
ബംഗളൂരു: റൺമഴ പെയ്ത ട്വന്റി-20 ചരിത്രത്തിലെ തന്നെ ആവേശ പോരാട്ടത്തിൽ രണ്ട് സൂപ്പർ ഓവറുകൾക്കൊടുവിൽ അഫ്ഗാനിസ്ഥാനെ കീഴടക്കി ഇന്ത്യ പരമ്പര തൂത്തുവാരി. ചിന്നസ്വാമി സ്റ്റേഡിയം വേദിയായ മൂന്നാം ട്വന്റി-20യിൽ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ക്യാപ്ടൻ രോഹിത് ശർമ്മയുടേയും ( പുറത്താകാതെ 69 പന്തിൽ 121), അർദ്ധ സെഞ്ച്വറി നേടിയ റിങ്കു സിംഗിന്റെയും (പുറത്താകാതെ 39 പന്തിൽ 69) ബാറ്റിംഗിന്റെ പിൻബലത്തിൽ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി. മറപടിക്കിറങ്ങിയ അഫ്ഗാനിസ്ഥാൻ ഗുർബാസിന്റെയും (50), ക്യാപ്ടൻ ഇബ്രാഹിം സദ്രാന്റെയും (50), ഗുലാബ്‌ദിൻ നയിബിന്റെയും (പുറത്താകാതെ 55) അർദ്ധ സെഞ്ച്വറികളുടേയും മുഹമ്മദ് നബിയുടെ (16 പന്തിൽ 34) വെടിക്കെട്ടിന്റെയും പിൻബലത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 212 റൺസിലെത്തിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു.
സൂപ്പർ ത്രില്ലർ
സൂപ്പർ ഓവറിൽ ഇന്ത്യയ്ക്കായി ബാൾ ചെയ്തത് മുകേഷ് കുമാർ. അഫ്ഗാൻ ഒരുവിക്കറ്റ് നഷ്ടത്തിൽ 16 റൺസ് നേടി. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയും നേടിയത് 16 റൺസ്. മത്സരം അടുത്ത സൂപ്പർ ഓവറിലേക്ക്. രോഹിത് ശർമ്മ അടിച്ച സിക്സിന്റെയും ഫോറിന്റെയും പിൻബലത്തിൽ ഇന്ത്യ 11 റൺസ് നേടി. തുടർന്ന് സൂപ്പർ ഓവർ എറഞ്ഞ രവി ബിഷ്ണോയി ഇന്ത്യയുടെ രക്ഷകനായി. ആദ്യപന്തിൽ നബിയേയും (0) മൂന്നാം പന്തിൽ ഗുർബാസിനേയും (0) റിങ്കു സിംഗിന്റെ കൈകളിൽ എത്തിച്ച് ബിഷ്ണോയി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു.അഫ്ഗാന് നേടാനായത് 1 റൺസ് മാത്രം.
രോഹിത് താണ്ഡവം
കഴിഞ്ഞ രണ്ട് കളിയിലും ഡക്കായ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ഇന്നലെ വെടിക്കെട്ട് സെഞ്ച്വറിയുമായി പ്രായശ്ചിതം ചെയ്തു.22/4 എന്ന നിലയിൽ പ്രതിസന്ധിയിലായിരുന്ന ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ രോഹിത് റിങ്കു ശർമ്മയ്ക്കൊപ്പം 212റൺസിലേക്ക് അടിച്ചു പൊളിച്ച് എത്തിച്ചു.
പരമ്പരയിൽ ആദ്യമായി അവസരം കിട്ടിയ സഞ്ജു സാംസണെ ഫഹീദ് അഹമ്മദ് ഗോൾഡൻ ഡക്കാക്കി. നബിയാണ് ക്യാച്ചെടുത്തത്. യശ്വസി ജയ്സ്വാൾ (4), വിരാട് കൊഹ്ലി (0) എന്നിവരേയും ഫഹീദ് അഹമ്മദും ശിവം ദുബെയെ (1) ഒമർ സായിയും തുടക്കത്തിലേ പുറത്താക്കുകയായിരുന്നു. തുടർന്നാണ് രോഹിതും റിങ്കുവും നിറഞ്ഞാടിയത്. 11 ഫോറും 8 സിക്സും ഉൾപ്പെടെയാണ് രോഹിത് ട്വന്റി-20യിൽ തന്റെ അഞ്ചാം സെഞ്ച്വറി നേടിയത്. റിങ്കു 6 സിക്സും 2 ഫോറും നേടി. ബാറ്റിംഗിൽ നിരാശപ്പെടുത്തിയെങ്കിലും വിക്കറ്റിന് പിന്നിൽ സഞ്ചു തിളങ്ങി.
ചില റെക്കാഡുകൾ
196- അഞ്ചാം വിക്കറ്റിൽ രോഹിതും റിങ്കുവും 95 പന്തിൽ പുറത്താകാതെ നേടിയത് 190റൺസാണ്.ട്വന്റി-20യിൽ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ട്.
36-അവസാന ഓവറിൽ ഇരുവരും 36 റൺസ് നേടി.ട്വന്റി-20യിൽ ഏറ്റവും കൂടുതൽ റൺസ് പിറന്ന ഓവറുകൾക്കൊപ്പമെത്തി ഈ ഓവറും.
രണ്ട് സൂപ്പർ ഓവറുകൾ പിറന്ന ആദ്യ അന്താരാഷ്ട്ര മത്സരം.
5-രോഹിത് ശർമ്മയുടേ ട്വന്റി-20യിൽ ഏറ്രവും കൂടുതൽ സെഞ്ച്വറി നേടിയ താരം (5).