stock

സെൻസെക്‌സിലെ നഷ്ടം 1628 പോയി​ന്റ്

കൊച്ചി: അമേരിക്കയിൽ പലിശ നിരക്ക് കുറയാൻ സമയമെടുക്കുമെന്ന വാർത്തകളും എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വായ്പാ രംഗത്തെ തളർച്ചയും ഇന്നലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ് സൃഷ്ടിച്ചു. ആശങ്കാകുലരായ വൻകിട ഫണ്ടുകൾ സൃഷ്ടിച്ച വില്പന സമ്മർദ്ദത്തിൽ മുംബയ് ഓഹരി സൂചികയായ സെൻസെക്സ് 1,628 പോയിന്റ് ഇടിഞ്ഞ് 71,500.76 ൽ എത്തി. നിഫ്റ്റി 460 പോയിന്റ് നഷ്ടത്തോടെ 21,572 ൽ എത്തി. കഴിഞ്ഞ പതിനെട്ട് മാസത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയാണിത്. ഇതോടെ വിവിധ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണി മൂല്യത്തിൽ 4.45 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ബാങ്കിംഗ്, മെറ്റൽ മേഖലകളിലെ കമ്പനികളുടെ ഓഹരികളിലാണ് ഇന്നലെ വൻ തകർച്ചയുണ്ടായത്.

അമേരിക്കയിൽ നാണയപ്പെരുപ്പം ശക്തമായി തുടരുന്നതിനാൽ പലിശ കുറയാൻ കൂടുതൽ സമയെടുക്കുമെന്ന് ഫെഡറൽ റിസർവ് ഗവർണർ ക്രിസ്റ്റഫർ വാലറിന്റെ പ്രസ്താവനയും ആഗോള വ്യാപകമായി ഓഹരി വിപണികളിൽ തകർച്ച സൃഷ്ടിച്ചു. ഇതോടെ അമേരിക്കൻ ഡോളറിന്റെ മൂല്യം ഒരു മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതി​ച്ചി​രുന്നു. യു.എസ് കടപ്പത്രങ്ങളുടെ മൂല്യവും കുത്തനെ കൂടി.

എച്ച്.ഡി.എഫ്.സി ബാങ്ക്

ഓഹരി​യി​ൽ 8% ഇടി​വ്

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരി വിലയിൽ ഇന്നലെ എട്ട് ശതമാനം ഇടിവുണ്ടായി. ഐ.ടി മേഖലയിലെ കമ്പനികൾ ഒഴികെ പ്രമുഖ ഓഹരികളുടെ വില ഇന്നലെ മൂക്കുകുത്തി. എസ്.ബി.ഐ, ടാറ്റ സ്റ്റീൽ, കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസെർവ്, ഏഷ്യൻ പെയിന്റ് എന്നിവയാണ് ഇന്നലെ തകർച്ച നേരിട്ട പ്രധാന ഓഹരികൾ.