഇവരുടെ കൈയിൽ നിന്നും 1.4 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. തുടർന്ന് ഇവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തളാപ്പ് ജോൺമില്ലിന് സമീപത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും റിസ്വാനെയും ദിൽഷിദിനെയും പിടികൂടുകയായിരുന്നു.ഇരുവരുടെയും കൈയിൽ നിന്നും 156.61 ഗ്രാം എം.ഡി.എം.എയും 111.72 ഗ്രാം ഹാഷിഷ് ഓയിലും മൂന്ന് മൊബൈൽ ഫോണും ഹാഷിഷ് ഓയിൽ ഒഴിക്കാനായി ഉപയോഗിക്കുന്ന എട്ട് ബോട്ടിലുകളും എം.ഡി.എം.എ വിൽക്കാനായി ഉപയോഗിക്കുന്ന 19 കവറുകളും പിടിച്ചെടുത്തു.