
ബോസ്റ്റൺ : ഒഴിവുസമയങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. വിനോദത്തിനൊപ്പം അറിവും കൗതുകവും നിറഞ്ഞ മ്യൂസിയങ്ങളിലേക്കും ലൈബ്രറികളിലേക്കും പോകുന്നവരും കുറവല്ല.
ചരിത്രത്തിന്റെ ശേഷിപ്പുകൾ കാത്തുസൂക്ഷിക്കുന്ന മ്യൂസിയങ്ങളിൽ നിന്ന് കഴിഞ്ഞ കാലത്തെ നമുക്ക് അടുത്തറിയാൻ സാധിക്കും. അതേ സമയം, ചില വിചിത്ര മ്യൂസിയങ്ങളും ലോകത്തിന്റെ പല ഭാഗത്തുണ്ട്. അത്തരത്തിൽ ഒന്നാണ് യു.എസിലെ മസാച്യുസെറ്റ്സിലുള്ള മ്യൂസിയം ഒഫ് ബാഡ് ആർട്ട്.
മികച്ച പെയിന്റിംഗുകൾക്കാണ് ലോകം അംഗീകാരങ്ങൾ നൽകുന്നത്. മോശം ചിത്രങ്ങളെ ആരും മൈൻഡ് പോലും ചെയ്യാറില്ല. എന്നാൽ, കണ്ടാൽ ആകർഷണം തോന്നാത്ത, ആരും അവഗണിക്കുന്ന തരത്തിലെ ഏറ്റവും 'മോശം' ചിത്രങ്ങൾക്കുവേണ്ടിയുള്ളതാണ് മ്യൂസിയം ഒഫ് ബാഡ് ആർട്ട്. മോശമെന്ന് വ്യാഖ്യാനിക്കുന്ന 900 ത്തോളം പെയിന്റിംഗുകളാണ് ഇവിടെ കാണാൻ സാധിക്കുക.
മോശമായി ചിത്രം വരയ്ക്കുന്നവരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് 1994ൽ സ്കോട്ട് വിൽസൺ എന്നയാൾ സ്ഥാപിച്ച ഈ പ്രൈവറ്റ് മ്യൂസിയത്തിന്റെ ലക്ഷ്യം. കാഴ്ചയിൽ ഭംഗിയില്ലെങ്കിലും വളരെ ഗൗരവമുള്ള സാമൂഹ്യ വിഷയങ്ങളെ ആസ്പദമാക്കിയ ചിത്രങ്ങളും ഇവിടെ കാണാം.
ചവറു കൂനയിൽ നിന്ന് ലഭിച്ച ഒരു പെയിന്റിംഗ് ആണ് ഇവിടെ ആദ്യമായി പ്രദർശിപ്പിച്ചത്. മസാച്യൂസെറ്റ്സിലെ ഡെഡ്‌ഡം നഗരത്തിലെ കമ്മ്യൂണിറ്റി ഹാളിന്റെ ബേസ്‌മെന്റിൽ തുടങ്ങിയ ഈ മ്യൂസിയം പ്രസിദ്ധമായതോടെ സോമർവിൽ, ബ്രൂക്ക്‌ലിൻ, സൗത്ത് വെയ്മോത്ത് എന്നീ നഗരങ്ങളിലും പ്രവർത്തിച്ചിരുന്നു. നിലവിൽ ബോസ്റ്റണിലാണ് പ്രവർത്തിക്കുന്നത്.
' ലൂസി ഇൻ ദ ഫീൽഡ് വിത്ത് ഫ്ലവേഴ്സ് ', 'മൊണാലിസ', ' സൺഡെ ഓൺ ദ പോട്ട് വിത്ത് ജോർജ്ജ് ', 'ബോൺ - ജഗ്ഗ്ലിംഗ് ഡോഗ് ഇൻ ഹൂല സ്കേർട്ട് ', മോട്ടിവ്സ് ആൻഡ് ഇന്റർപ്രിറ്റേഷൻസ് ' തുടങ്ങിയവയാണ് ഈ മ്യൂസിയത്തിലെ പ്രധാന മാസ്റ്റർപീസുകൾ.