wayanad

സുൽത്താൻ ബത്തേരി: വളർത്തുമൃഗങ്ങൾക്ക് മാത്രമല്ല, സ്വന്തം ജീവനും കടുവ ഭീഷണിയായതോടെ വീടും കൃഷിയിടവും വിട്ട് വാടക വീട്ടിൽ അഭയം തേടി കർഷകൻ. ചൂരിമലയിലെ കൊക്കപ്പള്ളി ബിനീഷാണ് കടുവ ഭീതിയിൽ വീട് വിട്ടൊഴിഞ്ഞത്. മൂന്നര പതിറ്റാണ്ടോളം ചൂരിമലക്കാരനായി കൃഷിയും പശുവളർത്തലുമായി കഴിഞ്ഞു വന്ന ബിനീഷിന്റെ വളർത്തുമൃഗങ്ങളെ കടുവ കൊണ്ടുപോയതോടെ പ്രാണനുംകൊണ്ട് വീടും നാടും വിട്ടോടിപോവുകയായിരുന്നു.

മദ്ധ്യപ്രദേശ് സർക്കാരിന്റെ കൈവശമുള്ള ബീനാച്ചി എസ്റ്റേറ്റിനോട് ചേർന്ന ചൂരിമല ഭാഗത്താണ് ഭാര്യയും മൂന്ന് മക്കളുമായി ബിനീഷ് താമസിച്ചിരുന്നത്. അര ഏക്കറിൽ താഴെ വരുന്ന സ്ഥലത്ത് എല്ലാവിധ കൃഷികളും ചെയ്തു. അടച്ചുറപ്പുള്ള ഒരു വീട് പണിതു. എന്നാൽ കടുവയ്ക്ക് അടച്ചുറപ്പുള്ള വീട് ഒന്നുമല്ലായിരുന്നു. പ്രദേശത്തെ കർഷകരുടെയെല്ലാം വളർത്തുമൃഗങ്ങളെ കടുവ പിടികൂടി. കൂട്ടത്തിൽ ബിനീഷിന്റെ വളർത്തുമൃഗങ്ങളും ഒന്നൊന്നായി കടുവയുടെ ഇരയായി.


വീട് വിട്ടിറങ്ങിയ ബിനീഷ് കൊളഗപ്പാറയിൽ വാടക വീട്ടിലാണ് ഇപ്പോൾ താമസം. പൂട്ടിയിട്ട വീട് വൃത്തിയാക്കാൻ മാത്രമാണ് ചൂരിമല കയറുന്നത്. അതും വല്ലപ്പോഴും.എന്നെങ്കിലും ഒരിക്കൽ കടുവ ശല്യം ഇല്ലാതാകുമ്പോൾ തിരികെ വീട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് ബിനീഷ്. കടുവ, പുലി തുടങ്ങി എല്ലാ വന്യമൃഗങ്ങളും പകൽനേരം പോലും ഇരതേടി ഇറങ്ങുന്ന സ്ഥലമാണ് ചൂരിമല. കൊളപ്പാറ, നമ്പീശൻ കവല, ബീനാച്ചി, മന്തം കൊല്ലി ഭാഗങ്ങളും ഇതിൽ നിന്ന് വ്യത്യസ്തമല്ല.


രണ്ടര പതിറ്റാണ്ട് മുമ്പാണ് ബീനാച്ചി എസ്റ്റേറ്റിൽ നിന്ന് ആദ്യമായി കരിമ്പുലിയെ കിട്ടിയത്. ഇതിനെ പിന്നീട് തൃശൂർ മൃഗശാലയിലേയ്ക്ക് കൊണ്ടുപോയി. വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായ ഈ ഭൂപ്രദേശം സുവോളജിക്കൽ പാർക്ക് ആക്കാനുള്ള നീക്കങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായങ്കിലും,മദ്ധ്യപ്രദേശ് സർക്കാരിന്റെ കൈവശമുള്ള ഈ ഭൂമിയുടെ കൈമാറ്റം നടന്നില്ല. സുവോളജിക്കൽ പാർക്കാകുന്നതോടെ വന്യമൃഗങ്ങൾ പുറത്തിറങ്ങാത്ത പ്രദേശമാകുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. ദിനം പ്രതിയുള്ള കടുവ ശല്യം കാരണം ബിനീഷിന്റെ പാതയിലേക്ക് മറ്റ് കർഷകരും ചിന്തിക്കുകയാണ്. പക്ഷേ, പതിറ്റാണ്ടുകളായി കഴിഞ്ഞു വന്ന വീടും കൃഷിയിടവും ഇട്ടെറിഞ്ഞു പോകാൻ ഇവർക്കാക്കുന്നില്ല.