
മൊബൈൽ ഫോണുകളും ക്യാമറകളും ലാപ്‌ടോപ്പുകളുമെല്ലാം പലവട്ടം അപ്ഡേറ്റഡായിട്ടും മണിക്കൂറുകൾ മാത്രം നിലനിൽക്കുന്ന ഇവയുടെ ബാറ്ററി ലൈഫ് നമുക്കെല്ലാം വിഷമമുണ്ടാക്കുന്ന ഒന്നാണ്. പരമാവധി ഒരു ദിവസമൊക്കെയാണ് പലപ്പോഴും ബാറ്ററി ലൈഫ്. ഇപ്പോഴിതാ ഈ പ്രശ്‌നത്തിന് അത്ഭുതപ്പെടുത്തുന്ന ഒരു പരിഹാരം വന്നിരിക്കുന്നു ചൈനയിൽ നിന്ന്. ഒരു ചൈനീസ് സ്റ്റാർട്ടപ്പാണ് പുതിയ ബാറ്ററി കണ്ടെത്തിയിരിക്കുന്നത്. ഒറ്റ ചാർജിൽ 50 കൊല്ലം വരെ ലൈഫ് കിട്ടുന്ന ബാറ്ററിയാണ് ബെറ്റവോൾട്ട് എന്ന കമ്പനി തയ്യാറാക്കിയിരിക്കുന്നത്. ആയുസ് കൂടുതലുണ്ടെങ്കിലും ബാറ്ററിയുടെ വലുപ്പം അത്ര കൂടുതലല്ല. ഒരു നാണയത്തെക്കാൾ ചെറുതാണ് ബെറ്റവോൾട്ട് തയ്യാറാക്കിയ ന്യൂക്ളിയാർ ബാറ്ററിയായ BV100. ജനുവരി എട്ടിന് ഇത് സാധാരണക്കാരുടെ ഉപയോഗത്തിനായി കമ്പനി തയ്യാറാക്കി.
ബാറ്ററി ഇപ്പോഴും പൂർണ തോതിൽ വികസിപ്പിച്ചുവരുന്നതേയുള്ളു കമ്പനി. ഭാവിയിൽ സ്‌മാർട്‌ഫോണുകളിലേക്കും ഇവ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. യൂറോപ്യൻ, അമേരിക്കൻ സാങ്കേതികവിദ്യകളെക്കാൾ ഏറെ മുന്നിലാണ് തങ്ങളുടെ ഈ സാങ്കേതികവിദ്യയെന്ന് ബെറ്റവോൾട്ട് അധികൃതർ അവകാശപ്പെട്ടു. നിക്കലിന്റെ റേഡിയോ ആക്‌ടീവ് ഐസോടോപ്പായ എൻ ഐ-63 ഉപയോഗിച്ചാണ് ബാറ്ററി ഊർജം പുറപ്പെടുവിക്കുന്നത്.സെമി കണ്ടക്‌ടറായി 10 മൈക്രോൺ കനമുള്ള വജ്രമാണ് ഉപയോഗിക്കുന്നത്. 3300 മെഗാവാട്ട് മണിക്കൂർ സ്റ്റോറേജും ലിഥിയം ബാറ്ററിയെക്കാൾ 10 ഇരട്ടി മികവും ഈ ബാറ്ററിക്കുണ്ടെന്നാണ് കമ്പനി അധികൃതർ അവകാശപ്പെടുന്നത്. 50 വർഷം ചാർജ് ചെയ്യുകയോ തകരാറുണ്ടാകുകയോ ചെയ്യില്ല.
ആണവോർജ ബാറ്ററിയാണെങ്കിലും ഇത് യാതൊരുവിധ അപകടവും ഉണ്ടാക്കില്ലെന്നാണ് കമ്പനി അവകാശവാദം. മാത്രമല്ല മെഡിക്കൽ ഉപകരണങ്ങളിൽ പേസ്‌മേക്കറിലടക്കം ഘടിപ്പിക്കാവുന്നതാണെന്നും കമ്പനി വാദിക്കുന്നു. ബാറ്ററിയ്‌ക്ക് അനുവാദം ലഭിച്ചാൽ മൊബൈൽ ഫോണുകൾ ഒരിക്കലും ചാർജ് ചെയ്യേണ്ടി വരില്ലെന്നും 15 മിനുട്ട് പറന്നാൽ തിരികെയിറങ്ങുന്ന ഡ്രോണുകൾക്ക് അതിന്റെ ആവശ്യം വരില്ലെന്നും ബെറ്റവോൾട്ട് അധികൃതർ പറയുന്നു.