pic

ബീജിംഗ്: ചാർജ് ചെയ്യാതെ 50 വർഷത്തോളം വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന, ഒരു നാണയത്തോളം മാത്രം വലിപ്പമുള്ള ന്യൂക്ലിയർ ബാറ്ററി വികസിപ്പിച്ച് ചൈനീസ് സ്റ്റാർട്ട്അപ്പ്. ജനുവരി 8ന് രാജ്യത്തെ പൊതുജനങ്ങൾക്ക് മുന്നിൽ ഈ ബാറ്ററിയെ അവതരിപ്പിച്ചിരുന്നു. ബീജിംഗ് ആസ്ഥാനമായുള്ള ബീറ്റാവോൾട്ട് എന്ന കമ്പനിയാണ് ബാറ്ററിയുടെ നിർമ്മാതാക്കൾ. ഭാവിയിൽ സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കാനും വികസനഘട്ടത്തിൽ തുടരുന്ന ഈ ഇത്തിരിക്കുഞ്ഞൻ ബാറ്ററിയ്ക്ക് കഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്. അറ്റോമിക് ഊർജ്ജത്തെ സ്മാർട്ട്ഫോൺ ബാറ്ററികളിൽ ഉപയോഗിക്കാനായാൽ അത് ഊർജ മേഖലയിലെ വമ്പൻ വിപ്ലവമായി മാറും. ബിവി100 എന്ന് പേരിട്ടിരിക്കുന്ന ന്യൂക്ലിയർ ബാറ്ററിയെ അമേരിക്കൻ, യൂറോപ്യൻ ശാസ്ത്ര ഗവേഷണത്തേക്കാൾ ദീർഘവീഷണമുള്ളതെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. നിക്കലിന്റെ റേഡിയോ ആക്ടീവ് ഐസോടോപ്പ് ( Ni-63 ) ഉപയോഗിച്ചാണ് ബാറ്ററിയുടെ പ്രവർത്തനം. Ni-63 പാളികൾക്കിടെയിൽ 10 മൈക്രോൺ മാത്രം കനമുള്ള സിംഗിൾ ക്രിസ്റ്റർ ഡയമണ്ട് സെമി - കണ്ടക്ടർ ഷീറ്റുകൾ ഉപയോഗിച്ചിട്ടുണ്ട്. 3300 മെഗാവാട്ട് മണിക്കൂർ ഊർജം സംഭരിക്കാനുള്ള ശേഷി ബാറ്ററിക്കുണ്ടെന്നും പരമ്പരാഗത ലിഥിയം ബാ​റ്ററികളേക്കാൾ 10 മടങ്ങ് കൂടുതൽ ഊർജ്ജ സാന്ദ്രത നിലനിർത്താൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. 15 മില്ലീമീറ്റർ വീതം നീളവും വീതിയും ഉയരവുമുള്ള ബാറ്ററിക്ക് 100 മൈക്രോവാട്ട്സ് പവറും 3 വോൾട്ട്സ് വോൾട്ടേജുമാണുള്ളത്. കപ്പാസി​റ്റി വളരെ കുറവായതിനാൽ സ്മാർട്ട്‌ഫോൺ പോലെയുള്ള ഒരു ഇലക്ട്രോണിക് ഉപകരണം ചാർജ് ചെയ്യാൻ ഇത് ശക്തമല്ല. അതിനാൽ, പവർ ഉപകരണങ്ങളിലേക്ക് ശ്രേണിയിലോ സമാന്തര കോമ്പിനേഷനുകളിലോ ബിവി100 ഉപയോഗിക്കാനാണ് കമ്പനി നിർദ്ദേശിക്കുന്നത്. ന്യൂക്ലിയർ എനർജി ബാ​റ്ററി ഉപയോഗിക്കുന്നത് അപകടകരമായി തോന്നിയേക്കാം. എന്നാൽ ബാ​റ്ററി തികച്ചും സുരക്ഷിതമാണെന്നും ഭാവിയിൽ ആശുപത്രികളിലും പേസ് മേക്കറുകളിലും കൃത്രിമ ഹൃദയങ്ങളിലും വരെ ഉപയോഗിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. ബാഹ്യ വികിരണം ഇല്ലാത്ത ഈ ബാ​റ്ററികൾ തീ പിടിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യില്ലെന്നും പറയുന്നു. അതേ സമയം, എയ്‌റോസ്‌പേസ് എൻജിനിയറിംഗിൽ തെർമോ ന്യൂക്ലിയർ ബാ​റ്ററികൾ ഇതിനകം ഉപയോഗത്തിലുണ്ട്. എന്നാൽ ബിവി100 യാഥാർത്ഥ്യമാകുന്നതോടെ ദൈനംദിന ജീവിതത്തിൽ ന്യൂക്ലിയർ ബാ​റ്ററികളുടെ ഉപയോഗം സാങ്കേതികവിദ്യയിലെ അടുത്ത പ്രവണതയായി മാറും. പ്രാരംഭഘട്ടത്തിലുള്ള ബാറ്ററിയുടെ വൻ തോതിലുള്ള ഉത്പാദനം ഉടൻ ആരംഭിച്ചേക്കും.