
ബംഗളൂരു: ഇന്ത്യ-അഫ്‌ഗാനിസ്ഥാൻ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്‌ക്ക് തുടക്കത്തിലേ ബാറ്റിംഗ് തകർച്ച. അഞ്ച് ഓവർ പൂർത്തിയായപ്പോൾ ഇന്ത്യയ്‌ക്ക് നാല് മുൻനിര ബാറ്റർമാരെ നഷ്‌ടമായി. പരമ്പരയിൽ ആദ്യമായി പ്ളേയിംഗ് ഇലവനിൽ ഉൾപ്പെട്ട സഞ്ജു സാംസൺ ആദ്യ പന്തിൽ തന്നെ പുറത്തായി. വെറ്ററൻ താരം കൊഹ്‌ലിയും ഗോൾഡൻ ഡക്കായി. ഇതാദ്യമായാണ് കൊഹ്‌ലി ടി20 മത്സരങ്ങളിൽ ഗോൾഡൻ ഡക്കാകുന്നത്. ഇടംകൈ പേസ് ബൗളറായ ഫരീദ് അഹമ്മദാണ് നാലിൽ മൂന്ന് വിക്കറ്റുകളും വീഴ്‌ത്തിയത്. കൊഹ്‌ലിക്കും സഞ്ജുവിനും പുറമേ ഓപ്പണർ യശസ്വി ജെയ്‌സ്വാളിനെയും(4) ഫരീദ് പുറത്താക്കി. ശിവം ദുബെയെ അസ്‌മത്തുള്ള ഒമർസായിയുടെ പന്തിൽ റഹ്‌മാനുള്ള ഗുർബാസ് പിടിച്ച് പുറത്താക്കി.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് തൊട്ടതെല്ലാം പിഴയ്‌ക്കുന്നത് കാണുന്നത്. അതേസമയം മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-0ന് നിലവിൽ ഇന്ത്യ നേടിക്കഴിഞ്ഞു.അഭിമാന പോരാട്ടത്തിൽ വിജയിക്കാനാകും ഇന്ന് അഫ്‌ഗാൻ ശ്രമം. സഞ്ജുവിന് പുറമേ ആവേശ് ഖാൻ, കുൽദീപ് യാദവ് എന്നിവർ ടീമിൽ ഇടം കണ്ടെത്തി.ജിതേഷ് ശർമ്മ, അർഷ്‌ദീപ് സിംഗ്, അക്‌സർ പട്ടേൽ എന്നിവരെ ഒഴിവാക്കി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 8.3 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 49 റൺസ് നേടി.