f

ഇസ്ലാമാബാദ് : ബലൂചിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി പാകിസ്ഥാൻ. ഇറാന്റെ നയതന്ത്ര പ്രതിനിധിയെ പാകിസ്ഥാൻ പുറത്താക്കുകയും സ്വന്തം പ്രതിനിധിയെ ഇറാനിൽ നിന്ന് തിരിച്ചുവിളിക്കുകയും ചെയ്തു. ഇറാനിൽ നിന്ന് തങ്ങളുടെ പ്രതിനിധിയെ തിരിച്ചുവിളിക്കാൻ തീരുമാനിച്ചതായി പാക് വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ ബലോച് ഇസ്ലാമാബാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇറാന്റെ പാകിസ്ഥാനിലേക്കുള്ള അംബാസ‌ഡർ നിലവിൽ ഇറാൻ സന്ദർശനത്തിലാണ്. അദ്ദേഹം ഇപ്പോൾ മടങ്ങിവരണ്ടേതില്ലെന്നും മുംതാസ് കൂട്ടിച്ചേർത്തു. ഇപ്പോൾ നടക്കുന്നതും ആസൂത്രണം ചെയ്തിട്ടുള്ളതുമായ എല്ലാ ഉന്നതതല സന്ദർശനങ്ങളും നിറുത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

പാകിസ്ഥാനിൽ ബലൂചിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. കഴിഞ്ഞദിവസമായിരുന്നു ആക്രമണം. തീവ്രവാദ സംഘടനയായ ജെയ്‌ഷ് അൽ-അദലുമായി ബന്ധമുള്ള രണ്ട് താവളങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടത്തിയതെന്നാണ് ഇറാൻ സൈന്യം വ്യക്തമാക്കുന്നത്. രാജ്യത്തിന് ഭീഷണിയാവുമെന്ന് കണ്ടാണ് ആക്രമണം നടത്തിയതെന്നാണ് സൈനിക കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഇറാക്കിനും സിറിയയ്ക്കും ശേഷം ഇറാന്റെ ആക്രമണം നേരിടുന്ന മൂന്നാമത്തെ രാജ്യമാണ് പാകിസ്ഥാൻ.

എന്നാൽ വ്യോമാക്രമണത്തെ പാകിസ്ഥാൻ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. തങ്ങളുടെ വ്യോമമേഖലയിലേക്ക് ഒരു പ്രകോപനവുമില്ലാതെയുള്ള കടന്നുകയറ്റമാണ് ഇറാൻ നടത്തിയതെന്ന് പാകിസ്ഥാൻ ആരോപിച്ചു. ഒരു കാരണവശാലും അംഗീകരിക്കാനാവാത്ത നടപടിയാണ് ഇതെന്നും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.