
ബാങ്കോക്ക്: തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് തെക്കൻ പ്രവിശ്യയായ ഫൂക്കറ്റിലേക്ക് പറന്ന ആഭ്യന്തര വിമാനത്തിൽ ജീവനുള്ള പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. യാത്രക്കാരുടെ സീറ്റിന് മുകളിലായുള്ള ഓവർഹെഡ് ബിന്നിലാണ് പാമ്പിനെ കണ്ടെത്തിയത്.
ജനുവരി 13ന് ബാങ്കോക്കിലെ ഡോൺ മുവാംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട എയർഏഷ്യയുടെ ഫ്ലൈറ്റ് എഫ്.ഡി 3015 വിമാനത്തിലാണ് സംഭവം. ഫൂക്കറ്റിൽ ലാൻഡിംഗിന് മുമ്പ് ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ ഒരു ചെറിയ പാമ്പിനെ കണ്ട യാത്രക്കാരിൽ ഒരാൾ വിമാനത്തിലെ ജീവനക്കാരെ വിവരമറിയിച്ചു. മുൻകരുതൽ നടപടിയായി ജീവനക്കാർ പാമ്പിനെ കണ്ട ഭാഗത്തുണ്ടായിരുന്ന യാത്രക്കാരെ മാറ്റി.
വിമാനം അപകടമില്ലാതെ ലാൻഡ് ചെയ്തതോടെ ബന്ധപ്പെട്ട എൻജിനീയറിംഗ്, സുരക്ഷാ ടീമുകൾ വിമാനത്തിൽ കടന്ന് പരിശോധന നടത്തി. അതേ സമയം, പാമ്പിന് എന്ത് സംഭവിച്ചുവെന്നോ ഏത് തരം പാമ്പായിരുന്നെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഒരു കുപ്പി ഉപയോഗിച്ച് പാമ്പിനെ ഒരു വലിയ പ്ലാസ്റ്റിക് കവറിലേക്ക് നീക്കിയിടുന്ന വിമാന ജീവനക്കാരുടെ വിഡിയോ പുറത്തുവന്നു.
ഇത് രണ്ടാംതവണയാണ് എയർഏഷ്യ വിമാനത്തിൽ പാമ്പിനെ കണ്ടെത്തുന്നത്. 2022 ഫെബ്രുവരിയിൽ തലസ്ഥാനമായ ക്വാലാലംപൂരിൽ നിന്ന് സബയിലേക്ക് യാത്ര ചെയ്ത മലേഷ്യൻ ആഭ്യന്തര വിമാനത്തിൽ പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു. സംഭവത്തെത്തുടർന്ന് വിമാനം സരവാക്ക് സംസ്ഥാനത്തെ കച്ചിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിട്ടിരുന്നു.