
കൊച്ചി : ഡൽഹിയിലെ ഭരണത്തിന് കേരളത്തിലെ ജയവും അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അതിനായുള്ള കഠിനാദ്ധ്വാനം ഓരോ ബൂത്തിലും ഉണ്ടാകണമെന്നും ബി.ജെ,പിയുടെ ബൂത്തുതല സംഘടനാ ശക്തികേന്ദ്രഭാരവാഹികളെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ബി.ജെ.പിയുടെ ശക്തികേന്ദ്ര പ്രമുഖരുടെ പരിപാടിയിൽ മലയാളത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചുതുടങ്ങിയത്.
വിപരീത പരിസ്ഥിതിയിലും കേരളത്തിലെ മുക്കിലും മൂലയിലുമുള്ള പ്രവർത്തകരുടെ പലതലമുറകൾ ബി.ജെ.പിയുടെ പതാക ഉയർത്തി പിടിക്കുന്നു. രാജ്യനീതി ഹിംസ ചെയ്യപ്പെടുമ്പോഴും ദേശഭക്തിയോട് പ്രതിബദ്ധത കാട്ടുന്ന ബി.ജെ.പി പ്രവർത്തകരെ ശിരസാ വണങ്ങുന്നു. കേരളത്തിലെ ജനങ്ങളുടെ സ്‌നേഹം എന്നും അത്ഭുതപ്പെടുത്താറുണ്ട്. ആയിരക്കണക്കിന് ജനങ്ങൾ എന്നെ അനുഗ്രഹിക്കാനെത്തി.കേരളത്തിലെ ബി.ജെ.പി പ്രവർത്തകരുടെ കഴിവ് വളരെ വലുതാണ്. ഇതുപോലെ വലിയ പരിപാടികൾ നടത്താൻ ശക്തമായ സംഘടനയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ. ബി.ജെ.പി ഇന്ന് രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും പാർട്ടിയായി മാറിക്കഴിഞ്ഞു. ബിജെപിക്ക് മാത്രമേ വേഗത്തിലുള്ള വികസനത്തിന്റെ ചരിത്രമുള്ളൂ. ഭാവിയെപ്പറ്റി കൃത്യമായ കാഴ്ചപ്പാടുള്ളൂവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തെ സാധാരണക്കാരുടെ വരുമാനവും സമ്പാദ്യവും വർദ്ധിപ്പിക്കുകയെന്നതാണ് ബിജെപി സർക്കാരിന്റെ പ്രാഥമിക ലക്ഷ്യം.ആയുഷ്‌മാൻ ഭാരത് പദ്ധതിയിലൂടെ രാജ്യത്തെ സാധാരണക്കാർക്ക് ഒരു ലക്ഷം കോടി രൂപയുടെ ലാഭമുണ്ടായി. ജന ഔഷധി കേന്ദ്രങ്ങളിൽ നിന്ന് 80 ശതമാനം കിഴിവിൽ മരുന്ന് ലഭിക്കുന്നതിലൂടെ ജനങ്ങൾക്ക് ഏകദേശം 25,000 കോടി രൂപയുടെ ലാഭമുണ്ടായി. പത്ത് വർഷം മുൻപ് അസ്ഥിര സർക്കാരാണ് രാജ്യം ഭരിച്ചത്. ഏഴുലക്ഷം രൂപവരെയുള്ള വരുമാനത്തിന് ആദായനികുതി വേണ്ടെന്ന് ബി.ജെ.പി സർക്കാർ തീരുമാനിച്ചു. രാജ്യത്തെ നികുതി ദായകർക്ക് രണ്ടര ലക്ഷം കോടി രൂപയുടെ ലാഭമുണ്ടായി. ബി.ജെ.പി സർക്കാർ മൊബൈൽ ഫോണിന്റെയും ഡാറ്റയുടെയും വില കുറച്ചുവെന്നും മോദി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.