pakistan

കറാച്ചി: തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച് കടന്നുകയറി ആക്രമണം നടത്തിയ ഇറാന് തിരിച്ചടി നൽകിയെന്ന അവകാശവാദവുമായി പാകിസ്ഥാൻ. ഇറാന്റെ പ്രദേശങ്ങളിലുള്ള ഒന്നിലധികം സ്ഥലങ്ങളിൽ ആക്രമണം നടത്തിയെന്നാണ് പാക് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.എന്നാൽ വിഷയത്തിൽ ഇതുവരെ ഇറാൻ പ്രതികരിച്ചിട്ടില്ല. പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഇറാൻ ആക്രമണം നടത്തി ഒരുദിവസം പിന്നിട്ടപ്പോഴായിരുന്നു തിരിച്ചടി.

Purported videos showing the aftermath of Pakistan's strikes in Iran. pic.twitter.com/VE2FcInKxd

— Hamza Azhar Salam (@HamzaAzhrSalam) January 18, 2024

ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും മൂന്ന് സ്ത്രീകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജെയ്ഷ് അൽ - അദ്ൽ എന്ന ഇറാനിയൻ ഭീകരഗ്രൂപ്പിന്റെ താവളങ്ങൾക്ക് നേരെ നടന്ന ആക്രമണം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കി. ഇറാനിലെ തങ്ങളുടെ അംബാസഡറെ പാകിസ്ഥാൻ തിരികെ വിളിച്ചു. നാട്ടിലേക്ക് പോയ ഇറാൻ അംബാസ‌ഡർ തിരികെ വരുന്നതും വിലക്കി. പാക് വിദേശ മന്ത്രാലയം ശക്തമായ പ്രതിഷേധം ഇറാനെ അറിയിക്കുകയും ചെയ്തു.

സ്വതന്ത്ര ബലൂചിസ്ഥാന് വേണ്ടി വാദിക്കുന്ന തദ്ദേശീയ സുന്നി മുസ്ലീം തീവ്രവാദി ഗ്രൂപ്പായ ജെയ്ഷ് അൽ - അദ്ൽ ഇറാനിലും പാകിസ്ഥാനിലും നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെ ബലൂചിസ്ഥാനിലെ പഞ്ച്ഗുഡിൽ തീവ്രവാദികളുടെ കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ആക്രമണം. ബോംബുകൾ വഹിച്ച ആറ് ഡ്രോണുകളും റോക്കറ്റുകളുമാണ് ഇറാൻ പ്രയോഗിച്ചത്. ആക്രമണത്തിൽ ഒരു പള്ളിയും തകർന്നു.

ഇസ്രയേൽ - ഗാസ സംഘർഷം തുടരുന്നതിനിടെ പാലസ്തീനികളെ അനുകൂലിച്ച് ഇറാൻ സിറിയയിലും ഇറാക്കിലും നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് പാകിസ്ഥാനിലും കടന്നാക്രമിച്ചത്. തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിനുള്ള തിരിച്ചടിയാണെന്ന് ഇറാൻ പറയുന്നു. ജെയ്ഷ് അൽ - അദ്‌‌ലിനെതിരെ കർശന നടപടിയെടുക്കണമെന്ന് ഇറാൻ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു.

പാകിസ്ഥാൻ കാവൽ പ്രധാനമന്ത്രി അൻവാർ ഉൽ ഹഖ് കക്കറും ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ അമീർ - അബ്ദൊള്ളഹയാനും സ്വിറ്റ്സർലൻഡിൽ ലോക സാമ്പത്തിക ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തുകയും പേർഷ്യൻ ഗൾഫിൽ ഇരുരാജ്യങ്ങളുടെയും നാവിക സേന സംയുക്ത സൈന്യകാഭ്യാസം നടത്തുകയും ചെയ്യുന്നതിനിടെയാണ് ആക്രമണം.അതിർത്തിയിൽ ആക്രമണങ്ങൾ നടത്തുന്ന തീവ്രവാദികൾക്ക് അഭയം നൽകുന്നെന്ന് ഇരുരാജ്യങ്ങളും പരസ്പരം പഴിചാരുന്നത് പതിവാണ്.900 കിലോമീറ്റർ വരുന്ന ഇറാൻ - പാകിസ്ഥാൻ അതിർത്തി വളരെക്കാലമായി സംഘർഷ ഭരിതമാണ്.