
ഏഷ്യൻ കപ്പ്: ഇന്ത്യ - ഉസ്ബെക്കിസ്ഥാൻ മത്സരം ഇന്ന്
ദോഹ: ഏഷ്യൻ കപ്പ് ടൂർണമെന്റിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ഉസ്ബെക്കിസ്ഥാനെ നേരിടും. അൽറയ്യാൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം. ആദ്യ മത്സരത്തിൽ ഇന്ത്യ കരുത്തരായ ഓസ്ട്രേലിയയോട് 2-0ത്തിന് തോറ്റിരുന്നു. ഉസ്ബെക്കിസ്ഥാൻ ആദ്യ മത്സരത്തിൽ സിറിയയോട് ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു.
നോക്കൗട്ട് സാധ്യത നിലനിറുത്താൻ ഇന്ത്യയ്ക്ക് ഇന്ന് തോൽക്കാതിരിക്കേണ്ടത് അത്യവശ്യമാണ്. മികച്ച നാല് മൂന്നാംസ്ഥാനക്കാർക്കും നോക്കൗട്ടിലേക്ക് അവസരമുണ്ട്.ഗ്രൂപ്പ് ബിയിൽ ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ സിരിയയും ഓസ്ട്രേലിയയും തമ്മിൽ ഏറ്രുമുട്ടും.
തോൽക്കരുത്
ഇന്ന് ഉസ്ബെക്കിസ്ഥാനെതിരെ തോറ്റാൽ ഇന്ത്യയുടെ നോക്കൗട്ട് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിക്കും. അതിനാൽ തന്നെ സമനിലയിലൂടെ ഒരുപോയിന്റെങ്കിലും നേടി നോക്കൗട്ട് പ്രതീക്ഷ നിനിറുത്താനാണ് സുനിൽ ഛെത്രിയും സംഘവും ഇന്ന് കിണഞ്ഞു ശ്രമിക്കുക. ആദ്യ മത്സരത്തിൽ ലോകറാങ്കിംഗിൽ 25-ാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്കെതിരെ മികച്ച പ്രകടനം തന്നെയാണ് ഇന്ത്യ പുറത്തെടുത്തത്. ആദ്യ പകുതിയിൽ ഒരു ഗോൾ പോലു വഴങ്ങാതെ ഓസീസിനെ പിടിച്ചുകെട്ടാനും കഴിഞ്ഞു. ആ മികവ് പുറത്തെടുക്കാനായാൽ ഇന്ത്യയ്ക്ക് ഇന്ന് കാര്യങ്ങൾ എളുപ്പമാകും.ഓസ്ട്രേലിയക്കെതിരെ ഇറങ്ങിയ അതേ ഇലവനെ തന്നെയാകും ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്ച് ഇന്നും ഇറക്കുകയെന്നാണ് റിപ്പോർട്ട്.
ജയിക്കാനായിട്ടില്ല
ഇതുവരെ നേർക്കുനേർ വന്ന മത്സരങ്ങളിൽ ഒരിക്കൽപ്പോലും ഇന്ത്യയ്ക്ക് ഉസ്ബെക്കിനെ തോൽപ്പിക്കാനായിട്ടില്ല. കളിച്ച 6 മത്സരങ്ങളിൽ നാലിലും ഉസ്ബെക്കിസ്ഥാൻ ജയിച്ചു. രണ്ടെണ്ണം സമനിലയായി.
2001ലാണ് ഇരുടീമും അവസാനം മുഖാമുഖം വന്നത്.
വലിയ പിന്തുണ
മത്സരവേദിയായ ഖത്തറിൽ ഇന്ത്യയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആതിഥേയരായ ഖത്തർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സപ്പോർട്ട് കിട്ടുന്നത് ഇന്ത്യയ്ക്കാണ്. പരിശീലനം കാണാൻ പോലും മലാളികൾ ഉൾപ്പെടെ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഓസ്ട്രേലിയയുമായുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി മുപ്പതിനായിത്തിലധികം ആരാധകർ അൽ റയ്യാൻ സ്‌റ്റേഡിയത്തിൽ എത്തി.
ലൈവ്
സ്പോർട്സ് 18, ജിയോ സിനിമ