
കൊച്ചി: കാവി തൊപ്പി. പൈജാമയ്ക്ക് മുകളിൽ മോദി കോട്ട്. കേരളത്തിലെ ഫാഷൻ ഹബ്ബായ കൊച്ചിയിൽ ഇക്കുറി ഉത്തരേന്ത്യൻ ഗെറ്റപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ എത്തിയത്. ഓരോ സംസ്ഥാനങ്ങളിലും സന്ദർശിക്കുമ്പോൾ ആ നാടിന്റെ തനത് വേഷം ധരിക്കുക മോദിയുടെ രീതികളിൽ ഒന്നായിരുന്നു. എന്നാൽ കേരളത്തിലെ രണ്ടാം റോഡ് ഷോയിൽ പതിവ് വസ്ത്രത്തെയാണ് മോദി കൂട്ടുപിടിച്ചത്. ജുബ്ബയും മുണ്ടും ധരിച്ചായിരുന്നു പോയവർഷം തേവരയിൽ നടന്ന റോഡ് ഷോയ്ക്കായി മോദി എത്തിയത്.
സുരേഷ് ഗോപിയുടെ മകളേയും വരനേയും ആശിർവദിച്ച് പ്രധാനമന്ത്രി
ഗുരുവായൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. പ്രധാനമന്ത്രിക്ക് ഗുരുവായൂരപ്പന്റെ ദാരുശിൽപം ദേവസ്വം അധികൃതർ സമർപ്പിച്ചു. താമര മൊട്ടുകൾ കൊണ്ട് തുലാഭാരം നടത്തി. കേരളീയ വേഷത്തിൽ ഗുരുവായൂർ അമ്പലത്തിലെത്തിയ പ്രധാനമന്ത്രിയെ തന്ത്രി ചേന്നാസ് നമ്പൂതിരിപ്പാട്, ദേവസ്വം പ്രസിഡന്റ് വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഒരു മണിക്കൂറോളം അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ ചെലവഴിച്ചു. തുടർന്ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത മോദി വധൂവരൻമാരെ ആശീർവദിച്ചു. ക്ഷേത്രത്തിൽ ഇന്ന് രാവിലെ വിവാഹിതരായ മറ്റു വധുവരൻമാരേയും പ്രധാനമന്ത്രി ആശംസ അറിയിച്ചു.
പ്രധാനമന്ത്രി ഡൽഹിക്ക് യാത്രയായി
രണ്ടുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിക്ക് മടങ്ങി. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് യാത്രയാക്കിയത്. തൃശൂർ, എറണാകുളം ജില്ലകളിലെ പരിപാടികൾ പൂർത്തിയാക്കി ഉച്ച കഴിഞ്ഞ് 3.10 ന് നേവൽ ബേസിൽ നിന്ന് ഹെലികോപ്ടറിൽ എത്തിയ പ്രധാനമന്ത്രി വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 3.39 നാണ് ഡൽഹിയിലേക്ക് തിരിച്ചത്.